ആരാണ് സവർണ്ണർ ?

ആരാണ്  സവർണ്ണർ ?

ശബരിമല പ്രശ്നത്തോട് ഉയർന്നു വന്ന ഒരു ആക്ഷേപം, ഹിന്ദു മതത്തിലെ സവർണ്ണർ, ആധിപത്യത്തിനു വേണ്ടി ശ്രമിക്കുന്നു എന്നുള്ളതാകുന്നു. കേരളത്തിൽ ഇപ്പോൾ നിലവിലുള്ള സാമൂഹ്യ വ്യവസ്ഥയിൽ ആരാണ് സവർണ്ണർ എന്ന് പരിശോധിക്കാം.

മൂന്നര കോടി വരുന്ന കേരള ജനസംഖ്യയിൽ ബ്രാഹ്മണരുടെ ജനസംഖ്യ അമ്പതിനായിരത്തോളം വരും. ഇവരുടെ വരുമാനം ക്ഷേത്രങ്ങളിൽ നിന്നും ലഭിക്കുന്ന ശമ്പളവും, ദക്ഷിണയും ഒക്കെ ആകുന്നു. കേരളത്തിലെ ഭൂരിപക്ഷം ക്ഷേത്രങ്ങളും നിത്യവൃത്തിക്ക് നിവൃത്തി ഇല്ലാത്തവയാണ് . അവിടെ നിന്നും ലഭിക്കാവുന്ന വരുമാനം വളരെ പരിമിതമാണ് . എല്ലാ ബ്രാഹ്മണർക്കും വരുമാനം അധികമുള്ള , ശബരിമലയിലെയും, ഗുരുവായൂരിലെയും പൂജാരിമാർ ആവാൻ സാധിക്കുക ഇല്ലല്ലോ. മാധ്യമങ്ങളിലൂടെ നമ്മൾ എപ്പോഴും കാണുന്നതും കേൾക്കുന്നതും ഇവരിൽ വളരെ ചെറിയ ഒരു ശതമാനത്തിലെ സമ്പന്നരെ മാത്രമാണ് . vഭൂരിഭാഗം സവർണ്ണർ എന്നു കരുതുന്നവരും, ദുരിതക്കയത്തിലാണ് ജീവിക്കുന്നത് . ഇക്കൂട്ടർ , പരമ്പരാഗത തൊഴിൽ കൊണ്ട് ജീവിക്കാൻ പ്രയാസമാകുമ്പോൾ പിന്നീട് ശ്രമിക്കുന്നത് സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനാണ്. പണ്ട് പൂർവികർ ജന്മികളായിരുന്നത് കൊണ്ട് നിലവിൽ ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭ്യമല്ല. അതായത് മുത്തച്ഛൻ അനുഭവിച്ച സമ്പത്തിന് (എല്ലാ മുത്തച്ഛൻ മാരും അനുഭവിച്ചിട്ടുണ്ടോ എന്നതും സംശയമാണ് ) കൊച്ചു മകന് ശിക്ഷ കിട്ടുന്ന സംവിധാനം. അതാണ് ഇപ്പോൾ കേരളത്തിൽ നടപ്പിലായിക്കൊണ്ടിരിക്കുന്നത് .

ഇനി ഇവർ കഷ്ടപ്പെട്ട് കുട്ടികളെ കോളേജിലൊക്കെ വിട്ട് പഠിപ്പിച്ചാൽ, മേൽ ജാതി എന്ന കുറ്റത്താൽ ഈ കുട്ടികൾക്ക് സർക്കാർ ജോലിയും ലഭിക്കുകയില്ല. അതിലും ഉപരിയായി പൂജാരികളായ പുരുഷൻമാരെ വിവാഹം ചെയ്യാൻ ഇപ്പോഴുള്ള നമ്പൂതിരി സ്ത്രീകൾ തയ്യാറാകുന്നുമില്ല. ഇനി അഥവാ ഒരു വിവാഹമൊക്കെ തരപ്പെട്ടാൽ പിന്നീട് ഭാവിയെക്കുറിച്ചുള്ള വ്യാധിയായി. കുട്ടികൾ പിറന്നാൽ അവരുടെ ഭാവി എന്താണ് ? അതുകൊണ്ട് കുട്ടികൾ എന്ന ചിന്ത ആദ്യമെ മാറ്റിവെക്കും. ഈ ദുരിത പൂർണമായ ലോകത്തേക്ക് അനേകം ജീവിതങ്ങളെ എന്തിനു വലിച്ചിഴക്കണം. അങ്ങനെ, ഒരുകുട്ടി മതി എന്ന് തീരുമാനിക്കും. മാതാപിതാക്കളായ രണ്ടുപേർ ജീവിതത്തിൽ നിന്നും വിടചൊല്ലുമ്പോൾ അവരുടെ സ്ഥാനം ഏറ്റെടുക്കാൻ അടുത്ത തലമുറയിൽ ഒരു വ്യക്തിമാത്രം. ഇതിൻറെ പ്രത്യാഘാതം , രണ്ടുമൂന്നു തലമുറകൾ കഴിയുമ്പോൾ ഇവരുടെ ജനസംഖ്യ കുറഞ്ഞു, കുറഞ്ഞു നാമാവശേഷമാവും എന്നതാവും.

