എസ്.ബി അലുംമ്‌നി ഫാ. ടോമി പടിഞ്ഞാറേവീട്ടിലുമായി സൗഹൃദസംഗമം നടത്തി

ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റര്‍ ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിയിട്ടുള്ള എസ്.ബി കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഫാ. ടോമി പടിഞ്ഞാറേവീട്ടിലുമായി സൗഹൃദസംഗമം നടത്തി.

സെപ്റ്റംബര്‍ ഒന്നാംതീയതി ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് മോര്‍ട്ടന്‍ഗ്രോവിലുള്ള ബിജി കൊല്ലാപുരത്തിന്റെ വസതിയിലാണ് സംഗമം നടന്നത്.

അലുംമ്‌നി അംഗങ്ങള്‍ കുടുംബ സമേതം ടോമിയച്ചന് ഹൃദ്യമായ സ്‌നേഹാദരവുകളോടെ സ്വീകരണം നല്‍കി. തദവസരത്തില്‍ അലുംമ്‌നി അംഗങ്ങളായ ആന്റണി ഫ്രാന്‍സീസ് ആന്‍ഡ് ഷീബാ ഫ്രാന്‍സീസ് ദമ്പതികളുടെ മൂത്ത മകനായ ഗുഡ്‌വിന്‍ ഫ്രാന്‍സീസ് വൈദീക പരിശീലനത്തിനായി സെമിനാരിയില്‍ ചേര്‍ന്ന ദൈവദത്തവും അനുഗ്രഹപ്രദവുമായ തീരുമാനത്തെ പ്രസിഡന്റ് ഷാജി കൈലാത്ത് സംഘടനയുടെ പേരില്‍ പ്രശംസിക്കുകയും പ്രാര്‍ത്ഥനാശംസകള്‍ നേരുകയും ചെയ്തു. ഗുഡ്‌വിന്‍ അതിനു നന്ദി പറഞ്ഞു.

ബഹു. ടോമിയച്ചന്‍ തനിക്ക് നല്‍കിയ സ്വീകരണത്തിന് നന്ദിപറഞ്ഞുകൊണ്ട് നിരവധി കാര്യങ്ങള്‍ അക്കമിട്ട് പറഞ്ഞു.

ഒന്ന്: പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കോളജിന്റെ അംബാസിഡര്‍മാരാണ്. കോളജിന് സപ്പോര്‍ട്ട് ചെയ്യണം. സ്‌കോളര്‍ഷിപ്പുകള്‍, കോളജിലെ പ്രതിഭാശാലികളായ ലൂമിനറീസിനെ ആദരിക്കല്‍ ചടങ്ങിന്റെ സ്‌പോണ്‍സര്‍ഷിപ്പ്, പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മ്മാണ ചെലവിലേക്കുള്ള സ്‌പോണ്‍സര്‍ഷിപ്പ് എന്നീ വിവിധങ്ങളായ സ്കീമുകള്‍ സപ്പോട്ട് ചെയ്യാനാഗ്രഹിക്കുന്നവര്‍ മുന്നോട്ടുവരണമെന്നു സൂചിപ്പിച്ചു.

രണ്ട്: തന്റെ സേവന കാലയളവില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ സിന്‍ഡിക്കേറ്റ് കമ്മിറ്റി അംഗം എന്ന നിലയില്‍ സര്‍വ്വകലാശാലാ അധികൃതരുമായി സ്ഫടികം പോലെ തെളിമയാര്‍ന്ന അഭിപ്രായ പ്രടകനത്തിലൂടെ ഒരുപിടി നല്ല കാര്യങ്ങള്‍ കോളജിനുവേണ്ടി തനിക്ക് ചെയ്യുവാന്‍ സാധിച്ചുവെന്നു പറഞ്ഞു.

മൂന്ന്: നല്ല സൗഹൃദങ്ങള്‍ക്കും മനുഷ്യത്വത്തിനും മൂല്യംകല്‍പ്പിക്കുന്ന ഇത്തരത്തിലുള്ള ഒത്തുചേരലുകള്‍ സജീവമായി കൂടെക്കൂടെ നടത്തുന്നത് ആരോഗ്യപ്രദവും സന്തോഷദായകവുമാണെന്നും പറയുകയുണ്ടായി.

നാല്: കലര്‍പ്പില്ലാത്ത സ്‌നേഹബന്ധത്തിലധിഷ്ഠിതമായ വ്യക്തിബന്ധങ്ങളാണ് ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറ്റവും പരമപ്രധാനവും ശ്രേഷ്ഠവുമായിട്ടുള്ളത്. അല്ലാതെ നമ്മുടെ ശരാശരി ചിന്താധാരയില്‍ വരുന്ന പണമോ, പ്രതാപമോ, അധികാരമോ, ജോലിയോ, സൗന്ദര്യമോ ഒന്നുമല്ല എന്നും ഉത്‌ബോധിപ്പിച്ചു.

ബഹുമാനപ്പെട്ട ടോമിയച്ചന്റെ സമസ്ത മേഖലകളെക്കുറിച്ചുള്ള അറിവും വൈവിധ്യമാര്‍ന്ന ജീവിതാനുഭവങ്ങളും അതില്‍ നിന്നും രൂപപ്പെടുത്തിയെടുത്തിട്ടുള്ള കാഴ്ചപ്പാടുകളുടെ പങ്കുവെയ്ക്കലും ഈ സൗഹൃദസംഗമത്തെ ഏറെ ഹൃദ്യവും അവിസ്മരണീയവുമാക്കി.

ബഹുമാനപ്പെട്ട ടോമിയച്ചന്‍ സഭയ്ക്കും സമൂഹത്തിനുംവേണ്ടി കാലം കരുതിവെച്ച ദൈവനിയോഗവും മുതല്‍ക്കൂട്ടുമാണെന്നു യോഗം വിലയിരുത്തി.

പരിപാടികള്‍ക്ക് നിറമേകിയ നിരവധി കലാപരിപാടികളും സംഘടിപ്പിച്ചു. ചടങ്ങിനു ആതിഥേയത്വം വഹിച്ച ബിജി കൊല്ലാപുരത്തിനും കുടുംബത്തിനും സംഘടന നന്ദി പറഞ്ഞു. ഓണസദ്യ ഹൃദ്യമായി. ഭാരവാഹികളും സംഘടനാംഗങ്ങളും ഒത്തുചേര്‍ന്നു പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. രാത്രി പത്തുമണിക്ക് യോഗം പര്യവസാനിച്ചു. സെക്രട്ടറി ഷീബാ ഫ്രാന്‍സീസ് നന്ദി പറഞ്ഞു. ആന്റണി ഫ്രാന്‍സീസ് വടക്കേവീട് അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post