മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടിയുടെ (മാര്‍ക്ക്) സ്‌പോര്‍ട്‌സ് & ഗെയിംസ് ഉദ്ഘാടനം ചെയ്തു

ന്യൂയോര്‍ക്ക്: കഴിഞ്ഞ പത്തുവര്‍ഷമായി വിപുലമായ രീതിയില്‍ നടത്തിവരുന്ന മാര്‍ക്കിന്റെ 2018- 2019-ലെ സ്‌പോര്‍ട്‌സ് & ഗെയിംസ് പ്രവര്‍ത്തനോദ്ഘാടനം സുപ്രസിദ്ധ പിന്നണി ഗായകന്‍ കെ.ജി. മാര്‍ക്കോസ് ക്ലാര്‍ക്‌സ് ടൗണ്‍ നോര്‍ത്ത് ഹൈസ്കൂള്‍ ജിമ്മില്‍ വച്ചു സെപ്റ്റംബര്‍ 30-നു ഞായറാഴ്ച നിര്‍വഹിച്ചു.

അമ്പതില്‍പ്പരം കായിക പ്രേമികള്‍ വോളിബോള്‍, ബാഡ്മിന്റണ്‍, ബാസ്കറ്റ്‌ബോള്‍ മുതലായ സ്‌പോര്‍ട്‌സ് & ഗെയിംസ് ആക്ടിവിറ്റീസ് റോക്ക്‌ലാന്റിലുള്ള വിവിധ ക്ലാര്‍ക്‌സ് ടൗണ്‍ സ്കൂള്‍ ജിമ്മുകളില്‍ വച്ചു കഴിഞ്ഞ പത്തു വര്‍ഷത്തോളമായി വിജയകരമായി നടത്തിവരുന്നു. എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം 7 മുതല്‍ 10 വരേയും, ഞായറാഴ്ച 5 മുതല്‍ 7 വരേയുമാണ് സമയം.

സ്‌പോര്‍ട്‌സ് & ഗെയിംസില്‍ നിന്നുള്ള വരുമാനം കേരളത്തില്‍ വിവിധതരം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നു. മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടി (മാര്‍ക്ക്) ആദ്യഗഡുവായി മഹാപ്രളയവും പേമാരിയും ദുരിതംവിതച്ച ഇടുക്കി ജില്ലയിലെ മണിയാറന്‍കുടിയില്‍ ഉരുള്‍പൊട്ടല്‍ മൂലം വീടുകള്‍ നഷ്ടപ്പെട്ട 14 കുടുംബങ്ങള്‍ക്ക് നല്‍കിയ വിവരം സന്തോഷത്തോടെ അറിയിക്കുന്നു.

രണ്ടാം ഗഡുവായി ഈവര്‍ഷത്തെ സ്‌പോര്‍ട്‌സ് & ഗെയിംസില്‍ നിന്നുള്ള ധനലാഭവും മാര്‍ക്കിന്റെ ഫണ്ട് റൈസിംഗില്‍ നിന്നുള്ള പണവും ചേര്‍ത്ത് കുട്ടനാട്ടിലെ ജലപ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കുവേണ്ടി ഉടന്‍തന്നെ നല്‍കുവാന്‍ തീരുമാനിച്ചു.

വരുംവര്‍ഷങ്ങളില്‍ പ്രായഭേദമെന്യേ കൂടുതല്‍ ആളുകള്‍ മാര്‍ക്കിന്റെ സ്‌പോര്‍ട്‌സ് ക്ലബിന്റെ ഭാഗമാകുവാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ട്. മാര്‍ക്കിന്റെ ഈ സ്‌പോര്‍ട്‌സ് ക്ലബ് വിജയകരമായി മുന്നേറുന്നതില്‍ സഹായ സഹകരണങ്ങള്‍ അര്‍പ്പിച്ച എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും നന്ദി അറിയിക്കുന്നു.

ഈവര്‍ഷത്തെ സ്‌പോര്‍ട്‌സ് & ഗെയിംസ് ആക്ടിവിറ്റീസില്‍ അമ്പതില്‍പ്പരം ആളുകള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. റോക്ക്‌ലാന്റ് നിവാസികളായ മലയാളികള്‍ക്ക് ഇതൊരു അസുലഭ സന്ദര്‍ഭമാണ്. ഇനിയും ആര്‍ക്കെങ്കിലും മാര്‍ക്കിന്റെ സ്‌പോര്‍ട്‌സ് & ഗെയിംസില്‍ പങ്കെടുക്കുവാന്‍ താത്പര്യമുണ്ടെങ്കില്‍ വിളിക്കുക: പ്രസിഡന്റ് – ജോസ് അക്കക്കാട്ട് 845 461 1052, സെക്രട്ടറി- സന്തോഷ് വര്‍ഗീസ് 201 310 9247, തോമസ് അലക്‌സ് 845 893 4301, സിബി ജോസഫ് 816 786 9159.

തോമസ് അലക്‌സ് അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post