സമൂഹത്തിലെ സാമ്പത്തിക പരാധീനത അനുഭവിക്കുന്ന വിഭാവങ്ങളെ ഉദ്ധരിക്കാനായി കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ സമൂഹത്തിലെ ഒരുവിഭാഗത്തെ പാടെ തുടച്ചുമാറ്റുകയാവും ഫലം. ആയുധങ്ങൾ കൊണ്ട് ഒരുവിഭാഗത്തിൽ പെട്ട ജനങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് “ജീനോസൈഡ് ” എന്നാണ് അറിയപ്പെടുന്നത് . കേരളത്തിൽ ഈ പ്രക്രിയ ആയുധങ്ങളിലൂടെയും, വികലമായ നിയമങ്ങളിലൂടെയും സാവധാനം നടപ്പിലാക്കി കൊണ്ടിരിക്കുന്നു.

പ്രളയം, വൻപിച്ച നാശ നഷ്ടങ്ങൾ വിതച്ച തിരുവല്ല, പാണ്ടനാട് പ്രദേശത്ത് ഭവന പുനരുദ്ധാരണ ധനസഹായം വിതരണം ചെയ്യാനായി അപേക്ഷകൾ ക്ഷണിച്ചപ്പോൾ ലഭിച്ച ഒരു അപേക്ഷ ഒരു ക്ഷേത്ര പൂജാരിയുടേതായിരുന്നു. പ്രാദേശികമായി നേരിട്ടന്വേഷിച്ചപ്പോൾ മനസ്സിലായത് , പ്രളയത്തിനു മുൻപുതന്നെ വളരെ പരിതാപകരമായ അവസ്ഥിയിലായിരുന്നു ഈ ബ്രാഹ്മണനെന്ന് . സാമ്പത്തിക പരാധീനത മൂലം ദുരിതമനുഭവിക്കുന്ന ഇദ്ദേഹത്തെ പോലെയുള്ള അവശ വിഭാഗത്തെ, സവർണനെന്നു മുദ്രകുത്തി ഇന്നത്തെ സമൂഹത്തിലെ ഒരു കോമാളിയാക്കി ചിത്രീകരിക്കുന്നത് ശരിയാണോ? ഇവരെ അധിക്ഷേപിക്കാൻ ഭരണവർഗം മത്സരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത് . ജനസംഖ്യ കുറവായതിനാൽ വോട്ട് ബാങ്ക് അല്ലാത്തതു കൊണ്ട് ഇവരെ ജാതിപ്പേർ വിളിച്ചാക്ഷേപിച്ചാലും ഒരു കുഴപ്പവുമില്ല.

ആരാണ് ഈ നവയുഗത്തിലെ സവർണ്ണൻ? തീർച്ചയായും, പണ്ട് രാജാവിരുന്ന കസേരയിൽ ഇപ്പോൾ ഇരിക്കുന്നവർ സവർണർ ആണ് . കോടികളുടെ ആസ്തി, ആജ്ഞാപിച്ചാൽ കൊല്ലാനും, കൊല്ലിക്കാനും ശേഷിയുള്ളവർ. ലക്ഷമുള്ളവൻ ലക്ഷാധിപൻ, കോടിയുള്ളവരെ വിളിക്കുന്നത് കോടീശ്വരൻ എന്നല്ലേ? അങ്ങനെ വരുമ്പോൾ കോടികൾ ഉള്ളവരാണ് സവർണ്ണർ. സമ്പത്തിൻറെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ സമൂഹത്തിൽ, വ്യക്തികൾ, സവർണനും, അവർണനുമൊക്കെ ആയിത്തീരുന്നത്. അതെ — പണവും അധികാരവുമുള്ളവർ സവർണ്ണൻ, അതില്ലാത്തവർ!!!

കോരന് കഞ്ഞി ഇന്നും കുമ്പിളിൽ തന്നെ, കോരൻറെ രൂപത്തിൽ ചെറിയ ഒരു മാറ്റം വന്നു എന്നു മാത്രം.

Share This Post