ഡോള്‍ഫിന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; വിവരം നല്‍കുന്നവര്‍ക്ക് 5300 ഡോളര്‍ (മൂന്നര ലക്ഷം രൂപ) പ്രതിഫലം

ഡോള്‍ഫിന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; വിവരം നല്‍കുന്നവര്‍ക്ക് 5300 ഡോളര്‍ (മൂന്നര ലക്ഷം രൂപ) പ്രതിഫലം

കാലിഫോര്‍ണിയ: കലിഫോര്‍ണിയ മന്‍ഹാട്ടന്‍ ബീച്ചില്‍ വെടിയേറ്റ് ഡോള്‍ഫിന്‍ കൊല്ലപ്പെട്ടു. ഡോള്‍ഫിനെ വെടിവെച്ച പ്രതിയെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 5300 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു.മറൈന്‍ അനിമല്‍ റസ്ക്യു പ്രസിഡന്റ് പീറ്റര്‍ വാള്‍സ്റ്റെയ്‌നാണ് മന്‍ഹാട്ടന്‍ ബീച്ചിലെ വെള്ളത്തിന് സമീപം മണല്‍പരപ്പില്‍ ഡോള്‍ഫിന്‍ വെടിയേറ്റു കിടക്കുന്നത് ആദ്യം കണ്ടത്.

ഉടനെ അടുത്തുള്ള മറൈന്‍ മാമല്‍ സെന്ററില്‍ കൊണ്ടു പോയി എക്‌സറെ പരിശോധ നടത്തിയപ്പോഴായിരുന്നു വെടിയേറ്റ ബുള്ളറ്റ് ശരീരത്തില്‍ കണ്ടെത്തിയത്. ഡോള്‍ഫിന്റെ മരണം വെടിയേറ്റതു മൂലമാണെന്ന് മൃഗഡോക്ടര്‍ സ്ഥിരീകരിക്കുകയും ചെയ്തു.ബോട്ടില്‍ യാത്ര ചെയ്ത ആരോ വെടിവെച്ചതാകാം എന്ന നിഗമനത്തിലാണ് പീറ്റര്‍. ഡോള്‍ഫിനെ വെടിവെച്ചിട്ടത് വളരെ ക്രൂരമായെന്നും ഇതിന് മാപ്പ് നല്‍കാനാവില്ലെന്നും പീറ്റര്‍ പറഞ്ഞു.കഴിഞ്ഞ വാരാന്ത്യമായിരുന്നു സംഭവം.

ഡോള്‍ഫിന് എന്നാണ് വെടിയേറ്റതെ ന്നോ, ആരാണോ വെടിവെച്ചതെന്നോ അന്വേഷിച്ചു കൊണ്ടിരിക്കയാണെന്നും ഫെഡറല്‍ ഗവണ്‍മെന്റ് നാഷണല്‍ മറൈന്‍ ഫിഷറീസ് സര്‍വീസ് അറിയിച്ചു. വാര്‍ത്ത വൈറലായതിനെ തുടര്‍ന്ന് വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ചിലര്‍ പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തു.

വിവരം ലഭിക്കുന്നവര്‍ ലോങ്ങ് ബീച്ച് ഫീല്‍ഡ് ഓഫീസിനെ 562 980 4000 നമ്പറിലോ, 1800 399 4253 നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.

Share This Post