എം.ഐ ഷാനവാസ് എം.പിയുടെ നിര്യാണത്തില്‍ ഐ.ഒ.സി കേരള അനുശോചനം രേഖപ്പെടുത്തി

എം.ഐ ഷാനവാസ് എം.പിയുടെ നിര്യാണത്തില്‍ ഐ.ഒ.സി കേരള അനുശോചനം രേഖപ്പെടുത്തി

ഷിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എസ്.എ കേരളാ ചാപ്റ്ററിന്റെ പ്രത്യേക യോഗം പ്രസിഡന്റ് ആര്‍. ജയചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവും എം.പിയും, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമായ എം.ഐ ഷാനവാസിന്റെ അകാല നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് കോഴിക്കോട് യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രസിഡന്റ്, കെ.എസ്.യു , യൂത്ത് കോണ്‍ഗ്രസ്, വിവിധ ട്രേഡ് യൂണിയനുകള്‍, ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് തുടങ്ങി വിവിധ നിലയില്‍ കേരള രാഷ്ട്രീയത്തിലെ സുപ്രധാന നേതാവായി ഉയര്‍ന്ന് കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തെ രാഷ്ട്രീയ ജീവിതത്തില്‍ കഴിവും, സാമര്‍ത്ഥ്യവും, പ്രവര്‍ത്തന മികവുംകൊണ്ട് ജന മനസ്സില്‍ തങ്ങിനില്‍ക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ശ്രീ ഷാനവാസ് എന്നു യോഗത്തില്‍ സംസാരിച്ച എല്ലാ നേതാക്കളും വിലയിരുത്തി. നല്ലൊരു പാര്‍ലമെന്റേറിയനും, ജനോപകാരപ്രദമായ അനേകം സംരംഭങ്ങളിലൂടെ കേരളത്തിനും ഭാരതത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിമതിക്കാനാവാത്തതാണ്.

യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നാഷണല്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, നാഷണല്‍ ട്രഷറര്‍ ജോസ് ചാരുമൂട്, കേരളാ ചാപ്റ്റര്‍ വൈസ് ചെയര്‍മാന്‍ തോമസ് മാത്യു, ജനറല്‍ സെക്രട്ടറിമാരായ യു.എ. നസീര്‍, സന്തോഷ് നായര്‍, വൈസ് പ്രസിഡന്റുമാരായ ലീല മാരേട്ട്, സതീശന്‍ നായര്‍, ഫ്‌ളോറിഡ ചാപ്റ്റര്‍ പ്രസിഡന്റ് സജി കരിമ്പന്നൂര്‍, മുന്‍ മിഡ് വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് പോള്‍ പറമ്പി, ഓര്‍ലാന്റോയില്‍ നിന്നും സ്കറിയ കല്ലറയ്ക്കല്‍, രാജന്‍ പടവത്തില്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ ശ്രീ ഷാനവാസിനെ അനുസ്മരിച്ച് സംസാരിച്ചു. കഴിഞ്ഞ കാലഘട്ടങ്ങളില്‍ ഐ.എന്‍.ഒ.സിയുടേയും, ഐ.ഒ.സിയുടേയും നേതൃനിരയിലുള്ള ഓരോ പ്രവര്‍ത്തകര്‍ക്കും ശ്രീ ഷാനവാസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാനുണ്ടായിരുന്ന അവസരങ്ങളേക്കുറിച്ചും, അദ്ദേഹത്തിന്റെ നിസീമമായ സഹായ സഹകരണങ്ങളെക്കുറിച്ചും ഓരോരുത്തരും വിശദീകരിച്ചു. യു.എ. നസീര്‍ നന്ദി പറഞ്ഞു. ഷാനവാസിന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട് യോഗം പര്യവസാനിച്ചു.

തോമസ് പടന്നമാക്കല്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post