റവ.ഫാ. തോമസ് മാത്യു പ്ലെയിനോ സെന്റ് പോള്‍സ് വികാരിയായി ചുമതലയേറ്റു

പ്ലയിനോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ പ്ലെയിനോ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഡാളസിന്റെ വികാരിയായി റവ.ഫാ. തോമസ് മാത്യു സെപ്റ്റംബര്‍ ഒന്നുമുതല്‍ ഇടവക അസി. മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. സഖറിയാസ് മോര്‍ അപ്രേം നിയമിച്ചതനുസരിച്ച് ചുമതലയേറ്റു.

ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ ജനിച്ച ഫാ. തോമസ് മാത്യു പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നിന്നും ബിരുദവും, സെറാംപൂര്‍ യൂണിവേഴ്‌സിറ്റിയുടെ കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ബിരുദവും ഡിപ്ലോമയും നേടിയശേഷം, തുമ്പമണ്‍ ഭദ്രാസനത്തില്‍ സേവനം അനുഷ്ഠിക്കുകയുണ്ടായി. അതിമനോഹരമായ അരാധാന, ചിട്ടയോടുകൂടി പ്രസംഗവൈഭവം, സംഗീതജ്ഞന്‍, സഭാ ചരിത്രകാരന്‍, മികച്ച സംഘാടകന്‍ തുടങ്ങി വിവിധ ശ്രേണികളില്‍ ചുരുങ്ങിയ കാലംകൊണ്ട് അമേരിക്കയിലെ ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കപ്പെട്ട വ്യക്തിയാണ് റവ.ഫാ. തോമസ് മാത്യു എന്ന ജോബിയച്ചന്‍. ജസ്‌നി സഖറിയ ആണ് സഹധര്‍മ്മിണി. മകള്‍: സെമറിയാ മറിയം തോമസ്.

അച്ചന്റെ പ്രധാന കാര്‍മികത്വത്തില്‍ സെപ്റ്റംബര്‍ 13-നു വ്യാഴാഴ്ച വൈകിട്ട് 6.30-നു ആരംഭിക്കുന്ന ശ്ശീബാ പെരുന്നാള്‍ ആഘോഷത്തോടെ തന്റെ പ്ലെയിനോ സെന്റ് പോള്‍സ് ഇടവകയിലെ അജപാലന ശുശ്രൂഷ ആരംഭിക്കും. 16-നു ഞായറാഴ്ച രാവിലെ 9.30-നു പ്രഭാത നമസ്കാരവും, തുടര്‍ന്നു വി. കുര്‍ബാനയും നടക്കും. അതേ തുടര്‍ന്നു ഇടവകയുടെ വകയായി ഔദ്യോഗിക സ്വീകരണവും നല്‍കും.

അമേരിക്കയില്‍ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്ന കോളിന്‍ കൗണ്ടിയില്‍ ഉള്‍പ്പെട്ട പ്ലെയിനോ, ഫ്രിസ്‌കോ, അലന്‍, മെക്കിനി, മര്‍ഫി, റിച്ചാര്‍ഡ്‌സണ്‍, ഫെയര്‍വ്യൂ എന്നീ സ്ഥലങ്ങളിലെ ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ ഈ ഇടവകയുടെ സേവനം പ്രയോജനപ്പെടുത്തണമെന്നു ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ട്രസ്റ്റി ബിജോയി ഉമ്മന്‍ (214 491 0406), സെക്രട്ടറി- മറിയ മാത്യു (469 656 8030).

ജോയിച്ചന്‍ പുതുക്കുളം

Share This Post