ഡാലസ് കേരള അസോസിയേഷന്‍ ചിത്രരചനാ മത്സരം ഒക്‌ടോബര്‍ 13-ന്

ഡാലസ്: കേരള അസോസിയേഷന്‍ ഓഫ് ഡാലസും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എജ്യുക്കേഷന്‍ സെന്ററും സംയുക്തമായി കുട്ടികള്‍ക്കായി ചിത്രരചനാ മത്സരവും, പെന്‍സില്‍ ഡ്രോയിങ് വാട്ടര്‍ കളറിങ്ങ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ 13 ശനിയാഴ്ച രാവിലെ 9.30 മുതല്‍ ഗാര്‍ലന്റ് ഇന്ത്യാ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. നാലു ഗ്രൂപ്പുകളായി സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ മുന്‍ കൂട്ടി റജിസ്റ്റര്‍ ചെയ്യുന്നത് കൂടുതല്‍ സൗകര്യപ്രദമായിരിക്കുമെന്നും എന്നാല്‍ ഓണ്‍സൈറ്റിലും റജിസ്ട്രര്‍ ചെയ്യുന്നതിന് സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുള്ളതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹരിദാസ് തങ്കപ്പന്‍ : 214 908 5686അനശ്വര്‍ മാമ്പിള്ളി : 214 997 1385, സുധീര്‍ പി.: 972 325 1409.

ഈസ്റ്റ് ടെക്‌സസില്‍ രണ്ടു വയസുകാരന്‍ അബദ്ധത്തില്‍ വെടിയേറ്റു മരിച്ചു

ചെറോക്കി കൗണ്ടി (ടെക്‌സസ്): ഡാലസില്‍ നിന്നും നൂറ്റിമുപ്പതു മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന ബന്ധുക്കളുടെ വീട്ടില്‍ മാതാവുമൊത്ത് അതിഥിയായി എത്തിയ രണ്ടു വയസ്സുകാരന്‍ അശ്രദ്ധയായി വെച്ചിരുന്ന തോക്കെടുത്തു കളിക്കുന്നതിനിടയില്‍ കഴുത്തിനു വെടിയേറ്റു മരിച്ചു.

സെപ്റ്റംബര്‍ 27 വ്യാഴാഴ്ചയായിരുന്നു സംഭവം.അമ്മയും രണ്ടു കുട്ടികളും ഒരുമിച്ചാണ് ഇവിടെ സന്ദര്‍ശനത്തിനെത്തിയത്. ബെഡ്‌റൂമില്‍ രണ്ടു കുട്ടികളും ചുറ്റി കറങ്ങുന്നതിനിടയിലാണ് തോക്ക് ശ്രദ്ധയില്‍പ്പെട്ടത്.സംഭവം നടക്കുമ്പോള്‍ വീട്ടിനകത്തു പല മുതിര്‍ന്നവരും ഉണ്ടായിരുന്നതായി ചെറോക്കി ഷെറിഫ് ജെയിംസ് കാമ്പല്‍ പറഞ്ഞു.

ശബ്ദം കേട്ട് മറ്റുള്ളവര്‍ ഓടിയെത്തുമ്പോള്‍ കഴുത്തിന് വെടിയേറ്റു രക്തത്തില്‍ കുളിച്ചു കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു.ഇതിനെ കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ആരുടെ പേരിലും കേസെടുത്തിട്ടില്ലാ എന്ന് ഷെറിഫ് പറഞ്ഞു.

ചെറിയ കുട്ടികള്‍ , അശ്രദ്ധയായി വയ്ക്കുന്ന തോക്കെടുത്തു കളിക്കുന്നതിനിടയില്‍ അപകടം സംഭവിക്കുന്നതു ആദ്യമല്ലെന്നും നോര്‍ത്ത് ടെക്‌സസില്‍ 3 വയസ്സുള്ള കുട്ടി തോക്കെടുത്തു സ്വയം തലക്കു നേരെ വെടിയുതിര്‍ത്ത് മരിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും ഷെറിഫ് പറഞ്ഞു. മാതാപിതാക്കളും മുതിര്‍ന്നവരും തോക്ക് വീടിനകത്ത് അശ്രദ്ധയായി വയ്ക്കാതെ വളരെ സൂക്ഷിച്ച് ലോക്ക് ചെയ്തു വെക്കണമെന്ന് ഷെറിഫ് അറിയിച്ചു.

