പ്രളയാനന്തര കേരളത്തിനു സ്വാന്തനമേകി “ലെറ്റ് തെം സ്മൈൽ എഗൈൻ” നോടോടൊപ്പം മെഡിക്കൽ മിഷൻ ടീമുമായി നഴ്സസ് അസ്സോസിയേഷനുകൾ

പ്രളയാനന്തര കേരളത്തിനു സ്വാന്തനമേകി “ലെറ്റ് തെം സ്മൈൽ എഗൈൻ” നോടോടൊപ്പം മെഡിക്കൽ മിഷൻ  ടീമുമായി  നഴ്സസ് അസ്സോസിയേഷനുകൾ

ഹൂസ്റ്റൺ: പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്ക് ഒരു കൈത്താങ്ങായി നാഷണൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക (NAINA) ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണും (IANAGH).

ഈ രണ്ടു സംഘടനകളും കൈ കോർത്ത്കൊണ്ട് കേരളത്തിൽ വിവിധ പ്രളയ ബാധിത പ്രദേശങ്ങളിൽ നടത്തിയ മെഡിക്കൽ മിഷൻ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. സെപ്റ്റംബർ 15 മുതൽ 25 വരെയുള്ള തീയതികളിൽ കേരളത്തിലെ പ്രളയബാധിതപ്രദേശങ്ങളിൽ വിവിധ മെഡിക്കൽ ക്യാമ്പുകൾ നടത്തി കൊണ്ടാണ് സ്വാന്തന പ്രവർത്തനങ്ങൾക്ക് ഇവർ വ്യത്യസ്ത മാനം നൽകിയത്. കഴിഞ്ഞ കുറെ വര്ഷങ്ങളായി കേരളത്തിലും ഇന്ത്യക്കു വെളിയിലും വ്യത്യസ്ത രീതിയിൽ സർജിക്കൽ ക്യാമ്പുകളും മെഡിക്കൽ ക്യാമ്പുകളും നടത്തിക്കൊണ്ടു നിസ്വാർത്ഥ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന ലെറ്റ് തെം സ്മൈൽ (let them smile again) എന്ന സംഘടനയോടു ചേർന്നാണ് ഈ മെഡിക്കൽ ക്യാമ്പുകൾ നടത്തിയത്.

അമേരിക്കയിൽ നിന്നും കേരളത്തിൽ പോയി ഈ പ്രവർത്തനങ്ങൾക്ക് 10 ദിവസം വിശ്രമം ഇല്ലാതെ നേതൃത്വം നൽകിയ വലിയ നഴ്സിംഗ് ടീമിന് ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ പ്രസിഡണ്ട് അക്കാമ്മ കല്ലേൽ നേതൃത്വം നൽകി. ഹൂസ്റ്റണിൽ നിന്നും ക്ലാരമ്മ മാത്യൂസ്, ബിൽജ സജിത്ത്, റോസ് ഗിൽസ്, ന്യൂയോർക്കിൽ നിന്നും മേരി ഫിലിപ്പ്, സാറാ തോമസ്, ഗ്രേസ് അലക്സാണ്ടർ, ജിൻസി ചാക്കോ എന്നിവരായിരുന്നു ടീമിലെ മറ്റ് അംഗങ്ങൾ. ചിക്കാഗോയിൽ നിന്നുള്ള സിൻസി വർഗീസ്, കാലിഫോർണിയയിൽ നിന്നുള്ള സുമ പോൾ, ഹാലി, റീറ്റ വാൻകെം എന്നിവരും ടീമിനോടൊപ്പം ചേർന്നു.

