സൗത്ത് ഡക്കോട്ടയിലെ ആദ്യവധശിക്ഷ നടപ്പാക്കി

സൗത്ത് ഡക്കോട്ടയിലെ ആദ്യവധശിക്ഷ നടപ്പാക്കി

സയക്‌സഫാള്‍സ്(സൗത്ത് ഡക്കോട്ട): 2012 നുശേഷം സൗത്ത് ഡക്കോട്ട സംസ്ഥാനത്തെ ആദ്യ വധശിക്ഷ ഒക്ടോബര്‍ 29 തിങ്കളാഴ്ച വൈകീട്ട് വിഷമിശ്രിതം കുത്തിവെച്ചു നടപ്പാക്കി.

1979 ല്‍ വധശിക്ഷ പുനഃസ്ഥാപിച്ചതിനുശേഷം സംസ്ഥാനത്തെ നാലാമത്തെ വധശിക്ഷയാണിത്. ഏഴുവര്‍ഷങ്ങള്‍ക്കു മുമ്പ് സൗത്ത് ഡക്കോട്ട ജയിലില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ജയില്‍ ഗാര്‍ഡിനെ വധിച്ച കേസ്സിലാണ് റോഡ്‌നി ബെര്‍ഗെററി(56) നെ വധശിക്ഷക്കു വിധിച്ചിരുന്നത്. റൊണാള്‍ഡ് ജോണ്‍സന്‍ എന്ന ഗാര്‍ഡിന്റെ 63ാം ജന്മദിനത്തിലായിരുന്നു ഇയ്യാള്‍ കൊല്ലപ്പെട്ടത്.
ഉച്ചക്ക് 1.30 ന് നടത്തേണ്ടിയിരുന്ന വധശിക്ഷ സുപ്രീം കോടതി ഉത്തരവ് ലഭിക്കുന്നതിന് വൈകിയതിനാല്‍ രാത്രിയാണ് നടപ്പാക്കിയത്. വിഷമിശ്രിതം കുത്തിവെച്ചു നിമിഷങ്ങള്‍ക്കകം മരണം സ്ഥിരീകരിച്ചു.

വധശിക്ഷക്കു വിധേയനാക്കപ്പെട്ട റോഡ്‌നിയുടെ ജേഷ്ഠ സഹോദരന്‍ റോജറിനെ കാര്‍ മോഷ്ടിക്കുന്നതിനിടയില്‍ കാറിന്റെ ഉടമസ്ഥനെ കൊലപ്പെടുത്തിയതിന് 2000 ല്‍ ഒക്കലഹോമയില്‍ വധശിക്ഷക്ക് വിധേയനാക്കിയിരുന്നു.

വധശിക്ഷ ജയിലനകത്തു നടക്കുമ്പോള്‍ പുറത്ത് വധശിക്ഷയ്‌ക്കെതിരെ ശക്തമായ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കുറ്റമില്ലാത്തവര്‍ ആദ്യം കല്ലെറിയട്ടെ എന്ന ബോര്‍ഡ് പ്രകടനത്തില്‍ പങ്കെടുത്തവര്‍ ഉയര്‍ത്തിപിടിച്ചിരുന്നു.

പി പി ചെറിയാന്‍

Share This Post