മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടിയുടെ (മാര്‍ക്ക്) സ്‌പോര്‍ട്‌സ് & ഗെയിംസ് ഉദ്ഘാടനം ചെയ്തു

ന്യൂയോര്‍ക്ക്: കഴിഞ്ഞ പത്തുവര്‍ഷമായി വിപുലമായ രീതിയില്‍ നടത്തിവരുന്ന മാര്‍ക്കിന്റെ 2018- 2019-ലെ സ്‌പോര്‍ട്‌സ് & ഗെയിംസ് പ്രവര്‍ത്തനോദ്ഘാടനം സുപ്രസിദ്ധ പിന്നണി ഗായകന്‍ കെ.ജി. മാര്‍ക്കോസ് ക്ലാര്‍ക്‌സ് ടൗണ്‍ നോര്‍ത്ത് ഹൈസ്കൂള്‍ ജിമ്മില്‍ വച്ചു സെപ്റ്റംബര്‍ 30-നു ഞായറാഴ്ച നിര്‍വഹിച്ചു.

അമ്പതില്‍പ്പരം കായിക പ്രേമികള്‍ വോളിബോള്‍, ബാഡ്മിന്റണ്‍, ബാസ്കറ്റ്‌ബോള്‍ മുതലായ സ്‌പോര്‍ട്‌സ് & ഗെയിംസ് ആക്ടിവിറ്റീസ് റോക്ക്‌ലാന്റിലുള്ള വിവിധ ക്ലാര്‍ക്‌സ് ടൗണ്‍ സ്കൂള്‍ ജിമ്മുകളില്‍ വച്ചു കഴിഞ്ഞ പത്തു വര്‍ഷത്തോളമായി വിജയകരമായി നടത്തിവരുന്നു. എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം 7 മുതല്‍ 10 വരേയും, ഞായറാഴ്ച 5 മുതല്‍ 7 വരേയുമാണ് സമയം.

സ്‌പോര്‍ട്‌സ് & ഗെയിംസില്‍ നിന്നുള്ള വരുമാനം കേരളത്തില്‍ വിവിധതരം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നു. മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടി (മാര്‍ക്ക്) ആദ്യഗഡുവായി മഹാപ്രളയവും പേമാരിയും ദുരിതംവിതച്ച ഇടുക്കി ജില്ലയിലെ മണിയാറന്‍കുടിയില്‍ ഉരുള്‍പൊട്ടല്‍ മൂലം വീടുകള്‍ നഷ്ടപ്പെട്ട 14 കുടുംബങ്ങള്‍ക്ക് നല്‍കിയ വിവരം സന്തോഷത്തോടെ അറിയിക്കുന്നു.

രണ്ടാം ഗഡുവായി ഈവര്‍ഷത്തെ സ്‌പോര്‍ട്‌സ് & ഗെയിംസില്‍ നിന്നുള്ള ധനലാഭവും മാര്‍ക്കിന്റെ ഫണ്ട് റൈസിംഗില്‍ നിന്നുള്ള പണവും ചേര്‍ത്ത് കുട്ടനാട്ടിലെ ജലപ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കുവേണ്ടി ഉടന്‍തന്നെ നല്‍കുവാന്‍ തീരുമാനിച്ചു.

വരുംവര്‍ഷങ്ങളില്‍ പ്രായഭേദമെന്യേ കൂടുതല്‍ ആളുകള്‍ മാര്‍ക്കിന്റെ സ്‌പോര്‍ട്‌സ് ക്ലബിന്റെ ഭാഗമാകുവാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ട്. മാര്‍ക്കിന്റെ ഈ സ്‌പോര്‍ട്‌സ് ക്ലബ് വിജയകരമായി മുന്നേറുന്നതില്‍ സഹായ സഹകരണങ്ങള്‍ അര്‍പ്പിച്ച എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും നന്ദി അറിയിക്കുന്നു.

