സെന്റ് മേരിസില്‍ പരിശുദ്ധ കന്യകാ മാതാവിന്റെ ജനന തിരുന്നാള്‍ ആഘോഷിച്ചു

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെ.മേരീസ് ക്‌നാനായ ദൈവാലയത്തില്‍ പരിശുദ്ധ കന്യക മാതാവിന്റെ ജന്മദിനം ആചരിച്ചു. കഴിഞ്ഞ എട്ട് ദിനങ്ങളിലായി ആത്മീയമായ ഒരുക്കത്തോടെ ഭക്തിപൂവ്വം നടത്തിയിരുന്ന നോമ്പാചരണത്തിന്റെ സമാപന ദിനമായ സെപ്തംബര്‍ എട്ട് ശനിയാഴ്ച രാവിലെ പത്തുമണിക്ക് നടന്ന വി.ബലിയില്‍ ഇടവക വികാരി മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍, അസി.വികാരി ഫാ. ബിന്‍സ് ചേത്തലില്‍ കാര്‍മികരായിരുന്നു.

ജീവിത പ്രതിസന്ധികളില്‍ നാം ഭഗ്‌നാശരാകാതെ പരി.അമ്മയെപ്പോലെ എല്ലാ സഹനങ്ങള്‍ക്കും പിന്നില്‍ ദൈവത്തിന്റെ പദ്ധതിയുണ്ട്ന്നുള്ള തിരിച്ചറിവിലൂടെ നമ്മുടെ ജീവിതവും പുണ്യ ജന്മങ്ങളാക്കി മാറ്റണമെന്നും ഓര്‍മിപ്പിക്കുകയും,അമ്മയുടെ ജനനത്തിരുനാളിനോടനുബന്ധിച്ച് നമ്മുടെ ഉള്ളിലും പരിശുദ്ധ അമ്മ വന്നു പിറന്ന് ജീവിത സഹനങ്ങള്‍ നേരിടുവാനുള്ള കൃപയ്ക്കു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും ബഹുമാനപ്പെട്ട ബിന്‍സ് അച്ഛന്‍ തന്റെ വചന സന്ദേശത്തില്‍ ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവകയിലെ എല്ലാ മേരി നാമധാരികളെ ആദരിക്കുകയും വെഞ്ചിരിച്ച പരിശുദ്ധഅമ്മയുടെ ഛായാചിത്രം സമ്മാനിക്കുകയും ചെയ്തു. പരി. അമ്മയുടെ ജനനതിരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഏവരും കേക്ക് മുറിച്ച് മധുരം പങ്കിടുകയും സമാപനത്തില്‍ മേരി നാമധാരികളില്‍ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയോടൊപ്പം പരിശുദ്ധ അമ്മയുടെ തിരുസ്വരൂപ മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി വണങ്ങുകയും ചെയ്തു.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി. ആര്‍. ഒ) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post