സീറോ മലബാർ രൂപതാ സംഗമത്തിൽ പങ്കുചേരുക; മാർ ജേക്കബ് അങ്ങാടിയത്ത്

സീറോ മലബാർ രൂപതാ സംഗമത്തിൽ പങ്കുചേരുക; മാർ ജേക്കബ് അങ്ങാടിയത്ത്

ഡാളസ് : ഹൂസ്റ്റണിൽ 2019 ആഗസ്ത് ഒന്ന് മുതൽ നാല് വരെ നടക്കുന്ന നടക്കുന്ന ഏഴാമത് സീറോ മലബാര്‍ ‍ നാഷണല്‍ ‍ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷൻ കിക്കോഫ് ഗാർലന്റ്‌ സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനയിൽ ഒക്ടോബർ 14 ഞായറാഴ്ച നടന്നു.

സീറോ മലബാർ രൂപതാ മെത്രാനും കൺവൻഷൻ രക്ഷാധികാരിയുമായ മാർ. ജേക്കബ് അങ്ങാടിയത്ത് ഇടവകയിൽ രാവിലെ വി. കുർബാന അർപ്പിച്ചു, തുടർന്ന് ഫൊറോനായിലെ കൺവൻഷൻ രജിസ്‌ട്രേഷന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. കൺവൻഷൻ കൺവീനർ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ , ഫൊറോനാ വികാരി ഫാ ജോഷി എളമ്പാശേരിൽ എന്നിവർ സഹകാർമികരായിരുന്നു.

2019 ഓഗസ്റ്റ് ഒന്ന് മുതൽ നാല് തീയതികളിൽ ഹൂസ്റ്റണിൽ നടക്കുന്ന രൂപതാ കൺവൻഷൻ വിശ്വാസം ഒരുമയിൽ പ്രഘോഷിക്കുന്ന അവസരമാണെന്നു മാർ ജേക്കബ് അങ്ങാടിയത്ത് ഓർമ്മിപ്പിച്ചു. എല്ലാ ഇടവകകളിൽ നിന്നും മിഷനിൽ നിന്നും കഴിയുന്നത്ര ആളുകകൾ സംഗമിക്കുമ്പോളാണ് വിശ്വാസി സംഗമം രൂപതാ സംഗമമായി മാറുകയെന്നും കൺവൻഷനിൽ ഏവരും പങ്കുചേരണമെന്നും മാർ ജേക്കബ് അങ്ങാടിയത്ത്‌ വിശ്വാസികളോട് ആഹ്വാനം ചെയ്തു. അഭിവന്ദ്യ പിതാവ് മുൻ വികാരിയായി ഗാർലന്റ് ഇടവകയിൽ സേവനം ചെയ്തതും , 2005 സീറോ മലബാർ കൺവൻഷൻ ഗാർലൻറ് ഇടവകയുടെ ആതിഥേയത്തിൽ ഡാലസിൽ നടന്ന അനുഭവങ്ങളും മാർ. അങ്ങാടിയത്ത് വിശ്വാസികളുമായി പങ്കുവച്ചു. രൂപത വളർന്ന പശ്ചാത്തലത്തിൽ കൂടുതൽ വിശ്വാസികൾ കൺവൻഷനിൽ പങ്കെടുക്കുവാനും, ഈ രൂപതാ സംഗമം വിജയകരമായ ഒരു അനുഭവമാകട്ടെയെന്നും പിതാവ് ആശംസിച്ചു.

ഫാ. കുര്യൻ നെടുവേലിചാലുങ്കൽ ഏവരെയും കൺവൻഷനിലേക്കു സ്വാഗതം ചെയ്തു. ഏഴ് വർഷത്തിന് ശേഷം 2019 ൽ ഹൂസ്റ്റൺ സെന്റ് ജോസഫ് ഫോറോനാ ദേവാലയത്തിന്റെ ആതിഥേയത്തിൽ നടക്കുന്ന സീറോ മലബാർ ദേശീയ കണ്‍വന്‍ഷന്‍ വിശ്വാസികളുടെ വലിയ കൂട്ടായ്മയുടേയും വിശ്വാസ പ്രഘോഷണത്തിൻറെയും വേദിയാണ്. കൺവൻഷനു ഏറ്റവും കൂടുതൽ പ്രാതിനിധ്യം ടെക്‌സാസിൽ നിന്നും പ്രതീക്ഷിക്കുന്നതായും ഫാ. കുര്യൻ പറഞ്ഞു.

ഫാ. ജോഷി എളമ്പാശ്ശേരിൽ ഏവർക്കും സ്വാഗതം ആശംസിച്ചു. ഫൊറോനായിലെ ആദ്യ രജിസ്‌ട്രേഷൻ ജോസ് കുഴിപ്പിള്ളിയിൽ നിന്നും മാർ ജേക്കബ് അങ്ങാടിയത്ത് സ്വീകരിച്ചു. നിരവധി ആളുകൾ വേദിയിൽ തന്നെ രജിസ്റ്റർ ചെയ്തപ്പോൾ ഇടവകയിലെ നടന്ന രജിസ്‌ട്രേഷൻ കിക്ക് ഓഫ് വൻ വിജയമായി.

കൺവൻഷൻ ചെയർമാൻ അലക്സ് കുടക്കച്ചിറ , വൈസ് ചെയർമാൻ ബാബു മാത്യു പുല്ലാട്ട്, ജോസ് മണക്കളം, സെക്രട്ടറി പോൾ ജോസഫ്, ഫൈനാൻസ് കോ ഓർഡിനേറ്റർ ബിജൂ ജോർജ് , യൂത്ത്‌ കോർഡിനേറ്റർ തരുൺ മത്തായി, പ്രിൻസ് ജേക്കബ് , ടോം കുന്തറ ,ജെയിംസ് വിരുത്തികുളങ്ങര, ആന്റ്ണി ചെറു, ഫാൻസിമോൾ പള്ളത്തുമഠം , മാത്യു പൈമ്പള്ളിൽ , തുടങ്ങി കൺവൻഷൻ കമ്മറ്റി അംഗങ്ങളും ചടങ്ങുകളിൽ സന്നിഹിതരായിരുന്നു. ഇടവക കൈക്കാരൻമാരും കൺവൻഷൻ ലോക്കൽ കോ ഓർഡിനേറ്റേഴ്‌സുമാരായ മോൻസി വലിയവീട് , മൻജിത് കൈനിക്കര എന്നിവർ പരിപാടികൾ വിജയമാക്കി.

Share This Post