ഈവര്‍ഷത്തെ സ്‌പോര്‍ട്‌സ് & ഗെയിംസ് ആക്ടിവിറ്റീസില്‍ അമ്പതില്‍പ്പരം ആളുകള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. റോക്ക്‌ലാന്റ് നിവാസികളായ മലയാളികള്‍ക്ക് ഇതൊരു അസുലഭ സന്ദര്‍ഭമാണ്. ഇനിയും ആര്‍ക്കെങ്കിലും മാര്‍ക്കിന്റെ സ്‌പോര്‍ട്‌സ് & ഗെയിംസില്‍ പങ്കെടുക്കുവാന്‍ താത്പര്യമുണ്ടെങ്കില്‍ വിളിക്കുക: പ്രസിഡന്റ് – ജോസ് അക്കക്കാട്ട് 845 461 1052, സെക്രട്ടറി- സന്തോഷ് വര്‍ഗീസ് 201 310 9247, തോമസ് അലക്‌സ് 845 893 4301, സിബി ജോസഫ് 816 786 9159.

തോമസ് അലക്‌സ് അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

ഇമ്മാനുവേൽ മാർത്തോമാ ഇടവക ഹാഗാർ നൈറ്റും സേവികാസംഘം ശതാബ്ദി ആഘോഷവും നടത്തി

ഹൂസ്റ്റൺ: ഇമ്മാനുവേൽ മാർത്തോമാ ഇടവകയിലെ സ്ത്രീകളുടെ സംഘടനയായ ഇമ്മാനുവേൽ സുവിശേഷ സേവികാ സംഘത്തിന്‍റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട സേവികാസംഘം ശതാബ്ദി ആഘോഷവും, ഹാഗാർ നൈറ്റും ഒക്ടോബർ മാസം ആറാം തീയതി, ശനിയാഴ്ച വൈകുന്നേരം ആറുമണിക്ക് ഇമ്മാനുവേൽ സെൻറർ ഓഡിറ്റോറിയത്തിൽ വെച്ച് ഇടവക വികാരിമാരായ റവ: ഏബ്രഹാം വർഗീസ്, റവ: സജി ആൽബിൻ, ട്രിനിറ്റി മാര്‍ത്തോമാ ഇടവക വികാരി റവ: ജേക്കബ്‌.പി. തോമസ്‌ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തപ്പെട്ടു.

സേവികാ സംഘം സെക്രട്ടറി മറിയാമ്മ ഉമ്മൻ, ആലീസ് തോമസ് എന്നിവർ പരിപാടികൾക്ക് ചുക്കാൻ പിടിച്ചു.ഇമ്മാനുവേൽ ഇടവകയുടെ സ്ത്രീരത്നങ്ങൾ അവരുടെ മികച്ചകലാ പ്രകടനങ്ങള്‍ നടത്തി സദസ്സിനെ മുഴുവൻ കോരിത്തരിപ്പിച്ചു. റവ എ.ടി തോമസ് രചന നിർവഹിക്കയും സാം പടിഞ്ഞാറ്റിടം സംവിധാനം ചെയ്യുകയും ചെയ്ത “ശിപ്രാ”എന്ന ഹ്രസ്വനാടകം ഇമ്മാനുവേലിലെ സ്ത്രീകൾ മികവുറ്റരീതിയിൽ അവതരിപ്പിക്കുകയുണ്ടായി.

100ന്‍റെ നിറവിൽ നിൽക്കുന്ന മാർത്തോമാ സുവിശേഷ സേവികാ സംഘത്തിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെഭാഗമായി ഹൂസ്റ്റൺ ഇമ്മാനുവേൽ ഇടവകയിലെ നൂറിലധികം സ്ത്രീകളെ അണിനിരത്തി അവതരിപ്പിച്ച ശതാബ്‌ദിഗാനം ഒരു വേറിട്ട അനുഭവമായിരുന്നു.

