പ്രളയദുരന്തത്തിന് സാന്ത്വനമായി എക്കോയുടെ സഹായഹസ്തം; പങ്കാളികളാകുക

ന്യൂയോര്‍ക്ക്: ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയദുരന്തത്തില്‍ ഛിന്നഭിന്നമായ കേരളക്കരയുടെ പുനര്‍നിര്‍മ്മാണത്തിനും, തല ചായ്ക്കാനുണ്ടായിരുന്ന കുടിയുള്‍പ്പടെ എല്ലാം കുത്തൊഴുക്കില്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസവും ലക്ഷ്യമിട്ടുകൊണ്ട് എക്കോ (ECHO) യുടെ ആഭിമുഖ്യത്തില്‍ ബൃഹദ് പദ്ധതിക്ക് തുടക്കമിടുന്നു. ട്രൈസ്റ്റേറ്റ് മേഖലയിലുള്ള എല്ലാ സാമൂഹ്യ സാംസ്കാരിക സംഘടനകളുടേയും, ആരാധനാലയങ്ങളുടേയും, ഇതര ഇന്ത്യന്‍ സാമൂഹ്യ സംഘടനകളുടേയും, അമേരിക്കയില്‍ അധിവസിക്കുന്ന എല്ലാ രാജ്യക്കാരുടേയും, ബിസിനസ് സംരംഭകരുടേയും പൂര്‍ണ്ണ സഹകരണം ഉറപ്പുവരുത്തിക്കൊണ്ട് ‘കേരള വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട്’സമാഹരിക്കുവാനായി സെപ്റ്റംബര്‍ 9 -നു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്റിലുള്ള പ്രമുഖ ഇന്ത്യന്‍ റെസ്റ്റോറന്റായ കൊട്ടീലിയനില്‍ (440 Jericho Turnpike, Jericho, NY 11753) വച്ചു ഫണ്ട് റൈസിംഗ് ഡിന്നര്‍ നടത്തുന്നു.

ന്യൂയോര്‍ക്ക് നാസാ കൗണ്ടിയുടെ ആരാധ്യനായ പ്രിസൈഡിംഗ് ഓഫീസറും, ഇന്ത്യന്‍ സമൂഹത്തിന്റെ എക്കാലത്തേയും നല്ല സുഹൃത്തുമായ ഹോണറബിള്‍ റിക്ക് നിക്കോളോയുടെ നിറഞ്ഞ സാന്നിധ്യവും നേതൃത്വവും ഡിന്നര്‍ ഫണ്ട് റൈസിംഗ് പരിപാടിക്ക് ഊര്‍ജ്ജമേകും. അദ്ദേഹത്തോടൊപ്പം ലോംഗ്‌ഐലന്റ് ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷനും പങ്കുചേരുന്ന പരിപാടി സ്‌പോണ്‍സര്‍ ചെയ്യുന്നത് ദി കൊട്ടീലിയന്‍ റെസ്റ്റോറന്റ് ഗ്രൂപ്പും, ചെയര്‍മാന്‍ തോമസ് നെടുനിലവും, എല്‍സി നെടുനിലവുമാണ്. പരിപൂര്‍ണ്ണമായി വീട് നഷ്ടപ്പെട്ട അര്‍ഹരായ സാധുകള്‍ക്ക് പുതിയ വീടും, വന്‍ നാശനഷ്ടമേറ്റ വീടുകളുടെ പുനര്‍നിര്‍മ്മാണം, പ്രൈമറി ഹെല്‍ത്ത് സെന്റര്‍ പണിയുക എന്നിവയാണ് എക്കോ ലക്ഷ്യമിടുന്നത്. അര്‍ഹതപ്പെട്ടവര്‍ക്ക് നേരിട്ട് സഹായമെത്തിക്കുകയും, പിറന്ന നാടിനെ സഹായിക്കാന്‍ നമ്മള്‍ മുടക്കുന്ന ഓരോ ഡോളറും ശരിയായ രീതിയില്‍ വിനിയോഗിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താന്‍ എക്കോ പ്രതിജ്ഞാബദ്ധരായി പ്രവര്‍ത്തിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. ഈ വന്‍ പദ്ധതി വിജയിപ്പിക്കുവാന്‍, പങ്കാളികളാകാന്‍ ഏവരേയും ഭാരവാഹികള്‍ സാദരം സ്വാഗതം ചെയ്യുന്നു.

സാമൂഹ്യ അതിര്‍വരമ്പുകളില്ലാതെ ആധുനിക കാലഘട്ടത്തില്‍ സമൂഹത്തിന് ഉപയുക്തമായ ഒട്ടേറെ പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കി കുറഞ്ഞകാലംകൊണ്ട് അമേരിക്കന്‍ സമൂഹത്തില്‍ സാമൂഹ്യ പ്രവര്‍ത്തനത്തിനു പുതിയ നിര്‍വചനം നല്‍കിയ എക്കോയുടെ രണ്ടാമത് പ്രകൃതി ദുരന്ത സഹായ പദ്ധതിയാണ് കേരളാ ഫ്‌ളഡ് റിലീഫ്. നേപ്പാളില്‍ ഭൂമികുലുക്കമുണ്ടായി വന്‍ നാശനഷ്ടം സംഭവിച്ചപ്പോള്‍ സഹായം നല്‍കിക്കൊണ്ട് എക്കോ ജനശ്രദ്ധ നേടിയിരുന്നു. ഉന്നത വിദ്യാഭ്യാസ സെമിനാര്‍, മെഡിക്കല്‍ സെമിനാര്‍, ടാക്‌സ്- റിയല്‍ എസ്‌റ്റേറ്റ് സെമിനാര്‍ തുടങ്ങി ഒട്ടേറെ ജനോപകാരപ്രദമായ പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്ന എക്കോയുടെ ഈ സദുദ്യമത്തിന് പങ്കെടുക്കുകയും സുഹൃത്തുക്കളേയും ഇതര സാമൂഹ്യ സാംസ്കാരിക സംഘടനകളേയും പങ്കാളികളാക്കുകയും ചെയ്യണമെന്നു ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. എല്ലാ സംഭാവനകള്‍ക്കും ടാക്‌സ് ഇളവ് ലഭിക്കുന്നതാണ്. സംഭാവനകള്‍ നല്കുവാന്‍ ഓണ്‍ലൈനിലും സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് എക്കോയുടെ ഭാരവാഹികളായ തോമസ് പി. മാത്യു എം.ഡി, ബിജു ചാക്കോ, സാബു ലൂക്കോസ്, കൊപ്പാറ ബി. സാമുവേല്‍, വര്‍ഗീസ് ജോണ്‍ സി.പി.എ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചുകൊണ്ട് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ECHO 516 902 4300, Email:echoforusa@gmail.com, Website: www.echoforhelp.org.

Venue and Address:
Date: Sunday, September 9th 2018.
Time: 5.00 PM

The Cottilion Restorant, 440 Jericho Turnpike, Jericho, NY 11753.

ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക് അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post