ചിക്കാഗോ ഗീതാമണ്ഡലം ജഗദ്ഗുരു സത്യാനന്ദ സരസ്വതി തിരുവടികളുടെ മഹാസമാധി ദിനം വിപുലമായി ആഘോഷിച്ചു

ചിക്കാഗോ ഗീതാമണ്ഡലം ജഗദ്ഗുരു സത്യാനന്ദ സരസ്വതി തിരുവടികളുടെ മഹാസമാധി ദിനം വിപുലമായി ആഘോഷിച്ചു

ചിക്കാഗോ: ഗീതാമണ്ഡലം ജഗദ്ഗുരു സത്യാനന്ദ സരസ്വതി തിരുവടികളുടെ പന്ത്രണ്ടാമത് മഹാസമാധി ദിനം വിപുലമായി ആഘോഷിച്ചു. സനാതന ധര്‍മ്മം സനാതനമായിരിക്കുന്നത്, ഓരോ കാലഘട്ടത്തിലും ധര്‍മ്മ വ്യവസ്ഥക്ക് വരുന്ന ക്ഷയങ്ങളെ നീക്കുന്നതിന്, അടിസ്ഥാനമായ ശാസ്ത്രബോധത്തെ പ്രസരിപ്പിക്കുന്നതിന്, അതിന് അനുസൃതമായ ആചാര നിഷ്ഠയെ പ്രചരിപ്പിക്കുന്നതിനൊക്കെ അനേകം മഹാപുരുഷന്മാര്‍ വന്ന് ഉദ്‌ബോധനം നല്‍കിയതിലൂടെ. ധര്‍മ്മ വ്യവസ്ഥയുടെ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാല്‍ ഇങ്ങനെയുള്ള എത്രയോ ദിവ്യതേജസ്സുകളെ നമ്മുക്ക് കാണാന്‍ സാധിക്കും. അങ്ങനെയുള്ള ഋഷിശ്വേരന്‍മാരുടെ പരമ്പരയില്‍ നമ്മുടെ സമീപകാലത്ത് വളരെ അധികം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളെ കാഴ്ച്ചവെച്ച്, സനാതന ധര്‍മ്മത്തിന്റെ മൊത്തം സംസ്ഥാപനത്തിന്, സമുദ്ധരണത്തിന് സ്വന്തം ജീവന്‍ അര്‍പ്പിച്ച മഹാപുരുഷനാണ് ശ്രീ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തിരുവടികള്‍.

ഗണപതി പൂജയോടെ ആരംഭിച്ച വിശേഷാല്‍ പൂജ, ഗുരുഗീതയോടെ ആണ് സമാപിച്ചത്. ഈ വര്‍ഷത്തെ മഹാസമാധി പൂജകള്‍ക്ക് നേതൃത്വം നല്‍കിയത് ജഗദ് ഗുരുവില്‍ നിന്നും നേരിട്ട് ശിഷ്യത്വം സ്വീകരിച്ച ജെ. പി. ബാലകൃഷ്ണന്‍ ആണ്.

അരക്ഷിതത്വവും,അഭിമാനരാഹിത്യവും ഉണ്ടായിരുന്ന ഒരു സമൂഹത്തിന്, അഭിമാനവും, സുരക്ഷിതത്വവും പ്രദാനം ചെയ്യുന്നതില്‍ സ്വാമിജി വഹിച്ച് പങ്ക്, ഓരോ കേരളീയ ഹൈന്ദവനും ആത്മഹര്ഷത്തോടെ മാത്രമേ ഓര്‍ക്കുവാന്‍ കഴിയുകയുള്ളു എന്നും ഹൈന്ദവ സമാജത്തിന്റെ ഉത്കര്‍ഷത്തിന്, സര്‍വതോന്മുഖമായ വികസനത്തിന് ഒട്ടനവധി പ്രയോഗികങ്ങളായ ഒത്തിരി പ്രവര്‍ത്തനങ്ങള്‍ സ്വാമിജി നടത്തിയിരുന്നു.

അതിലെ ഏറ്റവും പ്രധാനമായി സ്വാമിജി പറഞ്ഞുകൊണ്ടിരുന്നതും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് എന്നും, സനാതന ധര്‍മ്മവ്യവസ്ഥയില്‍ ഹിന്ദു സമൂഹത്തില്‍ വേണ്ടതായ ഏകതയെ കുറിച്ചാണ്. അത് കേവലം ഭൗതികമായ നേട്ടങ്ങള്‍ക്ക് വേണ്ടിയല്ല, മറിച്ച് സനാതന ധര്‍മ്മത്തിനായി ഉള്ള സര്‍വതോന്മുഖമായ വികാസത്തിനുതകുന്ന ഏകതയാണ് എന്നും സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ഗീതാമണ്ഡലം പ്രസിഡന്റ് ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വാമിജി പ്രവചിച്ചതാണ്, ഇന്ന് ശബരിമലയുടെ കാര്യത്തില്‍ നാം കാണുന്നത്. അന്ന് നമ്മള്‍ സ്വാമിജിയുടെ വാക്കുകള്‍ ശ്രവിച്ച്, പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇന്ന് ഹിന്ദുവിന് ഈ ദുരവസ്ഥ ഉണ്ടാകുകയില്ലായിരുന്നു എന്നും, പ്രതികരിക്കേണ്ട അവസരത്തില്‍ പ്രതികരിക്കുക, പ്രവര്‍ത്തിക്കേണ്ടിടത്ത്, ശക്തമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെക്കുക ഇവയാണ് ഇനിയെങ്കിലും ഓരോ ഹിന്ദുവും ചെയേണ്ടത് എന്നും ഗീതാ മണ്ഡലം ആല്മീയ ആചാര്യന്‍ ആനന്ദ് പ്രഭാകര്‍ അഭിപ്രായപ്പെട്ടു.

തുടര്‍ന്ന് ഗുരു ഗീതയുടെ പ്രാധാന്യവും, വ്യഖ്യാനവും കൂടാതെ, ഗുരു മുഖത്തില്‍ നിന്നും പഠിച്ച സനാതന ദര്‍ശനങ്ങളെപ്പറ്റിയും ജെ പി ബാലകൃഷ്ണന്‍ വിശദികരിച്ചു. മഹാസമാധി പൂജയിലും സമ്മേളനത്തിലും പങ്കെടുത്ത എല്ലാവര്ക്കും ബിജുകൃഷ്ണന്‍ നന്ദി അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം

Share This Post