നിർധനരായ കേരളത്തിലെ വിധവകൾക്ക് ആശ്വാസമായി 2012 ൽ ഇമ്മാനുവേൽ ഇടവകയിലെ സേവികാസംഘം ആരംഭിച്ച ഹാഗാർ നൈറ്റ് എന്ന കൾച്ചറൽ സ്റ്റേജ് പ്രോഗ്രാം നൂറിലധികം വിധവകൾക്ക് ഇതുവരെ പുനരുദ്ധാരണത്തിന്‍റെ പാതയൊരുക്കുവാൻ സാധിച്ചു. ഈ വർഷവും പ്രളയദുരന്തത്തിൽ ആണ്ടുപോയ കേരളത്തിലെ നിർധനരായ വിധവകൾക്ക് ആശ്വാസമായി മാറുവാൻ ഹാഗാർനൈറ്റിലൂടെ സമാഹരിക്കുന്ന തുക സാധ്യമാക്കും എന്ന് ഇതിന്‍റെ സംഘാടകര്‍ അറിയിച്ചു.

ജീമോൻ റാന്നി

രാഷ്ട്രത്തിന്റെ പേരില്‍ മാപ്പപേക്ഷിച്ച് ട്രംപ്

വാഷിംഗ്ട്ണ്‍ ഡി.സി: സുപ്രീംകോടതി ജഡ്ജിയായി നിയമിതനായ ജഡ്ജി ബ്രെട്ട് കാവനോയുടെ ഒക്‌ടോബര്‍ എട്ടിനു തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് വൈറ്റ് ഹൗസില്‍ നടന്ന ഔദ്യോഗിക സത്യപ്രതിജ്ഞാ ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാഷ്ട്രത്തിന്റെ പേരില്‍ ജഡ്ജിയോട് നടത്തിയ മാപ്പപേക്ഷ അവിസമരണീയ നിമിഷങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുകയും ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിനു തുടക്കംകുറിക്കുകയും ചെയ്തു.

സുപ്രീംകോടതി ജഡ്ജിയായി കാവനോയുടെ നാമനിര്‍ദേശം പ്രസിഡന്റിന്റെ ഭാഗത്തുനിന്നും ഉണ്ടായതുമുതല്‍ ജഡ്ജിക്കും കുടുംബത്തിനും അനുഭവിക്കേണ്ടിവന്ന മാനസീക സംഘര്‍ഷങ്ങളുടെ പേരിലാണ് പ്രസിഡന്റ് പരസ്യമായി മാപ്പപേക്ഷ നടത്തിയത്. തികച്ചും അസാധാരണ സംഭവമാണിതെന്ന് സത്യപ്രതിജ്ഞാ ചടങ്ങിനു സാക്ഷ്യംവഹിക്കാനെത്തിയവര്‍ അഭിപ്രായപ്പെട്ടു.

അസത്യവും ചതിയും കാണേണ്ടിവന്നെങ്കിലും സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയുടേയും എഫ്.ബി.ഐയുടേയും വിദഗ്ധ അന്വേഷണങ്ങള്‍ക്കൊടുവില്‍ നിരപാധിയായി പുറത്തുവന്ന ജഡ്ജി രാഷ്ട്രത്തിന്റെ പരമോന്നത നീതിപീഠത്തിനു തികച്ചും അര്‍ഹനാണെന്നു പ്രസിഡന്റ് പറഞ്ഞു.

വ്യക്തിപരമായും രാഷ്ട്രീയമായും തകര്‍ക്കുക എന്ന ഗൂഢലക്ഷ്യമായിരുന്നു ഈ അപവാദപ്രചാരണം അഴിച്ചുവിട്ടവര്‍ക്കെന്നും പ്രസിഡന്റ് ആവര്‍ത്തിച്ചു. യാതൊരു പക്ഷാഭേദവുമില്ലാതെ സ്വതന്ത്രമായ നീതി നിര്‍വഹണമാണ് തന്റെ ഭാഗത്തുനിന്നും ഉണ്ടാവുകയെന്ന് ജഡ്ജി ഉറപ്പു നല്‍കി.

