വാണാക്യു സെന്റ് ജയിംസ് പള്ളി ദശാബ്ദി നിറവില്‍

ന്യൂജേഴ്‌സി: മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട വാണാക്യു സെന്റ് ജയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ദശാബ്ദി ആഘോഷച്ചടങ്ങുകളുടെ സമാപനം സെപ്റ്റംബര്‍ 15-നു ശനിയാഴ്ച നടത്തപ്പെടുന്നു. ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പള്ളിയോടനുബന്ധിച്ച് സ്ഥാപിച്ചിരിക്കുന്ന കല്‍ക്കുരിശ് കൂദാശയും, കൊടിമര സമര്‍പ്പണവും, ഇടവക മെത്രാപ്പോലീത്തയേയും, മുന്‍ വികാരിമാരേയും, സ്ഥാപകാംഗങ്ങളേയും ആദരിക്കുന്ന ചടങ്ങും അന്നേദിവസം നടത്തപ്പെടും. ദേവാലയത്തോടനുബന്ധിച്ച് കല്‍ക്കുരിശ് സ്ഥാപിതമാകുന്ന മലങ്കര ആര്‍ച്ച് ഡയോസിസിലെ ആദ്യ ഇടവകയാണ് സെന്റ് ജയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി.

ന്യൂജേഴ്‌സിയില്‍ സ്ഥാപിതമായ രണ്ടാമത്തെ യാക്കോബായ ഇടവകയാണ് സെന്റ് ജയിംസ് ദൈവാലയം. നോര്‍ത്തേണ്‍ ന്യൂജേഴ്‌സിയില്‍ ഒരു ഇടവക ഉണ്ടാകണമെന്ന് ആഗ്രഹിച്ച ഏതാനും വിശ്വാസികള്‍, പ്രാര്‍ത്ഥനാപൂര്‍വ്വം ഇക്കാര്യത്തെക്കുറിച്ച് ചിന്തിക്കുകയും, അഭി. യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയ്ക്ക് അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. ഇടവക മെത്രാപ്പോലീത്ത അപേക്ഷ അനുവദിക്കുകയും, പ്രഥമ വികാരിയായി ഫാ. ഗീവര്‍ഗീസ് ചാലിശേരിയെ നിയമിക്കുകയും ചെയ്തു. ഇടവകയുടെ നാമകരണവും പ്രഥമ ബലിയര്‍പ്പണവും മോര്‍ തീത്തോസ് തിരുമേനി നിര്‍വഹിച്ചു. 2007 സെപ്റ്റംബര്‍ 15-നു ശനിയാഴ്ച ലിവിംഗ്സ്റ്റണിലെ അര്‍മ്മീനിയന്‍ ദേവാലയത്തില്‍ വച്ചാണ് സെന്റ് ജയിംസ് ഇടവകയുടെ രൂപീകരണം ഔദ്യോഗികമായി ഇടവക മെത്രാപ്പോലീത്ത പ്രഖ്യാപിച്ചത്. കതൃസഹോദരനും, ഊര്‍ശ്ശേമിന്റെ ആദ്യ എപ്പിസ്‌കോപ്പയുമായ മോര്‍ യാക്കോബ് ശ്ശീഹായുടെ നാമത്തില്‍ അമേരിക്കയില്‍ സമര്‍പ്പിതമായ മലയാളികളുടെ ആദ്യ ഇടവക എന്ന ബഹുമതി സെന്റ് ജയിംസ് പള്ളിക്ക് സ്വന്തമാണ്. ലിവിംഗ്സ്റ്റണ്‍ നൈറ്റ്‌സ് ഓഫ് കൊളംബസ് ഹാളിലാണ് 2014 വരെ ഇടവക ആരാധന നടത്തിവന്നിരുന്നത്. വികാരിയോടൊപ്പം വന്ദ്യ പുന്നൂസ് കോര്‍എപ്പിസ്‌കോപ്പ ചാലുവേലിയും ആത്മീയ ശുശ്രൂഷകള്‍ നിര്‍വഹിച്ചു. 2012-ല്‍ ഇടവകയിലെ പുതിയ വികാരിയായി വന്ദ്യ ഗീവര്‍ഗീസ് കോര്‍എപ്പിസ്‌കോപ്പ ചട്ടത്തില്‍ ചാര്‍ജെടുത്തു.

