ക്യാപ്റ്റന്‍ രാജു ഫിലിപ്പ് ഫോമ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

ക്യാപ്റ്റന്‍ രാജു ഫിലിപ്പ് ഫോമ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി

ന്യൂയോര്‍ക്ക്: നാലു പതിറ്റാണ്ടിലേറെയുള്ള സാമൂഹ്യ പ്രവര്‍ത്തന പരിചയവും, ചാരിറ്റി രംഗത്തെ ഊര്‍ജസ്വലതയും കൈമുതലായുള്ള ക്യാപ്റ്റന്‍ രാജു ഫിലിപ്പ് 2020-ല്‍ നടത്തപ്പെടുന്ന ഫോമ നാഷണല്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് അറിയിച്ചു.

ആരംഭം മുതല്‍ ഫോമയോടൊപ്പം സജീവമായ രാജു ഫിലിപ്പ് ഇപ്പോള്‍ ജുഡീഷ്യറി ബോര്‍ഡ് അംഗമായി പ്രവര്‍ത്തിക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ വൈസ് പ്രസിഡന്റ്, നാഷണല്‍ കമ്മിറ്റിയംഗം, അഡൈ്വസറി ബോര്‍ഡ് സെക്രട്ടറി മുതലായ ചുമതലകളില്‍ അതാത് വര്‍ഷങ്ങളിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം തോളോടുതോള്‍ ചേര്‍ന്നു ഫോമയുടെ ഉന്നമത്തിനായി യത്‌നിച്ചിട്ടുള്ള ക്യാപ്റ്റന്‍ രാജു പൂര്‍ണ്ണസമയ പ്രവര്‍ത്തനവും സേവനവുമാണ് വാഗ്ദാനം ചെയ്യുന്നത്. പ്രഗത്ഭരും പരിചയസമ്പന്നരുമായ നേതാക്കളാണ് നാളിതുവരെ ഫോമയ്ക്ക് ഉണ്ടായിട്ടുള്ളത്. എന്നാല്‍ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ആകെത്തുകയാണ് ഫോമയുടെ നേട്ടങ്ങളുടെ മുഖ്യ കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക പ്രാതിനിധ്യം നാഷണല്‍ കമ്മിറ്റികളിലും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും അനിവാര്യമെങ്കിലും പ്രാദേശിക, സാമുദായിക പരിഗണനകള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന പാനലിംഗ് സമ്പ്രദായത്തോട് തനിക്ക് യോജിപ്പില്ലെന്നു അദ്ദേഹം തുറന്നു പറഞ്ഞു. ഇത്തരം കാഴ്ചപ്പാടുകള്‍ ദൂരവ്യാപകമായി സംഘടനയുടെ അടിത്തറ പൊളിക്കുവാനോ ഉപകരിക്കുകയുള്ളുവെന്നു അമേരിക്കയിലെ സാമൂഹ്യ സംഘടനകളുടെ തകര്‍ച്ച നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഫോമയുടെ സ്ഥാപനോദ്ദേശം നിലനിര്‍ത്തിക്കൊണ്ടാവണം തെരഞ്ഞെടുപ്പുകള്‍.

ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ വിപ്ലവകരമായ മാറ്റങ്ങളും നേട്ടങ്ങളും കൈവരിക്കാന്‍ നമുക്കാകും. വ്യാവസായിക, ശാസ്ത്രസാങ്കേതിക നേട്ടങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ട് സ്വതന്ത്രാനന്തര ഭാരതത്തില്‍ അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിവെച്ച പദ്ധതികളെ പ്രശംസിച്ചുകൊണ്ട് ഈ അടുത്തകാലത്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ചെയ്ത പ്രസംഗം ഏറെ ചിന്തനീയമാണ്. നാഷണല്‍ സംഘടന എന്ന നിലയില്‍ നാം ജീവിക്കുന്ന സമൂഹത്തിനും നമ്മുടെ പിറന്ന നാടിനും പ്രയോജനകരമായ ഒട്ടനവധി പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കാന്‍ നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെയും, ലഭ്യമായ വരുമാന സ്രോതസിലുടെയും കഴിയുമെന്നുറപ്പുണ്ട്. സാമൂഹ്യ സേവനത്തിനു സന്നദ്ധരായിട്ടുള്ള കൂടുതല്‍ ആളുകള്‍ മുന്നോട്ടുവരേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ക്യാപ്റ്റന്‍ രാജു ഫിലിപ്പ് അഭിപ്രായപ്പെട്ടു.