തിയോളജിയില്‍ എം.റ്റി.എച്ച് ബിരുദദാനം സോമര്‍സെറ്റ് ദേവാലയത്തില്‍

ന്യൂജേഴ്‌സി: അല്‍മായര്‍ക്കിടയില്‍ ദൈവശാസ്ത്ര പഠനം പ്രോത്‌സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി തലശേരി ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ടും സോമര്‍സെറ്റ് സെന്‍റ് തോമസ് ഇടവകയും ചേര്‍ന്ന് രൂപീകരിച്ച ‘തിയോളജി എഡ്യൂക്കേഷന്‍ സെന്‍ററി’ല്‍ നിന്നുള്ള ആദ്യ ബാച്ചിന്റെ ദൈവശാസ്ത്ര ബിരുദാനന്തര ബിരുദദാന ചങ്ങുകള്‍ സെന്‍റ് തോമസ് സീറോ മലബാര്‍ കത്തലിക് ഫൊറോനാ ദേവാലായത്തില്‍ വച്ച് സെപ്റ്റംബര്‍ 30 ന് ഞായറാഴ്ച രാവിലെ 9:30 നുള്ള വിശുദ്ധ ദിവ്യബലിയോടനുബന്ധിച്ചു നടത്തപ്പെട്ടു.

തലശേരി അതിരൂപത പ്രഥമ സഹായമെത്രാനും, സര്‍വോപരി ആല്‍ഫാ ഇന്‍സ്റ്റിറ്റുട്ടിന്റെ സ്ഥാപകന്‍ കൂടിയായ റവ. ഡോ. മാര്‍. ജോസഫ് പാംപ്ലാനിയില്‍ നിന്നും ജേതാക്കള്‍ ബിരുദം ഏറ്റു വാങ്ങി. ചടങ്ങില്‍ ഇടവക വികാരി റവ. ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയാകാരന്‍ ബിരുദദാനത്തോടൊപ്പമുള്ള സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചങ്ങനാശ്ശേരി എസ്. ബി. കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ടോമി പടിഞ്ഞാറേക്കളവും ചടങ്ങില്‍ സന്നിഹീതരായിരുന്നു.

ആദ്യ ബാച്ച് എം. റ്റി. എച്ച് പരീക്ഷയില്‍ ഒന്നാം റാങ്ക് തെരേസ ടോമിയും, രണ്ടാം റാങ്ക് ജാന്‍സി അബ്രഹാമും നേടി. മൂന്നാം റാങ്ക് മോളി നെല്ലിക്കുന്നേല്‍, ജെയ്‌സണ്‍ അലക്‌സ് എന്നിവര്‍ പങ്കിട്ടു.

റാങ്ക് ജേതാക്കള്‍ക്കുള്ള ട്രോഫി തലശേരി അതിരൂപതയുടെ മെത്രാപ്പൊലീത്തയും, ആല്‍ഫ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചാന്‍സലര്‍ കൂടിയായ മാര്‍ ജോര്‍ജ് ഞരളക്കാട്ട് വിതരണം ചെയ്തു. ചടങ്ങില്‍ ഡോ. മാര്‍. ജോസഫ് പാംപ്ലാനിയോടൊപ്പം, ഫാ. ഫിലിപ് വടക്കേക്കര, പാറ്റേഴ്‌സണ്‍ സെന്‍റ്.ജോര്‍ജ് സിറോമലബാര്‍ ഇടവക വികാരി ഫാ. ക്രിസ്റ്റി പറമ്പുകാട്ട് എന്നിവരും സന്നിഹീതരായിരുന്നു.

ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ സോമര്‍സെറ്റ് സെന്‍റ് തോമസ് ഫൊറോനാ ദൈവാലയത്തില്‍ 2015 നവംബറില്‍ തുടക്കം കുറിച്ച ആദ്യ ബാച്ചില്‍ പഠനമാരംഭിച്ച 13 പേരാണ് തിയോളജിയില്‍ മാസ്റ്റര്‍ ബിരുദം പൂര്‍ത്തിയാക്കിയത്. ‘ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സ്’ അമേരിക്കയില്‍ ആദ്യമായി ആരംഭിച്ച സ്റ്റഡി സെന്ററാണ് സോമര്‍സെറ്റിലുള്ളത്.

