ചിക്കാഗോ എക്യൂമെനിക്കല്‍ ബാസ്കറ്റ് ബോള്‍: സീറോ മലബാര്‍ ടീം ജേതാക്കള്‍, ക്‌നാനായ ടീം റണ്ണര്‍അപ്പ്

ചിക്കാഗോ എക്യൂമെനിക്കല്‍ ബാസ്കറ്റ് ബോള്‍: സീറോ മലബാര്‍ ടീം ജേതാക്കള്‍, ക്‌നാനായ ടീം റണ്ണര്‍അപ്പ്

ചിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് ചിക്കാഗോയുടെ ആഭിമുഖ്യത്തില്‍ നടന്ന പന്ത്രണ്ടാമത് എക്യൂമെനിക്കല്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ സീറോ മലബാര്‍ ടീം -2 ജേതാക്കളായി. റണ്ണേഴ്‌സ് ആപ്പായി ചിക്കാഗോ ക്‌നാനായ ദേവാലയത്തിന്റെ ടീമും വിജയശ്രീലാളിതരായി.

വളരെ വാശിയേറിയ മത്സരത്തില്‍ ചിക്കാഗോയിലെ എട്ടു ദേവാലയങ്ങളിലെ ടീമുകളാണ് മാറ്റുരച്ചത്. രാവിലെ 8 മണി മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. യൂത്ത് കണ്‍വീനേഴ്‌സ് ആയ ജോജോ ജോര്‍ജ്, കാല്‍വിന്‍ കവലയ്ക്കല്‍, മെല്‍ജോ വര്‍ഗീസ് എന്നിവര്‍ രജിസ്‌ട്രേഷനു നേതൃത്വം നല്‍കി. രാവിലെ മുതല്‍ വളരെ വാശിയേറിയ മത്സരമാണ് വിവിധ ടീമുകള്‍ തമ്മില്‍ നടന്നത്. ടീമുകളെ പ്രോത്സാഹിപ്പിക്കാന്‍ തങ്ങളുടെ ദേവാലയങ്ങളില്‍ നിന്നും ധാരാളം കാണികളും തിങ്ങിനിറഞ്ഞിരുന്നു.

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ 2007-ല്‍ സില്‍വര്‍ ജൂബിലി ആഘോഷിച്ചപ്പോള്‍ മുതല്‍ ചിക്കാഗോയിലെ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സ്‌പോര്‍ട്‌സ് മിനിസ്ട്രിയുടെ ഭാഗമായി ആരംഭിച്ച ഈ ടൂര്‍ണമെന്റ് ഇന്നും വളരെ ഭംഗിയായി അച്ചടക്കത്തോടും, യുവജനങ്ങള്‍ തമ്മിലുള്ള സ്‌നേഹ സഹകരണത്തിലും നടന്നുവരുന്നു എന്നുള്ളതില്‍ അഭിമാനമുണ്ടെന്നു പ്രസിഡന്റ് റവ ജോണ്‍ മത്തായി പ്രസ്താവിച്ചു. റവ.ഫാ. ബാബു മഠത്തിപ്പറമ്പിലായിരുന്നു ഈവര്‍ഷത്തെ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ചെയര്‍മാനായി പ്രവര്‍ത്തിച്ചത്.

ടീന തോമസ് (സെക്രട്ടറി), ആന്റോ കവലയ്ക്കല്‍ (ട്രഷറര്‍), ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജയിംസ് പുത്തന്‍പുരയില്‍, പ്രവീണ്‍ തോമസ്, പ്രേംജിത്ത് വില്യംസ്, അച്ചന്‍കുഞ്ഞ് മാത്യു, മാത്യു മാപ്ലേട്ട് എന്നിവര്‍ ആദ്യാവസാനം ഈ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കിയവരില്‍ ഉള്‍പ്പെടുന്നു.

ജേതാക്കളായ സീറോ മലബാര്‍ കത്തീഡ്രല്‍ ബി. ടീമിനു റവ.ഫാ. കോശി പൂവത്തൂര്‍ മെമ്മോറിയല്‍ റോളിംഗ് ട്രോഫിയും, പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ റോളിംഗ് ട്രോഫിയും ലഭിക്കും. റണ്ണേഴ്‌സ് ആപ്പായ ക്‌നാനായ ടീമിന് എന്‍.എന്‍. പണിക്കര്‍ മെമ്മോറിയല്‍ റോളിംഗ് ട്രോഫിയും ലഭിക്കും.

ഡിസംബര്‍ എട്ടിനു നടക്കുന്ന എക്യൂമെനിക്കല്‍ ക്രിസ്തുമസ് കരോള്‍ സര്‍വീസില്‍ വച്ചു രണ്ടു ടീമുകള്‍ക്കും ട്രോഫികള്‍ വിതരണം ചെയ്യും. ജോര്‍ജ് പണിക്കര്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post