സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷനിലേക്കുള്ള രജിസ്‌ട്രേഷന്‍ ഉദ്ഘാടനം സോമര്‍സെറ്റ് ഫൊറോനാ ദേവാലയത്തില്‍ നടന്നു

സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷനിലേക്കുള്ള രജിസ്‌ട്രേഷന്‍ ഉദ്ഘാടനം സോമര്‍സെറ്റ് ഫൊറോനാ ദേവാലയത്തില്‍ നടന്നു

ന്യൂജേഴ്‌സി: ഏഴാമത് സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തില്‍ ഒക്‌ടോബര്‍ 28 – ന് ഞായറാഴ്ച്ച നടന്ന വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളാഘോഷങ്ങളോടനുബന്ധിച്ചു നടത്തപ്പെട്ടു.

ഫൊറോനാ വികാരി റവ. ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയാകാരന്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ രൂപത സഹായ മെത്രാനും കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനറുമായ മാര്‍ ജോയ് ആലപ്പാട്ട്, രൂപതാ ചാന്‍സലര്‍ ഫാ.ജോണിക്കുട്ടി പുലിശ്ശേരി, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സാണ്ടര്‍ കുടക്കാച്ചിറ, വൈസ് ചെയര്‍മാന്‍ ബാബു മാത്യു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

രൂപതാ സഹായ മെത്രാനും കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനറുമായ മാര്‍ ജോയ് ആലപ്പാട്ട് ഇടവകയിലെ ആദ്യ രജിസ്‌ട്രേഷന്‍ ഇടവകാംഗങ്ങളായ കുര്യന്‍ ആന്‍ഡ് മോളി നെല്ലിക്കുന്നേല്‍, ജെയ്‌സണ്‍ അലക്‌സ് ആന്‍ഡ് ബീന എന്നിവരില്‍ നിന്നും സ്വീകരിച്ചു. തുടര്‍ന്ന് ഇടവകയില്‍ നിന്നുള്ള അന്‍പതോളം കുടുംബങ്ങള്‍ തങ്ങളുടെ രജിസ്‌ട്രേഷന്‍ പിതാവിന് കൈമാറി.

1991ല്‍ ഫിലാഡല്‍ഫിയയില്‍ ആദ്യത്തെ കണ്‍വെന്‍ഷന്‍ നടന്നതെന്നും, തുടര്‍ന്ന് ചിക്കാഗോ സിറോമലബാര്‍ രൂപീകൃതമായ വര്ഷം ചിക്കാഗോയില്‍ വച്ചും, പിന്നീട് 2003 ല്‍ ന്യൂ ജേഴ്‌സിയിലും, ഡാളസ്, ഫ്‌ലോറിഡ തുടങ്ങി 2012 ല്‍ അറ്റ്‌ലാന്റയില്‍ വച്ചായിരുന്നു അവസാനത്തെ കണ്‍വെഷന്‍ നടന്നതെന്നും ആമുഖമായി പറഞ്ഞു കൊണ്ടായിരുന്നു മാര്‍. ജോയി ആലപ്പാട്ട് തന്റെ സന്ദേശം ആരംഭിച്ചത്.

വിശ്വാസത്തിനു വെല്ലുവിളി നേരിടുന്ന കാലഘട്ടത്തില്‍ ഏവരും, പ്രത്യകിച്ചു യുവജങ്ങള്‍ സീറോ മലബാര്‍ വിശ്വാസവും പൈതൃകവും പ്രഘോഷിക്കപ്പെടുന്ന ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കേണ്ടതിന്റെ ആവശ്യകത മാര്‍. ആലപ്പാട്ട് ഓര്‍മ്മിപ്പിച്ചു. ദൈവത്തിലുള്ള നമ്മുടെ വിശ്വാസം പ്രകടിപ്പിക്കാനും,വലിയ ഒരു സമൂഹത്തില്‍ ആ വിശ്വാസം പ്രഘോഷിക്കാനും ഇത്തരത്തിലുള്ള കണ്‍വെന്‍ഷനിലൂടെ നമ്മുക്ക് സാധിക്കുമെന്നും ഓര്‍മ്മിപ്പിച്ചു.

കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സാണ്ടര്‍ കുടക്കാച്ചിറ ഹ്യൂസ്റ്റനില്‍ നടക്കുന്ന നാല് ദിവസത്തെ കണ്‍വെന്‍ഷന്‍ പരിപാടികളെ പറ്റി വിശദീകരിക്കുകയും, എല്ലാഇടവകാംഗങ്ങളെയും പ്രത്യകിച്ചും യുവജനങ്ങളേവരേയും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ ഹൂസ്റ്റണിലേക്ക് സ്വാഗതം ചെയ്തു. ഹൂസ്റ്റണ്‍ സെന്‍റ് ജോസഫ് ഫോറോനാ ദേവാലയത്തെ ഇന്നത്തെ നിലയിലേക്കെത്തിച്ചതില്‍ പ്രധാന പങ്ക് വഹിച്ച ബഹു. ലിഗോറി അച്ചനെ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ തന്റെ ആമുഖ പ്രസംഗത്തില്‍ പ്രത്യേകം എടുത്തു പറഞ്ഞു.

കണ്‍വെന്‍ഷന്റെ ലോക്കല്‍ കോര്‍ഡിനേറ്റേഴ്‌സ് ടോം പെരുമ്പായില്‍, മോളി നെല്ലിക്കുന്നേല്‍, സ്റ്റെഫി ഓലിക്കല്‍, ജോയല്‍ ജോസ് തുടങ്ങിയവരും, ട്രസ്റ്റിമാരും, പാരീഷ് കൗണ്‍സില്‍ അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ചിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് കണ്‍വന്‍ഷന്‍ രക്ഷാധികാരിയായും, രൂപതാ സഹായ മെത്രാന്‍ മാര്‍. ജോയ് ആലപ്പാട്ട് ജനറല്‍ കണ്‍വീനറായും, ഫൊറോനാ വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ കോകണ്‍വീനറായും ഹൂസ്റ്റണ്‍ സെന്‍റ് ജോസഫ് ഫോറോനാ ദേവാലയത്തില്‍ 2019 ഓഗസ്റ്റ് ഒന്ന് മുതല്‍ നാല് വരെ നടക്കുന്ന ഏഴാമത് സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ അമേരിക്കയിലെ വിവിധ സീറോമലബാര്‍ ഇടവകകളില്‍ നിന്നും, മിഷന്‍ കേന്ദ്രങ്ങളില്‍ നിന്നുമൊക്കെയായി അയ്യായിരത്തില്‍പരം വിശ്വാസികളെയാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. രൂപതയിലെ മറ്റു ഇടവകകളിലും കണ്‍വന്‍ഷന്റെ കിക്കോഫുകള്‍ വിജയകരമായി നടന്നുവരുന്നു.
വെബ്: http://smnchouston.org

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

Share This Post