പ്രളയകേരള പുനരുദ്ധാരണം: ഒരു കോടിയുടെ ധനസമാഹരണ പദ്ധതിയുമായി എക്കോ

ലോകജനതയെ പിടിച്ചുലച്ച ഭീകര പ്രളയത്തില്‍ വന്‍ നാശനഷ്ടം നേരിട്ട മലയാളക്കരയുടെ പുനര്‍നിര്‍മ്മാണത്തിനു ന്യൂയോര്‍ക്ക് കേന്ദ്രമായ എക്കോ (ECHO) നടത്തുന്ന ധനസമാഹരണ യജ്ഞത്തില്‍ പങ്കാളിയാകാനും സഹായ സഹകരണങ്ങള്‍ നല്‍കുവാനും അമേരിക്കയിലെ മുഖ്യധാരാ രാഷ്ട്രീയ- ഉദ്യോഗസ്ഥവൃന്ദങ്ങള്‍ ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സാമൂഹ്യ സംഘടനകളും ബിസിനസ് പ്രസ്ഥാനങ്ങളും മുന്നിട്ടിറങ്ങിയിട്ടുള്ളത് വലിയ പ്രതീക്ഷകള്‍ നല്‍കുന്നുവെന്ന് എക്കോയുടെ ഭാരവാഹികള്‍ പറഞ്ഞു.

ഇന്ത്യയിലെ ചെറിയ സംസ്ഥാനമായ കേരളത്തില്‍ സംഭവിച്ച പ്രകൃതി ദുരന്തത്തിന്റെ വ്യാപ്തി ഉള്‍ക്കൊണ്ടുകൊണ്ട് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ജനങ്ങളും അവരുടെ കൂട്ടായ്മ സംഘടനകളും സഹകരിക്കുന്നതുപോലെ ഈ കൂട്ടായ്മ പദ്ധതി വിജയിപ്പിക്കുവാന്‍ ലോകത്തിന്റെ തന്നെ പരിഛേദമായ ന്യൂയോര്‍ക്ക് സംസ്ഥാനത്തിലെ മുഴുവന്‍ ജനങ്ങളും സഹകരിക്കുമെന്ന് തങ്ങള്‍ക്കുറപ്പുണ്ടെന്ന് അവര്‍ പറഞ്ഞു.

ദൃശ്യ-ശ്രാവ്യ മാധ്യമ രംഗത്തെ കുലപതികളായ സി.എന്‍.എന്‍, എ.ബിസി തുടങ്ങിയവ വന്‍ പ്രധാന്യത്തോടെ നല്‍കിയ വാര്‍ത്താവിവരണങ്ങള്‍ പൊതുസമൂഹത്തിനു ഈ ദുരന്തത്തിന്റെ വ്യാപ്തി അറിയുവാന്‍ ഏറെ സഹായിച്ചു. എക്കോയുടെ ധനശേഖരണാര്‍ത്ഥം നടത്തുന്ന ഫണ്ട് റൈസിംഗ് ഡിന്നറില്‍ ന്യൂസ് -12 ചാനല്‍ സ്‌പോണ്‍സര്‍കൂടിയാണ്.

സെപ്റ്റംബര്‍ 9-നു ഞായറാഴ്ച ജെറിക്കോയിലുള്ള പ്രമുഖ ഇന്ത്യന്‍ റെസ്റ്റോറന്റായ കൊട്ടീലിയനില്‍ വച്ചു വൈകുന്നേരം 6 മണിക്ക് നടത്തുന്ന പരിപാടിയില്‍ ഏവരും പങ്കുചേര്‍ന്ന് ഈ ധനസമാഹരണ പദ്ധതി വന്‍ വിജയകരമാക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. നാസാ കൗണ്ടി പ്രിസൈഡിംഗ് ഓഫീസര്‍ റിച്ച് നിക്കലേറ്റോ മുഖ്യാതിഥിയായിരിക്കും. ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ മിസ് എലൈന്‍ ഫിലിപ്‌സിമായി എക്കോ നടത്തിയ കൂടിക്കാഴ്ചയില്‍ എല്ലാവിധ സഹായങ്ങളും ഉറപ്പുവരുത്താന്‍ ശ്രമിക്കുമെന്ന് അവര്‍ അറിയിക്കുകയുണ്ടായി. നമ്മുടെ നാട് പുനരുദ്ധരിക്കാന്‍ കൈകോര്‍ക്കുക..ഒത്തൊരുമയോടെ!!

Date: Sunday Sept 9, 6..PM
Venue: Cottilion Restorent, 440 Jericho Turnpike, Jericho, NY 11753.

ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

Share This Post