സുപ്രീംകോടതി നോമിനിക്ക് സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയുടെ അംഗീകാരം, പരിമിത എഫ്.ബി.ഐ അന്വേഷണത്തിന് ട്രമ്പിന്റെ അനുമതി

വാഷിംഗ്ടണ്‍: രണ്ടു മാസത്തിലേറെയായി രാഷ്ട്രം ആകാംഷയോടെ കാത്തിരുന്ന സുപ്രീംകോടതി നോമിനി ജഡ്ജി ബ്രിട്ട് കാവനോയുടെ നോമിനേഷന്‍ സെനറ്റ് ജുഡീഷ്യറി കമ്മിറ്റി അംഗീകരിച്ചു.

സെപ്റ്റംബര്‍ 28 വെള്ളിയാഴ്ച ആകാംഷാനിര്‍ഭരമായ നിരവധി സന്ദര്‍ഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ശേഷമാണ് ഉച്ചക്ക് രണ്ടുമണിയോടെ സെനറ്റ് കമ്മിറ്റിയിലെ ഇരുപത്ത് ഒന്ന് അംഗങ്ങളില്‍ 11 പേരുടെ പിന്തുണയോടെ നോമിനേഷന്‍ അംഗീകരിച്ചു ഫുള്‍ സെനറ്റിന്റെ തീര്‍പ്പിനുവേണ്ടി അയച്ചത്.

പതിനൊന്നംഗ റിപ്പബ്ലിക്കന്‍ മെമ്പര്‍മാരില്‍ അരിസോണ സെനറ്ററുടെ മലക്കം മറിച്ചില്‍ അവസാന നിമിഷംവരെ ഉദ്വേഗം നിലനിര്‍ത്തി. ആദ്യം നിയമനത്തെ ശക്തമായി എതിര്‍ത്ത സെനറ്റര്‍ ഫ്‌ളേക്ക് വെള്ളിയാഴ്ച രാവിലെ ജഡ്ജിയെ അനുകൂലിച്ചു വോട്ടു ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു.

രാവിലെ 9.30ന് സെനറ്റ് കമ്മിറ്റി ചേര്‍ന്ന് അല്പസമയത്തെ ചര്‍ച്ചക്കുശേഷം വോട്ടെടുപ്പ് പ്രഖ്യാപിക്കാതെ വീണ്ടും ഉച്ചയ്ക്ക് ഒന്നരക്ക് യോഗം ചേര്‍ന്നപ്പോള്‍ സെനറ്റര്‍ ഫ്‌ളേക്കിനെ കണ്ടെത്താനായില്ല. അല്പസമയത്തിനു ശേഷം അദ്ദേഹം സീറ്റിലെത്തി നിബന്ധനകളോടെ ജഡ്ജിയുടെ നിയമനം അംഗീകരിക്കാമെന്ന് ചെയര്‍മാനെ അറിയിച്ചു.

ഒരാഴ്ചയ്ക്കുള്ളില്‍ എഫ്.ബി.ഐ. കേസ്സന്വേഷിച്ചു പൂര്‍ത്തീകരിക്കണമെന്നും അതിനുശേഷം സെനറ്റ് ഫുള്‍ ഫ്‌ളോറില്‍ വോട്ടെടുപ്പു നടത്തണമെന്നായിരുന്നു ഫ്‌ളേക്കിന്റെ നിര്‍ദേശം.റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ചര്‍ച്ച ചെയ്ത് സ്വീകരിച്ച നിലപാട് ട്രമ്പ് അംഗീകരിക്കുകയായിരുന്നു. ലൈംഗീക ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതവും, വ്യാജവുമാണെന്നാണ് ജഡ്ജി വ്യാഴാഴ്ച നടന്ന സെനറ്റ് ഹിയറിംഗില്‍ ലഭിച്ചത്.