ആനി എം. നെല്ലിക്കുന്നേല്‍, എല്‍സമ്മ ജോസഫ്, ജെയ്‌സണ്‍ ജി. അലക്‌സ്, ജാന്‍സി മാത്യു എബ്രഹാം, ജിമ്മി ജോയി, ലീന റ്റി.പെരുമ്പായില്‍, മേരിക്കുട്ടി കുര്യന്‍, റെനി പോളോ മുരിക്കന്‍, ഷൈന്‍ സ്റ്റീഫന്‍, സോഫിയ കൈരന്‍, തെരേസ ടോമി, വര്‍ഗ്ഗീസ് അബ്രഹാം, വിന്‍സന്‍റ് തോമസ് എന്നിവരാണ് ഈ ബാച്ചില്‍ തീയോളജിയില്‍ ബിരുദാനന്തര ബിരുദം (M.Th) കരസ്ഥമാക്കിയവര്‍.

അമേരിക്കയിലുള്ള തിരക്കേറിയ ജീവിത സാഹചര്യത്തില്‍ കുടുംബവും , ജോലിയും ഒന്നിച്ചു കൊണ്ടുപോകുവാന്‍ തത്രപ്പെടുമ്പോള്‍ അതിനോടൊപ്പം വിശ്വാസ ജീവിതത്തെ മുറുകെ പിടിക്കാന്‍, അത് വരും തലമുറയിലേക്ക് കൂടുതലായി പകര്‍ന്നു നല്‍കാന്‍ ഉതകും വിധം ദൈവശാസ്ത്ര പഠനത്തില്‍ കാണിച്ച താല്പര്യത്തിനു ഇടവക വികാരി ബിരുദ ജേതാക്കളെ പ്രത്യേകം അഭിനന്ദിച്ചു. തിയോളജി പഠനം ദേവാലയത്തില്‍ തുടങ്ങാന്‍ മുന്‍കൈഎടുത്തു പ്രവര്‍ത്തിച്ച മുന്‍വികാരി ഫാ. തോമസ് കാടുകപ്പിള്ളിയച്ചനെ പ്രത്യേകം ചടങ്ങില്‍ ഓര്‍മിച്ചു.

പ്രോഗ്രാമിന്റെ കോ ഓര്‍ഡിനേറ്റര്‍ ജെയ്‌സണ്‍ അലക്‌സ് നന്ദി പറഞ്ഞു.ഈ സുദിനം ഇവിടെ സാധ്യമാക്കാന്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും നന്ദിയോടെ ഓര്‍മിച്ചു. പ്രത്യേകിച്ച് പഠനവേളകളില്‍ തങ്ങളോടൊപ്പം നിന്ന കുടുംബാംഗങ്ങള്‍ക്കും, എല്ലാആല്മീയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളൂം പ്രോത്സാഹനങ്ങളും നല്‍കിയ ഇടവക വകാരി, ആല്‍ഫ ഇന്‍സ്റ്റിട്യൂട്ടിന്റെ സാരഥികള്‍, എല്ലാറ്റിനും ഉപരിയായി എല്ലാ ഇടവക കുടുംബങ്ങള്‍ക്കും പ്രത്യേകം നന്ദി പറഞ്ഞു.

ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുന്ന പുതിയ എം.റ്റി.എച്ച് (M.Th) ബാച്ചിലേക്കുള്ള പ്രവേശനത്തിനായി ഇടവക വികാരിയുമായോ, ഇടവകയുടെ ട്രസ്റ്റിയുമായോ ബന്ധപ്പെടേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജെയ്‌സണ്‍ അലക്‌സ് (കോര്‍ഡിനേറ്റര്‍) (914) 6459899, മിനേഷ് ജോസഫ് (ട്രസ്റ്റി) (201) 9789828, മേരീദാസന്‍ തോമസ് (ട്രസ്റ്റി) (201) 9126451, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732)7626744, സാബിന്‍ മാത്യു (ട്രസ്റ്റി) (848) 3918461.
web: www.Stthomassyronj.org

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

എം.എസ്.എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ് ഒക്ടോബര്‍ 13നു വിര്‍ജീനിയയില്‍

വാഷിംഗ്ടണ്‍ ഡി സി മെട്രോപോളിറ്റന്‍ ഏരിയയിലെ മലയാളി സോക്കര്‍ പ്രേമികളുടെ സംഘടനയായ മലയാളി സോക്കര്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഒന്നാമത് എം.എസ്.എല്‍ സോക്കര്‍ ടൂര്‍ണ്ണമെന്റ് ഒക്ടോബര്‍ 13നു വിര്‍ജീനിയയില്‍ വച്ച് നടത്തപ്പെടുന്നു.