കോട്ടയം വാഴൂര്‍ സ്വദേശിയായ രാജു ഫിലിപ്പ് 49 വര്‍ഷമായി ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ സ്ഥിരതമാസമാക്കിയ വ്യക്തിയാണ്. കേരളത്തിലെ പ്രഥമ ഇംഗ്ലീഷ് വിദ്യാഭ്യാസ കേന്ദ്രമായ സി.എം.എസ് കോളജില്‍ നിന്ന് ബി.എ ബിരുദവും, ചങ്ങനാശേരി എന്‍.എസ്.എസ് കോളജില്‍ നിന്ന് എം.എ ബിരുദവും കരസ്ഥമാക്കിയശേഷം കോളജ് അധ്യാപകനായി ജോലിനോക്കിവരവേ 1979-ലാണ് ഇമിഗ്രന്റായി കുടുംബസമേതം അമേരിക്കയിലെത്തുന്നത്. മന്‍ഹാട്ടനിലെ ചേസ് മന്‍ഹാട്ടന്‍ ബാങ്ക് മാനേജരായി പത്തുവര്‍ഷം പ്രവര്‍ത്തിച്ചു. ജോലിയും കുടുംബ ചുമതലകളും ഒപ്പം ആദ്ധ്യാത്മിക രംഗത്തും സംഘടനാ രംഗത്തും സജീവമായിരുന്നു. 1979-ല്‍ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ രൂപീകരണത്തിനും ഇതര ഇന്ത്യന്‍ സംസ്ഥാന സമൂഹത്തെ ഉള്‍പ്പെടുത്തി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ഐലന്റ് രൂപീകരണത്തിലും നിര്‍ണ്ണായക സാന്നിധ്യമായി. എം.എയ്ക്കുശേഷം തുടര്‍പഠനമെന്ന അടങ്ങാത്ത അഭിനിവേശമാണ് വീണ്ടും കോളജ് വിദ്യാര്‍ത്ഥിയാകാന്‍ പ്രേരണയായത്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള വാഗ്‌നര്‍ കോളജില്‍ നിന്നും പ്രശസ്തമായ നിലയില്‍ എം.ബി.എ ബിരുദം കരസ്ഥമാക്കിയത് ബിസിനസ് രംഗത്തേക്കുള്ള ചുവടുവെയ്പായി. ഇരുപത് വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം ന്യൂയോര്‍ക്ക് സിറ്റി കറക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ക്യാപ്റ്റന്‍ റാങ്കോടെ 2009-ല്‍ വിരമിക്കുമ്പോള്‍ വെസ്റ്റ് ചെസ്റ്ററിലും സ്റ്റാറ്റന്‍ഐലന്റിലും ഓഫീസുകളുള്ള ഓള്‍ സ്റ്റാര്‍ റിയാലിറ്റിയുടെ സി.ഇ.ഒ ആയിരുന്നു ക്യാപ്റ്റന്‍ രാജു ഫിലിപ്പ്.

സമൂഹത്തിലെ അശരണരേയും ആലംബഹീനരേയും തന്നാലാവുംവിധം സഹായിക്കുക എന്നത് പൈതൃകമായി കിട്ടിയാണെന്നു ഒട്ടനവധി ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ സാരഥിയായ ക്യാപ്റ്റന്‍ തുറന്നു പറഞ്ഞു. ഉള്ളതില്‍ നിന്നു മറ്റുള്ളവരെ സഹായിക്കുക നമ്മുടെ ചുമതലയാണ്. ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചശേഷം കിട്ടുന്ന പെന്‍ഷന്‍ തുക മാന്യമായി ജീവിക്കാന്‍ പര്യാപ്തമാണ്. ബിസിനസില്‍ നിന്നും ലഭിക്കുന്ന ലാഭത്തിന്റെ വലിയൊരു ശതമാനം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവയ്ക്കുന്നതാണ് തന്റെ ചുമതലയിലുള്ള കെയര്‍ എ ഡേയുടെ മുലധനം. ഇതിനുവേണ്ടി താന്‍ പണപ്പിരിവ് നടത്താറില്ല.