തോമസ് പാലത്തറ , മത്തായി മാത്യു, റിയ അലക്സാണ്ടർ തുടങ്ങിയവർ ടീമിനെ സഹായിക്കുവാനായി ആദിയോടന്തം ഉണ്ടായിരുന്നു. കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ ഡോക്ടർമാർ, സർജന്മാർ, സൈക്കോളജിസ്റ്സ്, സാമൂഹ്യ പ്രവർത്തകർ, സാമുദായിക പ്രവർത്തകർ, പ്രാദേശിക വോളന്റിയേഴ്‌സ് എന്നിവരുടെ നിസ്വാർത്ഥ സഹകരണവും, പിന്തുണയും കൂടിയായപ്പോൾ മെഡിക്കൽ ക്യാമ്പുകൾ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു.

ഈ ദശദിന ക്യാമ്പുകളുടെ പൊതുവായ നടത്തിപ്പിനും ഏകീകരണത്തിനും പ്രശംസനീയമായ നേതൃത്വം നൽകിയതു ലെറ്റ് തെം സ്മൈൽ ഫൗണ്ടേഷൻ (Let them Smile) നേതാക്കളായ ജോൺ. ഡബ്ല്യൂ. വർഗീസ്, ജിജു കുളങ്ങരയും, IANAGH പ്രസിഡണ്ട് അക്കാമ്മ കല്ലേലുമാണ്. പ്രമുഖ മാധ്യമ പ്രവർത്തകൻ ജോർജ് കാക്കനാടും നേതൃനിരയിലുണ്ടായിരുന്നു.

10 ദിവസങ്ങളിലായി 16 മെഡിക്കൽ മിഷൻ ക്യാമ്പുകൾ നടത്തുവാൻ കഴിഞ്ഞു. ഈ ക്യാമ്പുകളിൽ കൂടി പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്കു ഉപകാരപ്രദമായ നിരവധി പ്രവർത്തനങ്ങളാണ് നടത്തിയത്. പ്രാഥമിക ചികിത്സ, കൗൺസിലിങ്, കെയർ കിറ്റുകൾ, വസ്ത്ര കിറ്റുകൾ, മരുന്നുകൾ, ഭക്ഷണ പാക്കറ്റുകൾ നൽകൽ തുടങ്ങി വൈവിധ്യമാർന്ന സഹായങ്ങൾ ചെയ്യുവാൻ കഴിഞ്ഞു എന്ന് സംഘാടകർ അറിയിച്ചു.

ക്യാമ്പുകളിൽ 3,250ൽ പരം ആളുകൾ പങ്കെടുത്തു. വിജയകരമായ 39 സർജറികളും നടത്തുവാൻ കഴിഞ്ഞു. ഇതോടൊപ്പം ആരോഗ്യ വിദ്യാഭ്യാസം ആരോഗ്യകരമായ ജീവിത ശൈലീ ക്രമീകരണങ്ങളെ പറ്റി ക്ലാസ്സുകളും എടുത്തു. സി.പി ആർ (CPR) ട്രെയിനിങ് ക്ലാസ്സുകൾക്ക് ന്യൂയോർക് ചാപ്റ്റർ പ്രസിഡണ്ട് മേരി ഫിലിപ്പ് നേതൃത്വം നൽകി.

അസ്സോസിയേഷൻന്റെ വിവിധ ചാപ്റ്ററുകളിൽ നിന്നും വിവിധ നിലയിൽ സഹകരിച്ചവർക്കും സാമ്പത്തിക സഹായം നലകി സഹായിച്ച എല്ലാ സുമനസ്സുകൾക്കും സംഘാടകർ നന്ദി അറിയിച്ചു. 2018 ജനുവരിയിൽ യുണൈറ്റഡ് ലൈറ്റ് ഓഫ് ഹോപ്പു (United Light of Hope) മായി ചേർന്ന് ഹെയ്ത്തിയിലും ഭൂകമ്പബാധിത പ്രദേശങ്ങളിൽ പോയി പ്രവർത്തിയ്ക്കുവാനും ഈ സംഘടനകൾക്കു കഴിഞ്ഞുവെന്ന് അക്കാമ്മ കല്ലേൽ അറിയിച്ചു.

ജീമോൻ റാന്നി

Share This Post