ഡി എം എ ക്രിസ്തുമസ് പുതുവത്സര ആഘോഷം

ഡി എം എ ക്രിസ്തുമസ് പുതുവത്സര ആഘോഷം

ഡിട്രോയിറ്റ്: മനോഹരങ്ങളായ ജലാശയങ്ങള്‍ നീലിമയേകുന്ന മിഷിഗണിലെ ഹൃദയ ഭൂമികയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് സൗത്ത് ഫീല്‍ഡ് സീറോ മലബാര്‍ പള്ളിയങ്കണം ഡിസംബര്‍ 8 ശനിയാഴ്ച വൈകുന്നേരം 6 നു വേദിയാകുന്നു.

മനുഷ്യ മനസ്സുകളില്‍ സ്‌നേഹ പ്രവാഹത്തിന്റെ ഊര്‍ജം നിറച്ച യേശുദേവന്റെ ആഗമനം വിളിച്ചറിയിച്ച,വിണ്ണിലെ താരം, എന്ന ശീര്ഷകത്തിലാണ് ഇക്കൊല്ലത്തെ ആഘോഷ കാഴ്ചകള്‍ തിരി തെളിയുന്നത്.

സാമൂഹ്യ മാലിന്യങ്ങള്‍ ഉദാത്തമായ മത സങ്കല്‍പ്പങ്ങളെ പ്രകോപിതമാക്കാന്‍ ശ്രമിക്കുന്ന ഇക്കാലത്തു മതങ്ങള്‍ പ്രചോദിതമാകണമെന്ന,ഡി. എം. എയുടെ മഹത്തായ പുതുവത്സര സന്ദേശമാണ് രാജേഷ് നായര്‍ സംവിധാനം ചെയ്തു അണിയിച്ചൊരുക്കുന്ന വിണ്ണിലെ താരമെന്ന ദൃശ്യ സംഗീത ശില്‍പ്പത്തിലുടെ വെളിപ്പെടുത്തുന്നത്.

പ്രളയകെടുതികള്‍ കഷ്ടത്തിലാക്കിയ കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അമേരിക്കയിലെ മറ്റേതൊരു സംഘടനയെയും അസൂയപ്പെടുത്തുന്ന രീതിയില്‍ നൂറായിരം ഡോളറിന്റെ സഹായം ജന്മനാടിനു നേരിട്ടു നല്‍കുന്ന ചാരിതാര്‍ഥ്യവുമായാണ് മോഹന്‍ പനങ്കാവിലും സാം മാത്യുവും ഷിബു വര്‍ഗീസും ടോം മാത്യുവും ചാച്ചി റാന്നിയും ടോമി മൂലനും അടങ്ങുന്ന ഇക്കൊല്ലത്തെ ഭരണ സമിതി പടിയിറങ്ങുന്നത്.

വൈവിധ്യപൂര്‍ണ്ണമായ അനേകം കലാ പരിപാടികളോടെ നടത്തുന്ന ക്രിസ്തുമസ് പുതു വത്സര ആഘോഷങ്ങളുടെ മുഖ്യ ചുമതല വഹിക്കുന്ന വിനോദ് കൊണ്ടൂര്‍ മെട്രോ ഡിട്രോയിറ്റിലെ എല്ലാ മലയാളി കുടുംബങ്ങളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും അറിയിച്ചു.
സുരേന്ദ്രന്‍ നായര്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post