സായി കിരണിൻറെ കൊലപാതകം: രണ്ടു പേരെ അറസ്റ് ചെയ്തതായി പോലീസ്

ഫ്‌ളോറിഡ: ഇന്ത്യന്‍ വിദ്യാര്‍ത്ഥി സചിഹാരൈ ഐല സായി കിരണിനെ (22) മൊബൈല്‍ ഫോണ്‍ മോഷണശ്രമത്തെ തുടര്‍ന്നു കൊലപ്പെടുത്തിയ കേസില്‍ മയാമി പോലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. 2015 ജൂണ്‍ 14-നാണ് കൊലപാതകം നടന്നത്. മയാമി ലിറ്റില്‍ ഹവാനയില്‍ മൊബൈലില്‍ സംസാരിച്ചു കൊണ്ടിരുന്ന കിരണിനെ ആയുധധാരിയായ ഒരാള്‍ സമീപിച്ചു ഫോണ്‍ ആവശ്യപ്പെടുകയായിരുന്നു. നല്‍കാന്‍ വിസമ്മതിച്ച കിരണിനെ അക്രമി വെടിവച്ചു. ഉടന്‍ ജാക്‌സണ്‍ മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ട്രോമ സെന്ററില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.

ബ്രാന്‍ഡണ്‍ ഫിഗ്യുറോ (23), ജൊനാഥന്‍ റിവേറ (21) എന്നിവരാണ് പിടിയിലായത്. ഓഗസ്റ്റ് ഇരുപത്തിമൂന്നിനാണ് ഇരുവരുടെയും അറസ്റ്റ് ചെയ്ത വിവരം ഫ്ലോറിഡ പോലീസ് ഔദ്യോഗികമായി അറിയിച്ചത് .

വിവിധ കേസുകളുമായി ബന്ധപ്പെട്ടു റിവേറെ കഴിഞ്ഞ ഏപ്രിലില്‍ മുതല്‍ പോലീസ്റ്റ് കസ്റ്റഡിയിലായിരുന്നു. ഗര്‍ഭിണിയായ യുവതിയെ മര്‍ദ്ദിച്ച കേസിലും, അപകടകരമായ ആയുധം കൈവശം വച്ച കേസിലും, ഭീഷണിപ്പെടുത്തിയതിനും, മാരിജുവാന ഉപയോഗിച്ചതടക്കം നിരവധി കേസുകളായിരുന്നു ഇയാള്‍ക്കെതിരേ ചാര്‍ജ് ചെയ്തിട്ടുള്ളത്. വെടിവച്ചത് താനല്ല മറ്റേയാളാണു എന്നു ഇരുവരും പരസ്പരം കുറ്റപ്പെടുത്തുകയാണ്.

സായി കിരണ്‍ ഒരു മാസം മുൻപാണ് ഹൈദരാബാദിൽ നിന്നും ഇൻഫർമേഷൻ ടെക്‌നോളജിയിൽ ഉന്നത പഠനത്തിനായി അറ്റ്ലാന്റിസ് യൂണിവേഴ്സിറ്റിയിൽ എത്തിച്ചേർന്നത്.

പി .പി .ചെറിയാൻ

Share This Post