മുരളീധരന് ഹിന്ദുക്കളെ പുറകില്‍ നിന്ന് കുത്തിയ പാരമ്പര്യം: ശ്രീധരന്‍ പിള്ള

എടപ്പാള്‍: മാറാട് ഹിന്ദുക്കള്‍ കൊലചെയ്യപ്പെട്ടപ്പോള്‍ പുറകില്‍നിന്ന് കുത്തിയ പാരമ്പര്യമാണ് കെപിസിസി പ്രസിഡന്റായിരുന്ന് കെ മുരളീധരനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. അന്ന് ഹിന്ദുക്കളെ സഹായിച്ച നേതാവിനെ മുക്കാലില്‍ കെട്ടി അടിക്കണമെന്നും പറഞ്ഞതും ഉദ്ദേഹമാണ്. ഈ നേതാവിന്റെ ഭാവി എന്തായിരിക്കുമെന്ന് രാഷ്ട്രീയ കേരളം നിശ്ചയിക്കും . എന്‍ഡിഎയുടെ ശബരിമല സംരക്ഷണ രഥയാത്രക്ക് എടപ്പാളി്ല്‍ ലഭിച്ച സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള. അച്ഛന് മൂത്രശങ്ക വന്നപ്പോള്‍ സൃഷ്ടിക്കപ്പെട്ട രാഷ്ട്രീയ പാരമ്പര്യം അല്ല ഞങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു.

ആരാധന മനുഷ്യന്റെ മൗലിക അവകാശമാണ് ..ഇത് സ്വയംഭൂവായ സമരമാണ് . ആത്മവിശ്വാസമാണ് ഈ സമരത്തിന്റെ മര്‍മ്മം. അത് തന്നെയാണ് ഇതിന്റെ വിജയവും . സി .പി .എം ഉം കോണ്‍ഗ്രസ്സും ഒരമ്മ പെറ്റ ഇരട്ട മക്കളെ പോലെയാണ് പെരുമാറുന്നത് . സി .പി .എം നു മാധ്യമ പ്രവര്‍ത്തകരുടെ പേരില്‍ ഒരു ഫാക്ഷന്‍ ഉണ്ടാക്കി അവരുടെ മേല്‍ നുകം വച്ച് അവരെ കൂടുതലായി മറ്റുള്ളവര്‍ക്കെതിരെ പ്രവര്‍ത്തിപ്പിക്കുകയാണ് . പിണറായി ആധുനിക സ്റ്റാലിന്‍ ആയി മാറിയിരിക്കുന്നു.ശ്രീധരന്‍ പിള്ള ആരോപിച്ചു.

ഇടതു വലതു മുന്നണികള്‍ ഹിന്ദുക്കള്‍ക്കെതിരെ: തുഷാര്‍
ഇടതു വലതു മുന്നണികള്‍ ഹിന്ദുക്കള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു . മോദി വന്നതിനുശേഷം മത ജാതി ലഹളകളും , അക്രമങ്ങളും ഇല്ലാതായി . എന്നാല്‍ കേരളത്തിലെ സിപിഎം ഭരണം ഹിന്ദുക്കളെ ജന്തുക്കളെപോലെയാണ് നേരിടുന്നത് . ഹിന്ദുക്കള്‍ പുറമ്പോക്കില്‍ കിടക്കണമെന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു .
ഹിന്ദുക്കളെ മുന്നോക്ക പിന്നോക്ക ജാതി തിരിച്ചു ലഹളകള്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത് . ഹിന്ദു വിധവകള്‍ക്കുപോലും മതപരമായ വിവേചനം നേരിടുന്നു , ന്യൂന്യപക്ഷ വിധവകള്‍ക്കു ലഭിക്കുന്ന പെന്‍ഷന്‍ പോലും അവര്‍ക്കു നല്‍കാതെ അവരെ തെരുവിലേക്കിറക്കുന്നു . ഇന്നു ഹിന്ദു സമൂഹത്തിനാണെങ്കില്‍ നാളെ അത് ക്രിസ്ത്യന്‍ മുസ്ലിം സഹോദരങ്ങള്‍ക്കും അവരുടെ വിശ്വാസങ്ങള്‍ക്കും ഇതു നേരിടേണ്ടി വരുമെന്നും തുഷാര്‍ വെള്ളാപ്പള്ളി ഓര്‍മിപ്പിച്ചു . അന്യസംസ്ഥാനത്തുനിന്നും വിദേശത്തു നിന്നും വരുന്ന അയ്യപ്പ ഭക്തന്‍മാര്‍ എങ്ങിനെ പോലീസ് പാസോടെയും ശബരിമലയില്‍ വരണമെന്നാണ് പിണറായി വിജയന്‍ പറയുന്നത് . ഇത്തരത്തിലുള്ള അനാവശ്യമായ തീരുമാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയെ പറ്റൂ . പിണറായി സര്‍ക്കാര്‍ കേരളത്തിലെ ഹിന്ദുക്കളെമുഴുവന്‍ അനാവശ്യമായി ജയിലടച്ചു ഇ സമരത്തെ പൊളിക്കാം എന്നാണ് വിചാരിച്ചതെങ്കില്‍ നടക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു .

ജാഥാ കോര്‍ഡിനേറ്റര്‍ എ എന്‍ രാധാകൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി.ബി ഡി ജെ സ് ജില്ലാപ്രസിഡന്റ് ദാസന്‍ കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. എന്‍ഡിഎ നേതാക്കളായ പി കെ കൃഷ്ണദാസ്, എം ടി രമേശ്, കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, കെപിഎംഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ നീലകണ്ഠന്‍ മാസ്റ്റര്‍, സുഭാഷ് വാസു, രാജന്‍ കണ്ണാട്ട്, ടി വി ബാബു, കെ കെ പൊന്നപ്പന്‍, വി ഗോപകുമാര്‍, പത്മകുമാര്‍, കുരുവിള മാത്യൂസ്, സന്തോഷ് അരയക്കണ്ടി, എന്‍ ശിവരാജന്‍, ഡോ പി പി വാവ, പ്രമീളാ സി നായ്ക്, പിഎം വേലായുധന്‍, കെ പി ശ്രീശന്‍, ബി ഗോപാലകൃഷ്ണന്‍, പ്രൊഫ വി ടി രമ, പ്രകാശ് ബാബു, വി കെ സജീവന്‍, കെ രാമചന്ദ്രന്‍ ,രവി തേലത്തു , കെ നാരായണന്‍ മാസ്റ്റര്‍ , കെ പി മാധവന്‍ , ഗീത മാധവന്‍ ,എം പ്രേമന്‍ മാസ്റ്റര്‍ , രാജീവ് കല്ലം മുക്ക് , കെപി അശോകന്‍ എന്നിവര്‍ നേതൃത്വം നല്‍കി .

Share This Post