പിറവം പള്ളി തര്‍ക്കത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പോ ? ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

പിറവം പള്ളി തര്‍ക്കത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പോ ? ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: പിറവം പള്ളിയുമായി ബന്ധപ്പെട്ട തര്‍ക്ക കേസില്‍ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിൽ സർക്കാരിന് ഇരട്ടത്താപ്പെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.

ശബരിമലയിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ ആയിരക്കണക്കിന് പൊലിസിനെ സർക്കാർ വിന്യസിക്കുന്നുണ്ട്. എന്നാല്‍, പിറവത്ത് 200 പേർക്ക് സംരക്ഷണം നൽകാതിരിക്കാൻ പറയുന്ന ന്യായങ്ങൾ കോടതിക്കും സാധാരണക്കാർക്കും മനസിലാകുന്നില്ലെന്ന് കോടതി പറഞ്ഞു. പിറവം വിഷയം ഒത്തുതീർക്കാൻ ചർച്ച നടത്തുന്ന സർക്കാർ ശബരിമല വിഷയത്തിൽ എന്തുകൊണ്ട് ചർച്ച നടത്തുന്നില്ലെന്നും കോടതി ചോദിച്ചു.
നൂറു വര്‍ഷത്തോളമായി തുടരുന്ന, യഥാര്‍ത്ഥ മലങ്കരസഭാ വിഭാഗം ഏതെന്ന ഓര്‍ത്തഡോക്സ് – യാക്കോബായ സഭകളുടെ തര്‍ക്കത്തില്‍ ബഹു.സുപ്രീം കോടതി വിധി പ്രകാരം ഓർത്തഡോക്സ് പക്ഷത്തിനായിരുന്നു വിജയം. 2017 ജൂലൈ 3-ലെ വിധി പ്രകാരം യഥാർത്ഥ മലങ്കരസഭ ഓര്‍ത്തഡോക്സ് വിഭാഗമാണെന്നാണ് സുപ്രീം കോടതി വിധിച്ചത്. ഇതോടെ ഓര്‍ത്തഡോക്സ് വിഭാഗത്തിന്‍റെ പ്രതിനിധിസഭയേയും മലങ്കരസഭയുടെ അധിപനായി പരിശുദ്ധ കാതോലിക്കാ ബാവായെയെയും കോടതി അംഗീകരിച്ചു. 1934-ൽ രൂപീകൃതമായ ഭരണഘടനയനുസരിച്ച് മലങ്കര സഭയിലെ 1064 ഇടവകപള്ളികളും ഭരിക്കപ്പെടണമെന്നും കോടതി വിധിച്ചു.

ഇടവക പള്ളിയുടെ വികാരിയായി ഒരു വൈദികനെ നിയമിക്കാനുള്ള അധികാരം നിയമപരമായി ഇപ്പോൾ മലങ്കര ഓർത്തഡോക്സ് സഭയ്ക്കാണ്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഇടവകയിലെ യാക്കോബായ അംഗങ്ങളിലെ ഒരു വിഭാഗം തയ്യാറായിട്ടില്ല.

ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ വിധി നടപ്പാക്കാന്‍ ശ്രമിക്കാതെ എന്തിന് അനുരജ്ഞന ശ്രമം നടത്തുന്നു എന്ന് കോടതി ചോദിച്ചു. നിങ്ങളുടെ അജണ്ട നടപ്പിലാക്കാൻ കോടതിയെ കൂട്ടുപിടിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി അഡ്വക്കേറ്റ് ജനറലിനോട് പറഞ്ഞു.
പിറവം പള്ളിക്കേസില്‍ സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധി ഉണ്ടായെങ്കിലും നടപ്പാക്കി കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളാണ് ഹൈക്കോടതിയെ സമീപിച്ചത്. അനുരഞ്ജന ചര്‍ച്ച നടത്തുകയല്ല കോടതിവിധി നടപ്പാക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. മറ്റുചില കേസുകളില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കാതെ മറ്റുമാര്‍ഗമില്ലെന്ന് പറയുന്ന സര്‍ക്കാര്‍ പിറവം കേസില്‍ എന്തുകൊണ്ട് ഈ നിലപാട് സ്വീകരിക്കുന്നുവെന്നും ഹൈക്കോടതി ആരാഞ്ഞു.

സത്യത്തിനു നീതിക്കും ഇവിടെ എന്താണ് സ്ഥാനം ഉള്ളത് കോടതി വിധികൾ പാടെ അവഗണിക്കുന്ന ഒരു പ്രവണത കണ്ടുവരുന്നു. കോടതിവിധികൾ നടത്തുവാൻ ഉത്തരവാദിത്തം ഉള്ള സർക്കാരുകൾ അതിനെ പാടെ അവഗണിക്കുകയും കേവലം നോക്കുകുത്തിയായി നിൽക്കുകയും ചെയ്യുന്നു. ഈ പ്രവണത മുന്നോട്ടു പോയാൽ രാജ്യത്തെ നീതിന്യായ വ്യവസ്ഥിതി പാടെ തകരും.

Share This Post