സ്വന്തമായി ഒരു ആരാധനാലയം കരസ്ഥമാക്കണമെന്ന ഇടവകയുടെ സ്വപ്നം പൂവണിഞ്ഞത് 2014-ലാണ്. പസൈക്ക് കൗണ്ടിയിലെ വാണാക്യു സിറ്റിയിലെ പ്രകൃതി രമണീയമായ കുന്നിന്‍ മുകളില്‍ സ്ഥിതിചെയ്തിരുന്ന യഹൂദരുടെ സിനഗോഗ് വാങ്ങുവാന്‍ സെന്റ് ജയിംസ് ഇടവകയ്ക്ക് സാധിച്ചു. 2014 മാര്‍ച്ച് 25-നു വി. ദൈവമാതാവിന്റെ വചനിപ്പ് പെരുന്നാള്‍ ദിനം മുതല്‍ ആരാധന വാണാക്യൂവിലേക്ക് മാറ്റി. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് കെട്ടിലും മട്ടിലും സുറിയാനി ക്രിസ്ത്യാനികളുടെ ദൈവലയമാക്കി രൂപാന്തരപ്പെടുത്തി. ദൈവാലയത്തിന്റെ ശിലാസ്ഥാപനവും വി. മൂറോന്‍ അഭിഷേകവും 2014 ജൂണ്‍ 20,21 തീയതികളില്‍ അഭി. യല്‍ദോ മോര്‍ തീത്തോസ് തിരുമേനി നിര്‍വഹിച്ചു. ഇടവകയില്‍ നിന്നു പൗരോഹിത്യ പദവിയിലേക്ക് ഉയര്‍ന്ന ഫാ. ആകാശ് പോള്‍ ചീരകത്തോട്ടത്തിലിനെ 2015-ല്‍ ഇടവക വികാരിയായി ഇടവക മെത്രാപ്പോലീത്ത നിയമിച്ചു. പള്ളിയുടെ കടബാധ്യതകള്‍ തീര്‍ത്ത് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചതും 2016 -17 കാലത്താണ്. നവീകരിച്ച ദേവാലയത്തിന്റെ പുനപ്രതിഷ്ഠയും കൂദാശയും അഭി. തീത്തോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ 2017 നവംബര്‍ 4-ന് നിര്‍വഹിക്കപ്പെട്ടു. ദശാബ്ദി ആഘോഷങ്ങളുടെ ഔദ്യോഗികമായ ഉദ്ഘാടനവും തദവസരത്തില്‍ നടത്തപ്പെട്ടു. ഇടവകയുടെ പത്തു വര്‍ഷങ്ങളുടെ സ്മരണയ്ക്കായി ഒരു സുവനീര്‍ പ്രസിദ്ധപ്പെടുത്തി അതില്‍ നിന്നു സമാഹരിക്കുന്ന തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുവാന്‍ തീരുമാനിക്കുകയും, സുവനീര്‍ പ്രസിദ്ധീകരിക്കാന്‍ വേണ്ട നടപടികള്‍ നടന്നുവരികയും ചെയ്യുന്നു. 2017 സെപ്റ്റംബര്‍ മുതല്‍ ഇടവകയുടെ വികാരിയായി ശുശ്രൂഷ നിര്‍വഹിച്ചുവരുന്നത് ഫാ. ജെറി ജേക്കബ് എം.ഡിയാണ്.

സെന്റ് ജയിംസ് ഇടവകയുടെ ദശാബ്ദി ആഘോഷങ്ങളുടെ സമാപന ദിനമായ സെപ്റ്റംബര്‍ 15-നു ശനിയാഴ്ച രാവിലെ 8.30-നു പ്രഭാത നമസ്കാരവും, 9.15-നു വി. കുര്‍ബാനയും, 10.30-നു കല്‍ക്കുരിശ് കൂദാശയും, കൊടിമര സമര്‍പ്പണവും നടക്കും. ചടങ്ങുകള്‍ക്ക് ഇടവക മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിക്കും. 10.45-നു നടക്കുന്ന സമാപന സമ്മേളനത്തില്‍ അഭി. യല്‍ദോ മോര്‍ തീത്തോസ് തിരുമേനി അധ്യക്ഷത വഹിക്കും. സമ്മേളനനാന്തരം ആശീര്‍വാദവും, തമുക്ക് നേര്‍ച്ച വിളമ്പും നടക്കും. ദശാബ്ദി ആഘോഷ സമാപന ചടങ്ങുകളിലേക്ക് ഏവരേയും സാദരം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വികാരി ഫാ. ജെറി ജേക്കബ് എം.ഡി (845 519 9669), വൈസ് പ്രസിഡന്റ് കുര്യന്‍ സീതകുന്നന്‍ (973 723 4592), സെക്രട്ടറി ജേക്കബ് വര്‍ഗീസ് (973 901 2115), ട്രസ്റ്റി ജോ കുര്യന്‍ (914 356 2673), ദശാബ്ദി ആഘോഷ കണ്‍വീനര്‍ ബിജു കുര്യന്‍ മാത്യു (973 508 8096).

Share This Post