ഐ.എന്‍.എ.ഐ ഫാര്‍മക്കോളജി സെമിനാര്‍ വിജയകരം

ഐ.എന്‍.എ.ഐ ഫാര്‍മക്കോളജി സെമിനാര്‍ വിജയകരം

ചിക്കാഗോ: ഇന്ത്യന്‍ നഴ്‌സുമാരുടെ ഇല്ലിനോയിയിലെ പ്രൊഫഷണല്‍ സംഘടനയായ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി (ഐ.എന്‍.എ.ഐ) നഴ്‌സുമാര്‍ക്ക് കാലോചിതവും പ്രയോജനകരവുമായ അനേകം പരിപാടികള്‍ നടത്തിവരുന്നു. അമേരിക്കന്‍ ആരോഗ്യരംഗത്ത് നിര്‍ണ്ണായ പ്രാതിനിധ്യം കണ്ടെത്തുന്നതില്‍ ഇന്ത്യന്‍ നഴ്‌സുമാര്‍ ഏറെ മുന്നിലായിരിക്കുന്നു. നഴ്‌സസ് പ്രാക്ടീഷണര്‍ വാരാഘോഷത്തോടനുബന്ധിച്ച് എല്ലാ പ്രാക്ടീഷണര്‍മാര്‍ക്കും അസോസിയേഷന്‍ ആശംസകള്‍ അറിയിച്ചു. ഇതോടനുബന്ധിച്ച് എല്ലാ മേഖലകളിലും സേവനം അനുഷ്ഠിക്കുന്ന നഴ്‌സുമാര്‍ക്കായി ഫാമര്‍ക്കോളജി സെമിനാറും സംഘടിപ്പിച്ചു.

നവംബര്‍ 17-ന് സ്‌കോക്കിയിലുള്ള ഹോളിഡേ ഇന്നില്‍ നടന്ന ആഘോഷങ്ങളും സെമിനാറും പ്രസിഡന്റ് ബീന വള്ളിക്കളം ഉദ്ഘാടനം ചെയ്തു. എഡ്യൂക്കേഷന്‍, പ്രാക്ടീസ്, ലീഡര്‍ഷിപ്പ്, മാര്‍ഗ്ഗനിര്‍ദേശങ്ങള്‍, ആരോഗ്യരംഗത്തെ മാറ്റങ്ങള്‍, തൊഴില്‍ സാധ്യതകള്‍, ആശയവിനിമയം, സമൂഹ നന്മയ്ക്കായുള്ള പരിപാടികള്‍ എന്നിവ ലഭ്യമാക്കാന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. റജീന സേവ്യര്‍ (എക്‌സി. വൈസ് പ്രസിഡന്റ്), റാണി കാപ്പന്‍ (വൈസ് പ്രസിഡന്റ്), സൂനീന ചാക്കോ (സെക്രട്ടറി), ലിസി പീറ്റേഴ്‌സ് (ട്രഷറര്‍), ഡോ. സിമി ജെസ്റ്റോ (എ.പി.എന്‍ ഫോറം ചെയര്‍പേഴ്‌സണ്‍), ഡോ. സൂസന്‍ മാത്യു (എഡ്യൂക്കേഷന്‍ ചെയര്‍പേഴ്‌സണ്‍), ഡോ. റജീന ഫ്രാന്‍സീസ് (കോണ്‍ഫറന്‍സ് പ്ലാനര്‍) എന്നിവരും ഉദ്ഘാടന വേദിയില്‍ സന്നിഹിതരായിരുന്നു.

അതത് മേഖലകളില്‍ പ്രാവീണ്യം തെളിച്ചവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുത്തു. പ്രസന്‍സ് ഹെല്‍ത്തില്‍ ഇന്റര്‍നാഷണല്‍ ന്യൂറോളജിസ്റ്റ് ആയ ഡോ. ധ്രുവില്‍ പാണ്ഡ്യ മുഖ്യ പ്രഭാഷണം നടത്തി. ഡോ. ബിനോയ് ജോര്‍ജ്, ആന്‍ ലൂക്കോസ്, ഷിജി അലക്‌സ്, സുനീന ചാക്കോ, ജൂബി വള്ളിക്കളം, റജീന സേവ്യര്‍ എന്നിവര്‍ ക്ലാസുകള്‍ എടുത്തു. ദൈനംദിന പ്രൊഫഷണല്‍ പ്രാക്ടീസ് രംഗത്ത് നൈപുണ്യം കൂടുവാനുതകുന്നതായിരുന്നു സെമിനാര്‍ എന്നു പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഈ സംഘടന ഏറ്റെടുക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടേയും വിജയത്തിനു പിന്നില്‍ എല്ലാ ഭാരവാഹികളുടേയും കൂട്ടായ പ്രവര്‍ത്തനവും സംഘടനാപാടവവുമാണ്. ഈ പ്രൊഫഷണല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്ന ഏവര്‍ക്കും നന്ദി അറിയിക്കുന്നതോടൊപ്പം തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുവാന്‍ ഇല്ലിനോയിയിലെ എല്ലാ നഴ്‌സുമാരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഷിജി അലക്‌സ് അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post