വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാള്‍ വെസ്റ്റ് നയാക് സെന്റ് മേരീസ് പള്ളിയില്‍ 9-ന്

ന്യൂയോര്‍ക്ക്: ഭാഗ്യവതിയായ വിശുദ്ധ ദൈവമാതാവിന്റെ ദിവ്യമധ്യസ്ഥതയില്‍ അഭയപ്പെട്ട് വ്രതവിശുദ്ധിയോടെ ആചരിച്ചുവരുന്ന എട്ടുനോമ്പിന്റെ സമാപനവും ജനനപ്പെരുന്നാളും വെസ്റ്റ് നയാക് സെന്റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഒമ്പതാം തീയതി ഞായറാഴ്ച നടക്കും. സെപ്റ്റംബര്‍ രണ്ടാം തീയതി മുതല്‍ എല്ലാ ദിവസവും നടന്നുവരുന്ന വിശുദ്ധ ആരാധനകള്‍ക്ക് റവ.ഫാ. ഷെറിള്‍ മത്തായി, റവ.ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശേരി, ആര്‍ച്ച് ബിഷപ്പ് അഭവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത (മലങ്കര അതിഭദ്രാസനാധിപന്‍), ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത (ക്‌നാനായ അതിഭദ്രാസനാധിപന്‍) എന്നിവര്‍ വിവിധ ദിനങ്ങളില്‍ നേതൃത്വം നല്‍കി.

സെപ്റ്റംബര്‍ ആറാംതീയതി വ്യാഴാഴ്ച ഇടവക വികാരി വെരി റവ. ഗീവര്‍ഗീസ് തോമസ് ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പ വൈകിട്ട് 7 മണിക്ക് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഇടവകാംഗം ജോയി വര്‍ക്കിയും കുടുംബവുമാണ് ഈ ദിനം പെരുന്നാള്‍ ഏറ്റുകഴിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം റ.ഫാ. ജേക്കബ് ജോസഫ് (സ്‌പോണ്‍സര്‍ തോമസ് വര്‍ഗീസ് കുടുംബം), ശനിയാഴ്ച രാവിലെ 9.45-നു റവ.ഫാ. ബെല്‍സണ്‍ കുര്യാക്കോസ് (സ്‌പോണ്‍സര്‍ വര്‍ഗീസ് ആഴാന്തറ കുടുംബം) എന്നിവര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 9.45-നു വിശുദ്ധ കുര്‍ബാന എന്നിവയ്ക്ക് ഇടവക വികാരി വെരി. റവ. ഗീവര്‍ഗീസ് തോമസ് ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പ മുഖ്യ കാര്‍മികത്വം വഹിക്കും. ഇടവകാംഗം വര്‍ഗീസ് ടി. വര്‍ഗീസും കുടുംബവുമാണ് പെരുന്നാള്‍ നേര്‍ച്ചയായി ഏറ്റുകഴിക്കുന്നത്.

അനുഗ്രഹങ്ങളുടെ ഉറവിടമായ വിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ അഭയപ്പെട്ട് അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും പെരുന്നാള്‍ ചടങ്ങുകളിലേക്ക് സ്വാഗതം ചെയ്യുന്നതായി പള്ളിക്കാര്യത്തില്‍ നിന്നും അറിയിക്കുന്നു.

കൂടുതതല്‍ വിവരങ്ങള്‍ക്ക്: ലിഷ മേലേത്ത് (സെക്രട്ടറി) 914 522 7807, ജോസഫ് ഐസക്ക് (ട്രസ്റ്റി) 201 939 9541.

ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post