വാഷിംഗ്ടണ്‍ റീജിയണിലെ മികച്ച ടീമുകളായ വാഷിംഗ്ടണ്‍ ഖലാസീസ്, മേരിലാന്‍ഡ് സ്‌െ്രെടക്കേഴ്‌സ്, സെന്റ് ജൂഡ് എന്നീ ടീമുകളാണീ വര്‍ഷത്തെ ടൂര്‍ണ്ണമെന്റില്‍ ഏറ്റുമുട്ടുന്നത്.

ടൂര്‍ണ്ണമെന്റ് ഒരു വലിയ വിജയമാക്കി തീര്‍ക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുക്കുന്നതെന്ന് സംഘാടകരായ അനസ്, സുജിത് അബ്രഹാം, റെജി തോമസ്,സിദ്ദിഖ് അബൂബക്കര്‍, ഷാജന്‍ പോള്‍, അനില്‍ ജെയിംസ് , ബിപിന്‍ ബെനഡിക്ട് തുടങ്ങിയ സംഘാടക സമിതി അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം

ഏഴ് വയസ്സുകാരന്റെ വെടിയേറ്റു 5 വയസ്സുള്ള സഹോദരി മരിച്ചു

വെര്‍ജിനിയ: വീടിനകത്ത് അലക്ഷ്യമായ ഇട്ടിരുന്ന മുത്തച്ചന്റെ തോക്കെടുത്തു കളിക്കുന്നതിനിടയില്‍ ഏഴു വയസ്സുള്ള സഹോദരന്റെ വെടിയേറ്റു 5 വയസ്സുകാരി സഹോദരി അബദ്ധത്തില്‍ കൊല്ലപ്പെട്ടു.

ഒക്ടോബര്‍ 8 തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ വെര്‍ജിനിയ ഹെന്റക്കൊ സൗത്ത് ഹോളി അവന്യൂയിലെ 200ാം ബ്ലോക്കിലായിരുന്ന സംഭവം.

വി സി യു മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ച കുട്ടി മരിച്ചതായി ഹെന്റിക്കൊ പോലീസും സ്ഥിരീകരിച്ചു.

മുത്തച്ചന്റേതായിരുന്ന തോക്കെന്നും, വീടിനകത്തെ ഡ്രോയറികത്തായിരുന്ന തോക്കെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

ഈയ്യിടെ അക്രമത്തിനിരയായ മുത്തച്ഛന്‍ സ്വയ സംരക്ഷണത്തിന് വേണ്ടിയാണ് തോക്ക് വാങ്ങിയത്. ഒരിക്കലും ഇങ്ങനെ ഒന്നും സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ വീടിനകത്ത് മുതിര്‍ന്നവര്‍ ഉണ്ടായിരുന്നു. അന്വേഷണം നടക്കുന്നുണ്ടെന്നും കേസ്സെടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.

കുട്ടികള്‍ക്ക് ലഭിക്കാവുന്ന വിധത്തില്‍ തോക്ക് അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതാണ് ഇത്തരം ദുഖ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

ഡാലസ്സില്‍ ശിവഗിരി മഠം ശാഖ; ഭൂമി പൂജ ഒക്ടോബര്‍ 11 ന്

ഡാളസ്സ്: നോര്‍ത്ത് അമേരിക്കയില്‍ ആദ്യമായി സ്ഥാപിക്കുന്ന ശിവഗിരി മഠത്തിന്റെ ശാഖാ ഭൂമി പൂജ ഒക്ടോബര്‍ 11 ന് ഡാളസ്സില്‍ നടക്കും.

