അമേരിക്കയിലെത്തിയ ആദ്യകാല ഇന്ത്യൻ അമേരിക്കൻ നഴ്സുമാരെ ആദരിക്കുന്നു

ഹൂസ്റ്റൺ: 1975 നു മുൻപ് നോർത്ത് അമേരിക്കയിൽ എത്തിച്ചേർന്ന ഇന്ത്യൻ നഴ്സുമാരെ അവാർഡുകൾ നൽകി ആദരിക്കുന്നതിന് വേദി ഒരുങ്ങുന്നു. അമേരിക്കയിലെ ഏറ്റവും പ്രമുഖ ഏഷ്യൻ അമേരിക്കൻ ന്യൂസ് വീക്കിലി ആയ ‘വോയിസ് ഓഫ് ഏഷ്യ’ (ഇംഗ്ലീഷ്‌) യാണ് ആദരിക്കൽ ചടങ്ങു സംഘടിപ്പിക്കുന്നത്. 1965 നും 1975 നും മദ്ധ്യേ അമേരിക്കയിൽ എത്തിയ നഴ്സുമാർക്കു “2019 ഇന്ത്യൻ അമേരിക്കൻ നഴ്സസ് ലെഗസി അവാർഡ് (IANLA)” നൽകിയാണ് ആദരിക്കുന്നത്.

ഏറ്റവും കഷ്ടപ്പാടുകൾ നിറഞ്ഞ ഒരു കാലഘട്ടത്തിൽ കൂടിയായിരുന്നു ഈ നഴ്സുമാരുടെ കുടിയേറ്റ നാളുകൾ. ജീവിതായോധനത്തിനായി രാത്രിയും പകലുമെന്നില്ലാതെ ജോലി ചെയ്ത ഇവർ ജോലിയൊടൊപ്പം സ്വന്തം കുടുംബകാര്യങ്ങളിലും ധാരാളമായി ശ്രദ്ധിച്ചിരുന്നു. നാട്ടിലുള്ള കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതോടൊപ്പം തന്നെ സഹോദരങ്ങൾ അവരുടെ വിദ്യാഭ്യാസം, വിവാഹം, മറ്റു കാര്യങ്ങൾ, ഇവയിലൊക്കെ അതീവമായി ഇവർ ശ്രദ്ധിച്ചിരുന്നു. ഇതിനിടയിലും കുടുംബത്തിലുള്ളവരെ അമേരിക്കയിൽ എത്തിക്കുന്നതിനും ശ്രമിച്ചു. അവരുടെ സ്വാർത്ഥരഹിതമായ പ്രവർത്തനത്തിന്റെ ഫലമായി ആയിരക്കണക്കിനു ഇന്ത്യക്കാരാണ്, പ്രത്യേകിച്ചു മലയാളി കുടുംബങ്ങളാണ് അമേരിക്കയിൽ എത്തിച്ചേർന്നത്. പുതുതലമുറയ്ക്കു ഈ കാര്യങ്ങൾ അന്യമെങ്കിലും, ഈ നേഴ്സ്മാർക്ക് ‘ലെഗസി അവാർഡ്’ നൽകി ആദരിയ്ക്കുന്ന ചടങ്ങു് ഒരു പ്രചോദനം ആയി തീരുമെന്നു പ്രത്യാശിക്കുന്നുവെന്നു പ്രധാന സംഘാടകനും വോയിസ് ഓഫ് ഏഷ്യ പബ്ലിഷറും സി.ഇ.ഓ യും മലയാളിയുമായ കോശി തോമസ് പറഞ്ഞു.

1975 ലോ അതിനു മുമ്പോ അമേരിക്കയിൽ എത്തി ചേർന്ന നഴ്സുമാർക്ക് ഡിസംബർ 31 നു മുമ്പായി അവാർഡിനായി അപേക്ഷിക്കാവുന്നതാണ്. നിങ്ങളുടെ വിവരങ്ങൾ nursesawards@gmail.com ലേക്ക് നേരിട്ടും അയക്കാവുന്നതാണ്. വോയിസ് ഓഫ് ഏഷ്യ യുടെ വെബ്സൈറ്റിലും പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. website: www.voiceofasia.news

കൂടുതൽ വിവരങ്ങൾക്ക് : 832 419 7537 (കോശി തോമസ്), 713 774 5140

ജീമോൻ റാന്നി

Indo American Legacy Award 2019

Share This Post