ന്യൂയോര്‍ക്ക് സിറ്റി ഹാളില്‍ ദീപാവലി ആഘോഷം വര്‍ണ്ണാഭമായി

ന്യൂയോര്‍ക്ക് സിറ്റി ഹാളില്‍ ദീപാവലി ആഘോഷം വര്‍ണ്ണാഭമായി

ന്യൂയോര്‍ക്ക്: ദീപങ്ങളുടെ ആഘോഷമായ ദീപാവലി ന്യൂയോര്‍ക്ക് സിറ്റി ഹാളില്‍ നവംബര്‍ ഒന്നാംതീയതി സമുചിതമായി ആഘോഷിച്ചു. സിറ്റി കൗണ്‍സിലിലെ അംഗങ്ങള്‍ ഒത്തൊരുമിച്ച്, പ്രത്യേകിച്ച് സിറ്റി കൗണ്‍സില്‍ അംഗം നേറി ലാന്‍സ്മാന്റെ നേതൃത്വത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി. ആനദിത ഗുഹയുടെ ദേശീയ ഗാനാലാപനത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു. തുടര്‍ന്ന് ഡോ. കൃഷ്ണ പ്രതാപ് ഡിഫിക്തിന്റെ ലോക സമാധാന പ്രാര്‍ത്ഥനയും, വിളക്ക് കൊളുത്തല്‍ ചടങ്ങും നടന്നു. നയനാനന്ദകരമായ നന്ദിനി ചക്രവര്‍ത്തിയുടെ നൃത്തം കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി.

ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സന്ദീപ് ചക്രവര്‍ത്തി ദിപാവലിയെക്കുറിച്ച് ലഘുപ്രഭാഷണം നടത്തി. മഹാരാഷ്ട്രയില്‍ നിന്ന് അതിഥിയായി എത്തിയ ഗ്രാമീണ വികസന വകുപ്പ് മന്ത്രി പങ്കജ മുണ്ടേയുടെ പ്രസംഗം പരിപാടികള്‍ക്കു മാറ്റുകൂട്ടി. സാമൂഹ്യസേവനത്തിനുള്ള അവാര്‍ഡ് ഇന്ത്യ, ഗയാന, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നെത്തിയ മോഹന്‍ ചേത്തരി, റിച്ചാര്‍ഡ് ഡേവിഡ്, ഡോ. സുനില്‍ മെഹ്‌റ എന്നിവര്‍ക്ക് നല്‍കി.

നേപ്പാള്‍ കോണ്‍സുലേറ്റ് ജനറല്‍ പുഷ്പ ബട്ടാരി, ഗയാന കോണ്‍സുലേറ്റ് ജനറല്‍ ബാര്‍ബര അതേര്‍ലി എന്നിവര്‍ സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയുണ്ടായി. ഒടുവിലത്തെ ഇനമായ മസാല ബാങ്ക്‌റ ഡാന്‍സ് പരിപാടികള്‍ക്ക് തിലകക്കുറി ചാര്‍ത്തി.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. മലയാളികളെ പ്രതിനിധാനം ചെയ്ത് പോള്‍ കറുകപ്പള്ളിയും, ലീലാ മാരേട്ടും ചടങ്ങില്‍ പങ്കെടുത്തു. സ്‌നേഹവിരുന്നോടെ എട്ടുമണിക്ക് പരിപാടികള്‍ സമാപിച്ചു.

ജോയിച്ചന്‍ പുതുക്കുളം

Share This Post