അമേരിക്കന്‍ ഐക്യ നാടുകളില്‍ ഗുരുദേവ ദര്‍ശനം പ്രചരിപ്പിക്കുന്നതിന് ഗുരു ഭക്തരുടേയും, സജ്ജനങ്ങളുടേയും ഉദാരമായ സഹായ സഹകരണത്തോടെ ഡാളസ്സിലെ ഗ്രാന്റ് പ്രെയറിയിലാണ് ശാഖ സ്ഥാപിക്കുന്നതിനുള്ള സ്ഥലം ലഭിച്ചിരിക്കുന്നത്.

ഗുരുദേവ ക്ഷേത്രം പ്രാര്‍ത്ഥനാ മന്ദിരം ശ്രീ നാരായണ ഗുരു ലൈബ്രറി, ഗവേഷണ കേന്ദ്രം യോഗ, ആയുര്‍വേദം തുടങ്ങിയവക്കുള്ള കേന്ദ്രം ഉള്‍പ്പെടെയാണ് ആദ്യ ഘട്ടമായി ഈ കെട്ടിട സമുച്ചയത്തില്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഗുരുപൂജ, ശാന്തി ഹവനം, എന്നിവയോടെയാണ് ഭൂമി പൂജ. ഗുരുധര്‍മ്മ പ്രചാരണ സഭാ സെക്രട്ടറിയും, ബോല്‍സംഗവുമായ സ്വാമി ഗുരു പ്രസാദ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും ഗുരുഭക്തരും ചടങ്ങില്‍ പങ്കെടുക്കും .

കൂടുതല്‍ വിവരങ്ങള്‍ക്ക് 317 647 6668.

പി.പി. ചെറിയാന്‍

ഹൂസ്റ്റണില്‍ സര്‍ സയ്യദ് ദിനാചരണം ഒക്ടോബര്‍ 20 ന്

ഹൂസ്റ്റണ്‍: അലിഗഡ് മുസ്ലീം സര്‍വ്വകലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അലിഗര്‍ അലുമനി അസ്സോസിയേഷന്‍ (ഹൂസ്റ്റണിന്റെ) ആഭിമുഖ്യത്തില്‍ അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ സര്‍ സയ്യദ് അഹമ്മദ് ഖാന്‍ ജന്മദിനാചരണത്തോടനുബന്ധിച്ച് സര്‍ സയ്യദ് സെ ആചരിക്കുന്നു.

ഹൂസ്റ്റണ്‍ ഹാര്‍വിന്‍ ഡ്രൈവിലുള്ള മെസ്ബാന്‍ റസ്‌റ്റോറന്റിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ 20 ശനിയാഴ്ച വൈകിട്ട് 7 മണിക്കാരംഭിക്കുന്ന ചടങ്ങില്‍ കമ്മ്യൂണിറ്റി ലീഡര്‍ അതുല്‍ കൊത്താരിയായിരിക്കും മുഖ്യാതിഥി. ഖുറാന്‍ പാരായണത്തോടെ ആരംഭിക്കുന്ന പരിപാടിയില്‍ അലി റിസ്വി സ്വാഗതവും, പെര്‍ വെയ്‌സി ജാഫറി, ഡോ നസീം അന്‍സാരി, തുടങ്ങിയവരും പ്രസംഗനും തുടര്‍ന്ന് സുപ്രസിദ്ധ ഗായകന്‍ ഇംതാസ് മുന്‍ഷിയുടെ കലാപരിപായികളും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. സമാപനത്തില്‍ ഡിന്നറും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് അലിഗര്‍ അലുമിനി അസ്സോസിയേഷന്‍ ഓഫ് ടെക്‌സസ്സ് ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.

