തിയോളജിയില്‍ എം.റ്റി.എച്ച് ബിരുദദാനം സോമര്‍സെറ്റ് ദേവാലയത്തില്‍

ന്യൂജേഴ്‌സി: അല്‍മായര്‍ക്കിടയില്‍ ദൈവശാസ്ത്ര പഠനം പ്രോത്‌സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി തലശേരി ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ടും സോമര്‍സെറ്റ് സെന്‍റ് തോമസ് ഇടവകയും ചേര്‍ന്ന് രൂപീകരിച്ച ‘തിയോളജി എഡ്യൂക്കേഷന്‍ സെന്‍ററി’ല്‍ നിന്നുള്ള ആദ്യ ബാച്ചിന്റെ ദൈവശാസ്ത്ര ബിരുദാനന്തര ബിരുദദാന ചങ്ങുകള്‍ സെന്‍റ് തോമസ് സീറോ മലബാര്‍ കത്തലിക് ഫൊറോനാ ദേവാലായത്തില്‍ വച്ച് സെപ്റ്റംബര്‍ 30 ന് ഞായറാഴ്ച രാവിലെ 9:30 നുള്ള വിശുദ്ധ ദിവ്യബലിയോടനുബന്ധിച്ചു നടത്തപ്പെട്ടു.

തലശേരി അതിരൂപത പ്രഥമ സഹായമെത്രാനും, സര്‍വോപരി ആല്‍ഫാ ഇന്‍സ്റ്റിറ്റുട്ടിന്റെ സ്ഥാപകന്‍ കൂടിയായ റവ. ഡോ. മാര്‍. ജോസഫ് പാംപ്ലാനിയില്‍ നിന്നും ജേതാക്കള്‍ ബിരുദം ഏറ്റു വാങ്ങി. ചടങ്ങില്‍ ഇടവക വികാരി റവ. ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയാകാരന്‍ ബിരുദദാനത്തോടൊപ്പമുള്ള സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചങ്ങനാശ്ശേരി എസ്. ബി. കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ടോമി പടിഞ്ഞാറേക്കളവും ചടങ്ങില്‍ സന്നിഹീതരായിരുന്നു.

ആദ്യ ബാച്ച് എം. റ്റി. എച്ച് പരീക്ഷയില്‍ ഒന്നാം റാങ്ക് തെരേസ ടോമിയും, രണ്ടാം റാങ്ക് ജാന്‍സി അബ്രഹാമും നേടി. മൂന്നാം റാങ്ക് മോളി നെല്ലിക്കുന്നേല്‍, ജെയ്‌സണ്‍ അലക്‌സ് എന്നിവര്‍ പങ്കിട്ടു.

റാങ്ക് ജേതാക്കള്‍ക്കുള്ള ട്രോഫി തലശേരി അതിരൂപതയുടെ മെത്രാപ്പൊലീത്തയും, ആല്‍ഫ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചാന്‍സലര്‍ കൂടിയായ മാര്‍ ജോര്‍ജ് ഞരളക്കാട്ട് വിതരണം ചെയ്തു. ചടങ്ങില്‍ ഡോ. മാര്‍. ജോസഫ് പാംപ്ലാനിയോടൊപ്പം, ഫാ. ഫിലിപ് വടക്കേക്കര, പാറ്റേഴ്‌സണ്‍ സെന്‍റ്.ജോര്‍ജ് സിറോമലബാര്‍ ഇടവക വികാരി ഫാ. ക്രിസ്റ്റി പറമ്പുകാട്ട് എന്നിവരും സന്നിഹീതരായിരുന്നു.

ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ സോമര്‍സെറ്റ് സെന്‍റ് തോമസ് ഫൊറോനാ ദൈവാലയത്തില്‍ 2015 നവംബറില്‍ തുടക്കം കുറിച്ച ആദ്യ ബാച്ചില്‍ പഠനമാരംഭിച്ച 13 പേരാണ് തിയോളജിയില്‍ മാസ്റ്റര്‍ ബിരുദം പൂര്‍ത്തിയാക്കിയത്. ‘ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സ്’ അമേരിക്കയില്‍ ആദ്യമായി ആരംഭിച്ച സ്റ്റഡി സെന്ററാണ് സോമര്‍സെറ്റിലുള്ളത്.