ഫോമയുടെ വൈസ് പ്രസിഡന്റായിരുന്ന 2010-ല്‍ കെയര്‍ എ ഡേയും, ഫോമയും കൈകോര്‍ത്ത് കോട്ടയത്ത് നടത്തിയ സൗജന്യ തയ്യല്‍ മെഷീന്‍ വിതരണം ചെയ്തത് അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. ഈ പരിപാടിയുടെ മുഴുവന്‍ ചിലവും ഏതാണ്ട് എട്ടര ലക്ഷം രൂപ മുടക്കിയത് കെയര്‍ എ ഡേ ആയിരുന്നു. ഫോമയുടെ ആദ്യ കേരള ചാരിറ്റി പ്രവര്‍ത്തനമായിരുന്നു ഇത്. അര്‍ഹരായ നൂറില്‍പ്പരം സാധു കുടുംബങ്ങളെ അന്വേഷിച്ച് കണ്ടെത്തിയത് ഏറെ ശ്രമകരമായിരുന്നുവെങ്കിലും അര്‍ഹമായ കൈകളില്‍ എത്തി എന്നതായിരുന്നു ആത്മസംതൃപ്തി. ബാംഗ്ലൂര്‍ കേന്ദ്രമാക്കി സാധുക്കളായ പെണ്‍കുട്ടികളെ നഴ്‌സിംഗ് പഠനം നല്‍കിവരുന്ന കെയര്‍ എ ഡേ ഇതിനോടകം അമ്പതിലേറെ പേര്‍ക്ക് ജീവനോപാധിയായി. ഭവനരഹിതര്‍ക്ക് ഭവനം നിര്‍മ്മിച്ചു നല്‍കുകയും, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് പാചകവാതക സിലിണ്ടര്‍ സൗജന്യമായി നല്‍കുകയും ചെയ്യുന്നത് ചാരിറ്റി പ്രവര്‍ത്തനങ്ങളിലെ ചില നാള്‍വഴികള്‍ മാത്രം.

റിട്ടയര്‍മെന്റ് ജീവിതം പേരക്കുട്ടികളുടെ ബേബി സിറ്റിംഗും മെഡിക്കല്‍ ശുശ്രൂഷയും മാത്രമായി ഒതുങ്ങിക്കൂടാതെ സാമൂഹ്യ നന്മയ്ക്കായി ചടുലമായി പ്രവര്‍ത്തിക്കണമെന്നതാണ് ക്യാപ്റ്റന്റെ മതം. നാലു മണിക്ക് ഉറക്കമുണര്‍ന്നാല്‍ പതിവ് യാമ പ്രാര്‍ത്ഥനയും, രണ്ടു മണിക്കൂര്‍ കഠിനമായ വ്യായാമവും കഴിഞ്ഞാല്‍ പിന്നെ ആഴ്ചയില്‍ ആറു ദിവസവും മുഴുവന്‍ സമയ കര്‍മ്മനിരതനാണ് അദ്ദേഹം. ഞായറാഴ്ച പള്ളിയും കുടുംബവുമായി ഒതുങ്ങിക്കൂടും. മറ്റ് അത്യാവശ്യ പ്രോഗ്രാമുകള്‍ ഇല്ലെങ്കില്‍.

ഊര്‍ജ്ജസ്വലമായി ഫോമയെ സേവിക്കുക മാത്രമാണ് തന്റെ ലക്ഷ്യം. കൂട്ടായ പരിശ്രമത്തിലൂടെ ഫോമയെ ഉയരത്തിലെത്തിക്കാമെന്നു വിശ്വസിക്കുന്നു. ഈ ഉദ്യമത്തില്‍ ഏവരുടേയും നിര്‍ലോഭമായ സഹായ സഹകരണങ്ങളും പ്രോത്സാഹനവും ഉണ്ടാവണമെന്ന് ക്യാപ്റ്റന്‍ രാജു ഫിലിപ്പ് അഭ്യര്‍ത്ഥിച്ചു. rrphilip@gmail.com, Cell- (917) 854 3818.

ജോയിച്ചന്‍ പുതുക്കുളം

Share This Post