മാര്‍ക് കുടുംബസംഗമവും റെസ്പിരേറ്ററി കെയര്‍ വാരാഘോഷവും പ്രൗഢംഗംഭീരമായി

മാര്‍ക് കുടുംബസംഗമവും റെസ്പിരേറ്ററി കെയര്‍ വാരാഘോഷവും പ്രൗഢംഗംഭീരമായി

ഇല്ലിനോയി സംസ്ഥാനത്തിലെ മലയാളി റെസ്പിരേറ്ററി തെറാപ്പിസ്റ്റുകളുടെ പ്രൊഫണല്‍ സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയര്‍ (മാര്‍ക്) 2018-ലെ റെസ്പിരേറ്ററി കെയര്‍ വാരാഘോഷവും വാര്‍ഷിക കുടുംബ സംഗമവും സംയുക്തമായി ആഘോഷിച്ചു. മാര്‍ക് പ്രസിഡന്റ് യേശുദാസ് ജോര്‍ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വച്ച് ഉല്ലിനോയി സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ വംശജനായ റാം വള്ളിവലം പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

ആരോഗ്യരംഗത്തെ നിരവധി പ്രശ്‌നങ്ങള്‍ക്ക് സെനറ്റിലെ നിയമനിര്‍മാണത്തിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്നു അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ വാഗ്ദാനം നല്കി. പ്രസന്‍സ് ഹോളിഫാമിലി മെഡിക്കല്‍ സെന്റര്‍ ക്ലിനിക്കല്‍ ഓപ്പറേഷന്‍സ് ഡയറക്ടറായ ഷിജി അലക്‌സ് മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ കോര്‍ഡിനേറ്റര്‍ സ്കറിയാക്കുട്ടി തോമസ് സ്വാഗതവും വൈസ് പ്രസിഡന്റ് സമയാ ജോര്‍ജ് കൃതജ്ഞതയും രേഖപ്പെടുത്തിയ യോഗത്തില്‍ സെക്രട്ടറി ജോസഫ് റോയിയും, ബോര്‍ഡ് അംഗം ടോം കാലായിലും എം.സിമാരായി പ്രവര്‍ത്തിച്ചു.

ഇല്ലിനോയി റെസ്പിരേറ്ററി രംഗത്തെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളെ മാനിച്ച് ലിസാ സാങ്കേര്‍ക്കര്‍ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സമ്മാനിച്ചു. ഇല്ലിനോയിയിലെ നിരവധി സ്ഥാപനങ്ങളില്‍ നേതൃത്വപദവി അലങ്കരിക്കുന്ന മുപ്പതില്‍പ്പരം തെറാപ്പിസ്റ്റുകളെ ചടങ്ങില്‍ ആദരിച്ചത് മലയാളി റെസ്പിരേറ്ററി തെറാപ്പിസ്റ്റുകള്‍ ഈരംഗത്ത് കൈവരിച്ച നേട്ടങ്ങളുടെ നേര്‍ക്കാഴ്ചയായി. ഈ രംഗത്തേക്ക് പുതുതായി കടന്നുവന്ന തെറാപ്പിസ്റ്റുകളേയും, വിരമിക്കുന്ന തെറാപ്പിസ്റ്റുകളേയും ചടങ്ങില്‍ അനുമോദിച്ചു. പ്രസ്തുത ചടങ്ങുകള്‍ക്ക് ജസ്സി റിന്‍സി, സനീഷ് ജോര്‍ജ്, ഷൈനി ഹരിദാസ് എന്നിവര്‍ നേതൃത്വം നല്‍കി.

എന്റര്‍ടൈമെന്റ് കമ്മിറ്റി അംഗങ്ങളായ സമയാ ജോര്‍ജ്, സോണിയാ വര്‍ഗീസ് എന്നിവര്‍ ക്രമീകരിച്ച മാര്‍ക്ക് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ ആഘോഷപരിപാടികള്‍ക്ക് മാറ്റുകൂട്ടി. മാര്‍ക് കായികമേളയില്‍ സമ്മാനാര്‍ഹരായ കുട്ടികള്‍ക്കുള്ള ട്രോഫികള്‍ സമ്മേളനത്തില്‍ വിതരണം ചെയ്തു. തുടര്‍ന്നു സ്‌പോണ്‍സര്‍മാരായ ഡോ. അബി ഏബ്രഹാം, വാല്യൂമെഡ്, റെഞ്ചി വര്‍ഗീസ് എന്നിവരെ സദസിന് പരിചയപ്പെടുത്തി.

സംഘാടന മികവിനും മാര്‍ക് കുടുംബാംഗങ്ങളുടെ കൂട്ടായ്മയ്ക്കും ഉദാഹരണമായി മാറിയ ഈ പരിപാടികള്‍ക്ക് ജനറല്‍ കോര്‍ഡിനേറ്റേഴ്‌സായ സ്കറിയാക്കുട്ടി തോമസ്, സമയാ ജോര്‍ജ് എന്നിവരോടൊപ്പം മാര്‍ക് ഭാരവാഹികളായ യേശുദാസ് ജോര്‍ജ്, ജോസഫ് റോയി, അനീഷ് ചാക്കോ, ഷാജന്‍ വര്‍ഗീസ്, സണ്ണി കൊട്ടുകാപ്പള്ളില്‍, രാമചന്ദ്രന്‍ ഞാറക്കാട്ട്, ജോര്‍ജ് വയനാടന്‍, മാക്‌സ് ജോയി, ഗീതു ജേക്കബ്, സാം തുണ്ടിയില്‍, റെജിമോന്‍ ജേക്കബ്, ജോസ് ജോസഫ്, സനീഷ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.

റോയി ചേലമലയില്‍ (സെക്രട്ടറി, മാര്‍ക്).

Share This Post