പി. പി. ചെറിയാനെ മാധ്യമശ്രീ അവാര്‍ഡിന് പരിഗണിക്കണം

പി. പി. ചെറിയാനെ  മാധ്യമശ്രീ അവാര്‍ഡിന്  പരിഗണിക്കണം

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക മലയാളി മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാധ്യമശ്രീ, മാധ്യമ രത്‌ന, തുടങ്ങി 11-ല്‍ പരം അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നവരുടെ പട്ടികയിൽ ഡാളസിൽ നിന്നുള്ള മുതിർന്ന മാധ്യമപ്രവർത്തകൻ പി പി ചെറിയാനെ ഉൾപ്പെടുത്തണമെന്ന് ജസ്റ്റിസ് ഫോർ ഓൾ സ്ഥാപകൻ തോമസ് കൂവള്ളൂർ ആവശ്യപ്പെട്ടു
ഒരു വായനക്കാരന്‍ എന്ന നിലയ്ക്ക് എന്റെ അഭിപ്രായത്തില്‍ ടെക്‌സാസില്‍ നിന്നുള്ള പി. പി. ചെറിയാനെപ്പോലെ അമേരിക്കയുടെ വടക്കും, കിഴക്കും, പടിഞ്ഞാറും, തെക്കും നടക്കുന്ന വാര്‍ത്തകള്‍ തിരഞ്ഞുപിടിച്ച് അവയുടെ പ്രാധാന്യം മനസ്സിലാക്കി നല്ല രീതിയില്‍ വാര്‍ത്തയാക്കി വായനക്കാരുടെ മുമ്പില്‍ എത്തിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് എടുത്തുപറയത്തക്ക ഒന്നാണ്.

ഈയിടെ 20 പേരുടെ മരണത്തിനു കാരണമായ ന്യൂയോര്‍ക്കിലെ ഷോഹാരിയില്‍ നടന്ന ലിമോസിന്‍ ആക്‌സിഡന്റ് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റപ്പെട്ട വാഹനാപകടമാണെന്ന് അമേരിക്കയില്‍ മാധ്യമരംഗത്ത് അറിയപ്പെടുന്ന എന്‍.ബി.സി. ന്യൂസ് വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. ആ വാര്‍ത്തയുടെ പ്രാധാന്യം മനസ്സിലാക്കി പ്രസ്തുത വാര്‍ത്ത വേണ്ടവിധത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകരെന്നു സ്വയം അഭിമാനിക്കുന്ന, നിരവധി മാധ്യമ പ്രവര്‍ത്തകരുള്ള, ന്യൂയോര്‍ക്കിലെ ഒറ്റ മാധ്യമ പ്രവര്‍ത്തകന്‍ വരെ മുമ്പോട്ടു വന്നില്ല എന്നുള്ളതാണ് വാസ്തവം. അതേസമയം ടെക്‌സാസില്‍ താമസക്കാരനായ പി.പി. ചെറിയാന്‍ പ്രസ്തുത വാര്‍ത്ത പഠിച്ച ശേഷം അര്‍ഹിക്കുന്ന പ്രാധാന്യത്തോടുകൂടി നല്ലൊരുവാര്‍ത്തയാക്കി പ്രവാസി മലയാളി വായനക്കാരുടെ മുമ്പില്‍ എത്തിച്ചു എന്നുള്ളതാണ് സത്യം.

കേരളത്തിലുള്ള ജോണ്‍ ബ്രിട്ടാസിനെപ്പോലെയും, ടി.എന്‍. ഗോപകുമാര്‍, എന്‍. പി. രാജേന്ദ്രന്‍ തുടങ്ങിയ പ്രമുഖ മാധ്യമ പ്രവര്‍ത്തകരെപ്പോലെ മുഴുവന്‍ സമയവും മാധ്യമരംഗത്തു പ്രവര്‍ത്തിക്കുന്ന ഒരാളല്ല പി. പി. ചെറിയാന്‍ എന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു. ഉപജീവനത്തിനു വേണ്ടി ഫുള്‍ടൈം ജോലി ഉണ്ടെങ്കില്‍ കൂടി വിശ്രമസമയത്ത് പ്രവാസി മലയാളികള്‍ക്കു വേണ്ടി യാതൊരു പ്രതിഫലവുമില്ലാതെ മെനക്കെട്ടു വാര്‍ത്തയെഴുതുന്ന പി. പി. ചെറിയാനെപ്പോലുള്ള മാധ്യമപ്രവര്‍ത്തകരെയാണ് ഇനിയെങ്കിലും പ്രോത്സാഹിപ്പിക്കാന്‍ അമേരിക്കയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ തലപ്പത്തുള്ളവര്‍ ശ്രമിക്കേണ്ടത്. അല്ലാതെ കേരളത്തിലെ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന അതികായന്മാരെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്നത് ഒരര്‍ത്ഥത്തില്‍ നിരുത്സാഹപ്പെടുത്തുകയാണ് വേണ്ടത്.
ചുരുക്കത്തില്‍ പി. പി. ചെറിയാനെപ്പോലെ പ്രവാസി മലയാളികള്‍ക്കു വേണ്ടി മാധ്യമരംഗത്തു പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കാനുള്ള വിവേകം ഇനിയെങ്കിലും ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഭാരവാഹികള്‍ക്ക് ഉണ്ടാകട്ടെ എന്ന പ്രത്യാശയോടെ, പി. പി. ചെറിയാന് എല്ലാ ഭാവുകങ്ങളും നേര്‍ന്നുകൊള്ളുന്നു.

തോമസ് കൂവള്ളൂര്‍

Share This Post