പി.പി. ചെറിയാന്‍

കാലിഫോര്‍ണിയയില്‍ തോക്ക് വാങ്ങുന്നതിനുളള പ്രായപരിധി 21 വയസ്സ്; ഗവര്‍ണ്ണര്‍ ഉത്തരവില്‍ ഒപ്പുവച്ചു

സാക്രമെന്റോ: ഗണ്‍ വയലന്‍സ് വര്‍ധിച്ചു വരുന്നതിനു അല്പമെങ്കിലും തടയിടുന്നതിനു പുതിയ നിയമനിര്‍മാണവുമായി കലിഫോര്‍ണിയ സംസ്ഥാനം. 21 വയസിനു താഴെയുള്ളവര്‍ക്കു ഗണ്‍ വാങ്ങുന്നതിനുള്ള അനുമതി നിഷേധിക്കുന്ന പുതിയ ഉത്തരവില്‍ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ ഒപ്പുവച്ചു. നിയമം 2019 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും.

നിയമപാലകര്‍, മിലിട്ടറി അംഗങ്ങള്‍ എന്നിവരെ ഈ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഫ്‌ളോറിഡയില്‍ ഈയിടെ നടന്ന സ്കൂള്‍ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ബില്‍ കൊണ്ടുവന്നതെന്ന് ഡമോക്രാറ്റില്‍ സെനറ്റര്‍ ആന്റണി പോര്‍ട്ടന്റെ പറഞ്ഞു.

കലിഫോര്‍ണിയ സംസ്ഥാനം സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്നതാണ് അണ്ടര്‍ എയാജിന്‍ ഗണ്‍ നിരോധിക്കാന്‍ പ്രേരകമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാനസികാസ്വാസ്ഥ്യം ഉളളവരും മാനസിക ചികിത്സയില്‍ കഴിയുന്നവര്‍ക്കും ഗണ്‍ വില്‍പന നിരോധിക്കുന്ന വകുപ്പും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമ നിര്‍മാണത്തിനു സംസ്ഥാനത്ത് പരക്കെ സ്വാഗതമാണു ലഭിച്ചിരിക്കുന്നത്.

ഷറാണി റോയ്ക്ക് നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ അവാര്‍ഡ്

ടെന്നിസ്സി: യൂണിവേഴ്‌സിറ്റി ഓഫ് ടെന്നിസ്സി കെമിസ്ട്രി അസി.പ്രൊഫസര്‍ ഷറാനി റോയ് നാഷ്ണല്‍ സയന്‍സ് ഫൗണ്ടേഷന്‍ കരിയര്‍ അവാര്‍ഡിന് അര്‍ഹയായി. യൂണിവേഴ്‌സിറ്റിയുടെ പത്രകുറിപ്പിലാണ് അവാര്‍ഡ് വിവരം വെളിപ്പെടുത്തിയത്.യുണിവേഴ്‌സിറ്റി ആര്‍ട്‌സ് ആന്റ് സയന്‍സ് പ്രൊഫസര്‍മാര്‍ക്ക് ലഭിക്കുന്ന ഒമ്പതാമത്തെ അവാര്‍ഡാണിത്.

കട്ടികൂടിയ പ്രതലവും, വിവിധതരത്തിലുള്ള വാതകങ്ങളും തമ്മിലുള്ള രാസപ്രവര്‍ത്തനത്തില്‍ നടത്തിയ ഗവേഷണത്തിനാണ് മിസ്സിസ് റോയ്ക്ക് അവാര്‍ഡ് ലഭിച്ചത്.ആജീവനാന്ത ഗവേഷണങ്ങള്‍ക്കും, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും ഉത്തേജനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് നാഷ്ണല്‍ സയന്‍സ് ഫൗണ്ടേഷന്‍ ഈ അവാര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

സര്‍ഫെയ്‌സ് കെമിസ്ട്രി, സയന്റിഫിക്ക് കമ്പ്യൂട്ടറിങ്ങ് തുടങ്ങിയ മേഖലകളില്‍ ഓക്ക് റിഡ്ജ് നാഷ്ണല്‍ ലബോറട്ടറിയുമായി സഹകരിച്ചു വിവിധ സിംബോസിയങ്ങള്‍ സംഘടിപ്പിക്കുന്നതിനും ഷറാണി നേതൃത്വം നല്‍കിയിരുന്നു.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ബിരുദാന്തര ബിരുദവും, യെല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റും നേടിയ ഇവര്‍ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണവും നടത്തിയിരുന്നു.

പി.പി. ചെറിയാന്‍