മക്കാലനില്‍ സീറോ മലബാര്‍ കണ്‍ഷന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി

മക്കാലനില്‍ സീറോ മലബാര്‍ കണ്‍ഷന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി

മക്കാലന്‍: അമേരിക്കയിലെ സീറോ മലബാര്‍ സഭയുടെ ആത്മീയ വളര്‍ച്ചയ്ക്ക് ഏറെ ഉത്തേജനം പകരുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ പരമാവധി പങ്കാളിത്തം ഉറപ്പു വരുത്തണമെന്ന് ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ആഹ്വാനം ചെയ്തു. അടുത്ത വര്‍ഷം ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ ഹൂസ്റ്റണില്‍ നടക്കുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്റെ മക്കാലന്‍ ഡിവൈന്‍ മേഴ്‌സ് സീറോ മലബാര്‍ കാത്തലിക് ദേവാലയത്തിലെ രജിസ്‌ട്രേഷന്‍ കിക്കോഫ് ചടങ്ങില്‍ സന്ദേശം നല്‍കുകയായിരുന്നു മാര്‍ അങ്ങാടിയത്ത്. ഒക്‌ടോബര്‍ 21 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെയാണ് കിക്കോഫ് ചടങ്ങുകള്‍ക്കു തുടക്കമായത്. കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ഫാ.കുര്യന്‍ നെടുവേലിചാലുങ്കല്‍, വികാരി ഫാ.വില്‍സണ്‍ ആന്റണി, ഫാ.റോയി പാലാട്ടി, ഫാ.ചാക്കോ ജോസഫ്, ഫാ.സോബി എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ബാബു കണ്ടോത്തില്‍ നിന്ന് ആദ്യ രജിസ്‌ട്രേഷന്‍ സ്വീകരിച്ചു കൊണ്ട് മാര്‍ അങ്ങാടിയത്ത് രജിസ്‌ട്രേഷന്‍ കിക്കോഫ് ഉദ്ഘാടനം ചെയ്തു. പ്രഥമ റാഫിള്‍ ടിക്കറ്റ് വിജോ വര്‍ക്കി (വാള്‍സ്ട്രീറ്റ് ഹോള്‍സെയില്‍ ലെന്‍ഡര്‍ എല്‍.എല്‍.സി) സ്വീകരിച്ചു.

ഇടവക കോ ഓര്‍ഡിനേറ്റര്‍ ജോസഫ് ബിജു സ്വാഗതം ആശംസിച്ചു. ഹൂസ്റ്റണ്‍ ഫൊറോനയുടെ ആതിഥേയത്വത്തില്‍ നടക്കുന്ന ദേശീയ കണ്‍വന്‍ഷനില്‍ ഫൊറോനയിലെ എല്ലാ ദേവാലയങ്ങളുടെയും പൂര്‍ണ പിന്തുണ അനിവാര്യമാണെന്ന് കണ്‍വന്‍ഷന്‍ കണ്‍വീനര്‍ കൂടിയായ ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനാ പള്ളി വികാരി ഫാ.കുര്യന്‍ നെടുവേലിചാലുങ്കല്‍ പറഞ്ഞു. കണ്‍വന്‍ഷന്റെ ഒരുക്കങ്ങളെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു. ഹൂസ്റ്റണ്‍ പള്ളിയിലെ മുന്‍ അസിസ്റ്റന്റ് വികാരി കൂടിയായ മക്കാലന്‍ പള്ളി വികാരി ഫാ.വില്‍സണ്‍ ആന്റണി നന്ദി പറഞ്ഞു. ഇടവകയുടെ പൂര്‍ണ സഹകരണം അദ്ദേഹം വാഗ്ദാനം ചെയ്തു. ദേശീയ കണ്‍വന്‍ഷന്റെ ജനറല്‍ കണ്‍വീനര്‍ ഷിക്കാഗോ സീറോ മലബാര്‍ രൂപത സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടാണ്.

ഹൂസ്റ്റണില്‍ നിന്ന് എത്തിയ കണ്‍വന്‍ഷന്റെ വൈസ് ചെയര്‍മാന്‍ ബാബു മാത്യു പുല്ലാട്ട്, ഫിനാന്‍സ് ചെയര്‍മാന്‍ ബോസ് കുര്യന്‍, ഫിനാന്‍സ് കമ്മിറ്റി അംഗം ബാബു വെണ്ണാലില്‍, കണ്‍വന്‍ഷന്‍ ജോയിന്റ് സെക്രട്ടറി പ്രിന്‍സ് ജേക്കബ് എന്നിവര്‍ സന്നിഹിതരായിരുന്നു. കണ്‍വന്‍ഷന്റെ ഇടവകതല കോ ഓര്‍ഡിനേറ്റര്‍മാരായ ജോസഫ് ബിജു, ആന്റണി മാത്യു, മനോജ് മൈക്കിള്‍, ജെറിന്‍ ജോസഫ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കണ്‍വന്‍ഷന്‍ കിക്കോഫിനോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ സിസ്റ്റര്‍ ആല്‍ഫിന്‍ എം.എസ്.എം.ഐ യുടെ സന്യാതവ്രതത്തിന്റെ രജതജൂബിലിയും ആഘോഷിച്ചു. സ്‌നേഹവിരുന്നും ക്രമീകരിച്ചിരുന്നു. സണ്ണി ടോം അറിയിച്ചതാണിത്‌.

മാർട്ടിൻ വിലങ്ങോലിൽ

Share This Post