പി.പി. ചെറിയാന്‍

നൈനയുടെ ആറാം ബൈനിയൽ കോൺഫറൻസ്‌ ഡാലസിൽ

ഡാളസ് :അമേരിക്കയിലെ പ്രവാസി നഴ്‌സുമാരുടെ എല്ലാ സംഘടനകളുടെയും അംബ്രല്ലാ ഓർഗനൈസേഷൻ ആയ നാഷണൽ അസോസിയേഷൻ ഒഫ്‌ ഇന്ത്യൻ നഴ്സസ്‌ ഇൻ അമേരിക്ക (NAINA) യുടെ ആറാമതു ദ്വൈവൽസര സമ്മേളനം ഈ വർഷം ഡാലസിൽ വച്ച്‌ നടത്തപ്പെടുന്നു.

നൈനയുടെ ശക്തമായ ചാപ്റ്ററുകളിലൊന്നായ ഇന്ത്യൻ അമേരിക്കൻ അസോസിയേഷൻ ഓഫ്‌ നോർത്ത്‌ ടെക്‌സാസ് (IANA-NT) ആണു ബയനിയല്‍ കോൻഫറൻസിന്റെ ആതിഥേയർ. 2018 ഒക്റ്റോബർ 26, 27 തിയതികളിൽ നടക്കുന്ന കോൺഫറൻസിന് ഡാലസിലുള്ള ഏട്രിയം ഹോട്ടൽ വേദിയാവും. കോൺഫറൻസിൽ വിവിധ പ്രൊഫഷണൽ, എഡ്യൂക്കേഷൻ പരിപാടികൾ നഴ്‌സുമാർക്കായി സംഘടിപ്പിച്ചിരുന്നു. അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളിൽ നിന്നായി രജിസ്റ്റർ ചെയ്ത നിരവധി ഇൻഡ്യൻ നഴ്സുമാർ കോണ്ഫറൻസിൽ പങ്കെടുക്കും.

“Excellence through Advocacy: Engage, Transform, Translate” എന്നതാണു കോൺഫറൻസിന്റെ മുഖ്യ തീം.
പരിപാടിയിൽ അമേരിക്കൻ നഴ്സിംഗ്‌ രംഗത്തെ ഒട്ടനവധി പ്രഭാഷകരും അധ്യാപകരും പങ്കെടുക്കും.
കൺവൻഷന്റെ സമാപന ദിനമായ ഒക്റ്റോബർ 27 ലെ സായാഹ്നത്തിൽ നഴ്‌സുമാരെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ ഗാല ഡിന്നർ ബാൻക്വറ്റ്‌ ഇർവിങ്ങിലൂള്ള എസ്‌എൽപിഎസ്‌ കൺവൻഷൻ സെന്ററിൽ നടക്കും. ഡാലസിലെ പ്രമുഖ ഇന്ത്യൻ മ്യൂസിക്‌ ബാൻഡായ ഫൈവ്‌ ഓഫ്‌ എയ്റ്റ്‌ത്ത് അവതരിപ്പിക്കുന്ന ഗാനമേള ഗാല നൈറ്റിൽ മുഖ്യ ആകർഷണമാകും.

നൈനാ ബൈനീയൽ കോൻഫറൻസിന്റെ കിക്കോഫ്‌ സെപ്‌റ്റംബർ 16 നു കരോൾട്ടനിൽ നടത്തപ്പെട്ടു. പരിപാടിയിൽ ഇന്ത്യൻ നഴ്സസ്‌ ഇൻ അമേരിക്ക-നോർത്ത് ടെക്‌സാസ് പ്രസിഡന്റ് ഹരിദാസ്‌ തങ്കപ്പൻ ചടങ്ങിൽ ആധ്യക്ഷ വഹിച്ചു സംസാരിച്ചു. പരിപാടി വിജയമാക്കാൻ എല്ലാ നഴ്‌സുമാരോടും അനുബന്ധ സംഘടനകളോടും അദ്ദേഹം അഭ്യർഥിച്ചു. നൈന നാഷണൽ പ്രസിഡന്റ്‌ ജാക്കി മൈക്കിൾ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. സമ്മേളനത്തിന്റെ ഹോസ്റ്റിംഗ്‌ ചാപ്റ്റർ കൺവീനർ മഹേഷ്‌ പിള്ള കോൺഫറൻസിനെപ്പറ്റി വിശദീകരിക്കുകയും ഉണ്ടായി.