ആനി എം. നെല്ലിക്കുന്നേല്‍, എല്‍സമ്മ ജോസഫ്, ജെയ്‌സണ്‍ ജി. അലക്‌സ്, ജാന്‍സി മാത്യു എബ്രഹാം, ജിമ്മി ജോയി, ലീന റ്റി.പെരുമ്പായില്‍, മേരിക്കുട്ടി കുര്യന്‍, റെനി പോളോ മുരിക്കന്‍, ഷൈന്‍ സ്റ്റീഫന്‍, സോഫിയ കൈരന്‍, തെരേസ ടോമി, വര്‍ഗ്ഗീസ് അബ്രഹാം, വിന്‍സന്‍റ് തോമസ് എന്നിവരാണ് ഈ ബാച്ചില്‍ തീയോളജിയില്‍ ബിരുദാനന്തര ബിരുദം (M.Th) കരസ്ഥമാക്കിയവര്‍.

അമേരിക്കയിലുള്ള തിരക്കേറിയ ജീവിത സാഹചര്യത്തില്‍ കുടുംബവും , ജോലിയും ഒന്നിച്ചു കൊണ്ടുപോകുവാന്‍ തത്രപ്പെടുമ്പോള്‍ അതിനോടൊപ്പം വിശ്വാസ ജീവിതത്തെ മുറുകെ പിടിക്കാന്‍, അത് വരും തലമുറയിലേക്ക് കൂടുതലായി പകര്‍ന്നു നല്‍കാന്‍ ഉതകും വിധം ദൈവശാസ്ത്ര പഠനത്തില്‍ കാണിച്ച താല്പര്യത്തിനു ഇടവക വികാരി ബിരുദ ജേതാക്കളെ പ്രത്യേകം അഭിനന്ദിച്ചു. തിയോളജി പഠനം ദേവാലയത്തില്‍ തുടങ്ങാന്‍ മുന്‍കൈഎടുത്തു പ്രവര്‍ത്തിച്ച മുന്‍വികാരി ഫാ. തോമസ് കാടുകപ്പിള്ളിയച്ചനെ പ്രത്യേകം ചടങ്ങില്‍ ഓര്‍മിച്ചു.

പ്രോഗ്രാമിന്റെ കോ ഓര്‍ഡിനേറ്റര്‍ ജെയ്‌സണ്‍ അലക്‌സ് നന്ദി പറഞ്ഞു.ഈ സുദിനം ഇവിടെ സാധ്യമാക്കാന്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും നന്ദിയോടെ ഓര്‍മിച്ചു. പ്രത്യേകിച്ച് പഠനവേളകളില്‍ തങ്ങളോടൊപ്പം നിന്ന കുടുംബാംഗങ്ങള്‍ക്കും, എല്ലാആല്മീയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളൂം പ്രോത്സാഹനങ്ങളും നല്‍കിയ ഇടവക വകാരി, ആല്‍ഫ ഇന്‍സ്റ്റിട്യൂട്ടിന്റെ സാരഥികള്‍, എല്ലാറ്റിനും ഉപരിയായി എല്ലാ ഇടവക കുടുംബങ്ങള്‍ക്കും പ്രത്യേകം നന്ദി പറഞ്ഞു.

ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുന്ന പുതിയ എം.റ്റി.എച്ച് (M.Th) ബാച്ചിലേക്കുള്ള പ്രവേശനത്തിനായി ഇടവക വികാരിയുമായോ, ഇടവകയുടെ ട്രസ്റ്റിയുമായോ ബന്ധപ്പെടേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജെയ്‌സണ്‍ അലക്‌സ് (കോര്‍ഡിനേറ്റര്‍) (914) 6459899, മിനേഷ് ജോസഫ് (ട്രസ്റ്റി) (201) 9789828, മേരീദാസന്‍ തോമസ് (ട്രസ്റ്റി) (201) 9126451, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732)7626744, സാബിന്‍ മാത്യു (ട്രസ്റ്റി) (848) 3918461.
web: www.Stthomassyronj.org

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post