സന്നദ്ധ സേവകർക്ക് നന്ദിയുമായി മലയാളത്തിന്റെ വാനമ്പാടി

സംസ്ഥാനത്ത് ഭുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കുവാനുള്ള വിഭവ സമാഹരണം നടത്തിയ തിരുവനന്തപുരത്തെ കോട്ടൺഹിൽ ഹൈസ്കൂളിൽ സന്നദ്ധ സേവനം നടത്തിവന്ന നൂറു കണക്കിന് ചെറുപ്പക്കാർക്ക് നന്ദി പറഞ്ഞ് മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര എത്തി. പിന്നണി ഗായകരായ അൻവർ സാദത്ത്, രാജലക്ഷ്മി എന്നിവരും കെ എസ് ചിത്രക്കൊപ്പം ക്യാമ്പിൽ എത്തി. വിതരണത്തിനായി കൊണ്ടുവന്നശുചീകരണ സാമഗ്രികൾ കൈമാറുകയും ചെയ്തു. അസിസ്റ്റൻറ് കലക്ടർ പ്രിയങ്ക ഐഎഎസിന്റെ അഭ്യർത്ഥന മാനിച്ച് കോട്ടൺഹിൽ സ്കൂളിൽ നിന്നു് ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് പുറപ്പെട്ട അവസാന ലോറിക്ക് അവർ പച്ചക്കൊടി കാട്ടി. മറ്റു ഗായകർ ഒപ്പം ചേർന്ന് സന്നദ്ധ സേവകർക്കായി ഗാനങ്ങളും ആലപിച്ചു. നേരത്തേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ എസ് ചിത്ര രണ്ടു ലക്ഷം രൂപ സംഭാവന നല്കിയിരുന്നു. കേരളാ ആർട് ലവേഴ്സ് അസോസിയേഷൻ (കല), മറ്റ് സംഗീത സന്നദ്ധ സംഘടകളുമായി ചേർന്ന് നടത്തി വരുന്ന ‘സാന്ത്വന സംഗീതം ‘ പരിപാടിയുമായി തിരുവോണ നാളിൽ ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും എന്ന് കലയുടെ ഭാരവാഹികൾ അറിയിച്ചു. ധനമന്ത്രി ഡോ:ടി എം തോമസ് ഐസക്കിന്റെ ആവശ്യപ്രകാരം കലയുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗായകരും സംഗീതജ്ഞരും ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ആഗസ്റ്റ് 21 മുതൽ പ്രതിഫലം വാങ്ങാതെ കലാപരിപാടികൾ അവതരിപ്പിച്ചു വരികയാണ്.

ലാലു ജോസഫ്

Share This Post