ടെക്‌സാസിലെ തന്നെ മറ്റൊരു ശക്തമായ ചാപ്റ്ററായ ഹൂസ്റ്റൺ -ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ്‌ ഗ്രേറ്റർ ഹൂസ്റ്റൺ ( INAGH ) പ്രസിഡന്റ് അക്കമ്മ കല്ലേൽ കോൺഫറൻസ് വിജയത്തിനായി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

ഡാളസിലെ എല്ലാ ഇന്ത്യൻ സംഘടനകളുടെയും ഇന്ത്യൻ സമൂഹത്തിന്റെയുംസാന്നിധ്യം ഡിന്നർ നൈറ്റിലുണ്ടാവണം എന്ന് സമ്മേളനത്തിന്റെ ആതിഥേയരായ ഇന്ത്യൻ നഴ്സസ്‌ ഇൻ അമേരിക്ക-നോർത്ത് ടെക്‌സാസിനെ പ്രതിനിധീകരിച്ചു പ്രസിഡന്റ്‌ ഹരിദാസ്‌ തങ്കപ്പനും കൺവീനർ മഹേഷ് പിള്ളയും അഭ്യർഥിച്ചു

കൂടുതൽ വിവരങ്ങൾക്കും രജിസ്ടേഷനും www.nainausa.com എന്ന് വെബ്സൈറ്റ്‌ സന്ദർശിക്കുക.

ക്‌നാനായ റീജിയന്‍ പ്രതിനിധി സമ്മേളനത്തിന് തിരിതെളിഞ്ഞു

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസ് ക്‌നാനായ പള്ളിയില്‍ വച്ച് ചിക്കാഗോ രൂപത ക്‌നാനായ റീജിയന്റെ നേതൃത്വത്തില്‍ നടന്ന പ്രതിനിധി സമ്മേളനത്തിന് തിരിതെളിയിച്ചു. റീജിയന്റെ എല്ലാ ഇടവകയിലെയും മിഷനിലെയും വൈദികര്‍, സന്യസ്തര്‍, കൈക്കാരന്മാര്‍, പാരിഷ് കൗണ്‍സില്‍ പ്രതിനിധികള്‍, ഡി.ആര്‍.ഇ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

സെപ്തംബര്‍ 28 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് റീജിയണിലെ എല്ലാ വൈദികരും ചേര്‍ന്നു അര്‍പ്പിച്ച സമൂഹബലിയില്‍ സെ.മേരിസ് ഇടവക വികാരിയും ക്‌നാനായ റീജിയന്‍ ഡയറക്ടറുമായ മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടന്ന് നടന്ന പ്രതിനിധി സമ്മേളനം മോണ്‍. തോമസ് മുളവനാല്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. നിലവിലുള്ള വിവിധ കമ്മീഷനുകളുടെ പ്രവര്‍ത്തനങ്ങള്‍, ഭാവി കര്‍മപരിപാടികള്‍ തുടങ്ങി ക്‌നനായ സമുഹം നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

ചിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാന്‍ അഭിവന്ദൃ മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുക്കുകയും ആശംസപ്രസംഗം നടത്തുകയും ചെയ്യതു. ക്‌നാനായ റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണെന്നും വളര്‍ച്ചയ്ക്കായി നാം പ്രാര്‍ത്ഥനയോടെ കാത്തിരിക്കയും ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് അദ്ദേഹം തന്റെ ആശംസാപ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു. ക്‌നാനായ റീജിയണിലെ എല്ലാ ഇടവകകളില്‍ നിന്നുമായി 68 ഓളം പ്രതിനിധികള്‍ ഈ ഏകദിന സമ്മേളനത്തില്‍ പങ്കെടുത്തു.
സ്റ്റീഫന്‍ ചൊള്ളമ്പേല്‍. (പി.ആര്‍.ഒ) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം