പ്രവീൺ വര്ഗീസ് വധം, ബെതുണിനെ കുറ്റവിമുക്തനാക്കി

ഇല്ലിനോയ് : സതേൺ ഇല്ലിനോയ് യൂണിവേഴ്‌സിറ്റിവിദ്യാർഥിയും മലയാളിയുമായ പ്രവീൺ വര്ഗീസ്( 19)കൊല്ലപ്പെട്ട കേസിൽ 2019 ജൂൺ മാസം ജൂറി കുറ്റക്കാരനാണെന്നു കണ്ടെത്തിയ ഗേജ് ബതുണിനെ (23)സ്വതത്രനായി വിട്ടയക്കാൻ കോടതി ഉത്തരവിട്ടു.

2014 ഫെബ്രുവരി 13 ന് കാണാതായ പ്രവീണിന്റെ തണുത്തുറഞ്ഞ മൃതദേഹം നാലു ദിവസങ്ങള്‍ക്കുശേഷം കാര്‍ബന്‍ഡേയ്ല്‍ റസ്‌റ്റോറന്റിന് പുറകില്‍ വൃക്ഷ നിബിഢമായ പ്രദേശത്തുനിന്നാണ് കണ്ടെത്തിയത്. പ്രവീണിനെ കാണാതായ ദിവസം മുതല്‍ കുടുംബാംഗങ്ങളും വൊളണ്ടിയാര്‍മാരും ഈ സ്ഥലമുള്‍പ്പെടെ സമീപ പ്രദേശങ്ങള്‍ അരിച്ചുപെറുക്കിയിട്ടും കണ്ടെത്താനാകാത്ത മൃതശരീരം നാലു ദിവസങ്ങള്‍ക്കുശേഷം അവിടെ എങ്ങനെ എത്തി എന്ന ദുരൂഹത നിലനില്‍ക്കുമ്പോള്‍ തന്നെ, മൃതദേഹം കണ്ടെടുത്ത തലേന്ന് രാത്രി ആരോ ഒരാള്‍ വാഹനത്തില്‍ നിന്നും ഇറങ്ങി ഭാരമേറിയ എന്തോ താങ്ങി കൊണ്ടു വരുന്ന ചിത്രങ്ങള്‍ സമീപമുള്ള ക്യാമറയില്‍ പതിഞ്ഞിരുന്നുവെന്നതും പ്രവീണിന്റേത് കൊലപാതകമാണെന്നതിന് അടിവരയിടുന്നതായിരുന്നു.

കാര്‍ബന്‍ ഡെയ്ല്‍ അധികാരികള്‍ ദുഃഖകരമായ അപകടമരണം എന്ന് വിധിയെഴുതിയ കേസ്സ് നാലു വര്‍ഷം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് കൊലപാതമായി ജൂറി വിധിയെഴുതിയത്. സംഭവം നടന്ന ദിവസം സഹപാഠിയുടെ വീട്ടില്‍ നടന്ന ബര്‍ത്തഡേ പാര്‍ട്ടിയില്‍ പങ്കെടുത്തു പുറത്തിറങ്ങിയ പ്രവീണിന് മറ്റൊരു സഹപാഠി ഗേയ്ജ് ബത്തൂണ്‍ നല്‍കിയ റൈഡാണ് ഒടുവില്‍ മരണത്തില്‍ കലാശിച്ചത്.

ബത്തൂണിന്റെ വാഹനത്തില്‍ വച്ച് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായതായും തുടര്‍ന്ന് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്നും വാഹനത്തില്‍ നിന്നും പ്രവീണ്‍ ഇറങ്ങി പോയെന്നും ബത്തൂണ്‍ നല്‍കിയ മൊഴി പൊലീസ് വിശ്വാസത്തിലെടുക്കുകയായിരുന്നു. അതിശൈത്യത്തില്‍ ശരീരം തണുത്തുറഞ്ഞ് മരണം സംഭവിക്കുകയായിരുന്നുവെന്ന ഔദ്യോഗിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന്റെ നിലപാടുകളെ ശരിവയ്ക്കുന്നതായിരുന്നു.

ആഗസ്റ്റിൽ ഫസ്റ്റ് ഡിഗ്രി മർഡറിന ശിക്ഷ വിധിക്കാനിരിക്കെ ബത്തൂൺ പുതിയ അറ്റോർണിമാരെ കേസ് ഏല്പിച്ചതിനെത്തുടർന്ന് അവരുടെ വാദംകൂടി കേട്ടു വിധി പറയാൻ സെപ്റ്റംബർ 17നു മാറ്റിവെച്ചതായിരുന്നു. ഇന്ന് ജാക്സൺ സർക്യൂട്ട് കോടതിയിൽ കേസ് ഓപ്പൺ ചെയ്തയുടനെ ജഡ്‌ജി മാർക്ക് ക്ലാര്ക് ബതുണിനെ വിട്ടയക്കാൻ ഉത്തരവിടുകയായിരുന്നു.പ്രോസിക്യൂഷൻ ആവശ്യമായ തെളിവുകൾ ഹാജരാക്കിയിട്ടുണ്ടെങ്കിലും തെറ്റുധാരണയായിരിക്കാം ജൂറി ബതുണിനെ കേസിൽ ഉള്പെടുത്തുന്നതിനും ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നതിനും കാരണമായതെന്നും കോടതി ചൂണ്ടിക്കാട്ടി .പ്രവീണിന്റെ തലയിൽ കണ്ടെത്തിയ മുറിവ് ഉണ്ടാക്കിയത് തന്റെ കക്ഷിയാണെന്നതിനു തെളിവുകൾ ഒന്നും ഇല്ലെന്നും ഇതൊരു കൊലപാതകമല്ലെന്നും ഡിഫെൻസ് അറ്റോർണി ഗ്രീൻബെർഗെ വാദിച്ചു .

കേസ് വീണ്ടും വാദം കേൾക്കുമെന്നും തിയതി പിന്നീട് നിശ്ചയിക്കുമെന്നും കോടതി പറഞ്ഞു.കോടതിയുടെ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് ബത്തൂണിന്റെ മാതാപിതാക്കൾ അറിയിച്ചപ്പോൾ ,വിധി അത്ഭുദമായിരിക്കുന്നുവെന്നാണ് പ്രവീണിന്റെ മാതാവ് ലവ്‌ലി വര്ഗീസ് അഭിപ്രായപെട്ടിത് .നാല് വർഷത്തിലധികം പ്രവീണിന്റെ കുടുംബാംഗങ്ങൾക്കൊപ്പം നീതിക്കു വേണ്ടി പോരാടിയ എല്ലാവരിലും കോടതിയുടെ പുതിയ ഉത്തരവ് നിരാശ പടർത്തി.ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ കേസിൽ ഇനിയും നീതി ലഭിക്കുമോ എന്ന ആശങ്കയും ഇയർന്നിട്ടുണ്ട് .

പി പി ചെറിയാൻ

മരുമകളുടെ മാതാപിതാക്കളെ വെടിവച്ചു കൊന്ന ദര്‍ശന്‍ സിങ്ങിനു മൂന്നു മില്യന്‍ ഡോളര്‍ ജാമ്യം

ഫ്രസ്‌നെ (കാലിഫോര്‍ണിയ) : മകന്റെ ഭാര്യയുടെ മാതാപിതാക്കളെ വീട്ടിനകത്തു വച്ചു വെടിവച്ചു കൊലപ്പെടുത്തിയ ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ ദര്‍ശന്‍ സിങ്ങിനെ (65) സെപ്റ്റംബര്‍ 12 ന് കോടതിയില്‍ ഹാജരാക്കി. കുറ്റം നിഷേധിച്ച പ്രതിക്ക് 3 മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 6 ഞായറാഴ്ചയായിരുന്നു സംഭവം. ദര്‍ശന്‍ സിങ്ങിന്റെ മകന്റെ വീട്ടില്‍ കഴിഞ്ഞിരുന്ന മരുമകളുടെ മാതാപിതാക്കളോട് മാറി പോകണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കുടുംബ കലഹമാണ് വെടിവയ്പിനു പ്രേരിപ്പിച്ചതെന്നാണു പൊലീസിന്റെ നിഗമനം. കൊല്ലപ്പെട്ട ഇരുവര്‍ക്കും ഈയിടെയാണ് ഗ്രീന്‍ കാര്‍ഡ് ലഭിച്ചത്.

വീടിനകത്ത് സോഫയില്‍ ഇരുന്നു ടിവി കാണുകയായിരുന്ന രവീന്ദര്‍ സിങ് (59) ഭാര്യ രജ്ബീര്‍ കൗര്‍ (59) എന്നിവരെയാണു ദര്‍ശന്‍ വെടിവച്ചത്. ശബ്ദം കേട്ടു താഴേക്ക് ഇറങ്ങി വന്ന മകന്റെ ഭാര്യയേയും ഇയാള്‍ ഭീഷണിപ്പെടുത്തി. ഉടനെ ഇവര്‍ മുകളില്‍ കയറി വാതിലടച്ചു 911 വിളിക്കുകയായിരുന്നു പൊലീസ് എത്തി പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല.

നടന്ന സംഭവത്തെ കുറിച്ചു ദര്‍ശന്‍, ഭാര്യയെ വിളിച്ചു പറഞ്ഞതിനു ശേഷം വീട്ടില്‍ നിന്നും കാറില്‍ കയറി രക്ഷപ്പെടുന്നതിനിടയിലാണ് പൊലീസ് പിടിയിലായത്.

സെപ്റ്റംബര്‍ 12നു കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് വിചാരണ നേരിടാനാകുമോ എന്നു ഡിഫന്‍സ് അറ്റോര്‍ണി സംശയം പ്രകടിപ്പിച്ചതിനാല്‍ തല്‍ക്കാലം കോടതി നടപടികള്‍ നിര്‍ത്തിവച്ചു. ജയിലിലടച്ച ദര്‍ശന്റെ മാനസികാവസ്ഥ പരിശോധിച്ചു റിപ്പോര്‍ട്ട് ഒക്ടോബര്‍ 17 ന് സമര്‍പ്പിക്കുന്നതിന് സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജി മൈക്കിള്‍ ഇഡിയര്‍ട്ട് ഉത്തരവിട്ടു.

പി.പി. ചെറിയാന്‍

ഫ്‌ളോറന്‍സ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 23 ആയി, നദികള്‍ കരകവിഞ്ഞൊഴുകി

നോര്‍ത്ത് കരോളിന : ഫ്‌ലോറന്‍സ് ചുഴലിയുടെ സംഹാരതാണ്ഡവത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയെന്ന് നോര്‍ത്ത് കാരലൈന ഗവര്‍ണര്‍ റോയ് കൂപ്പര്‍ അറിയിച്ചു. സംസ്ഥാനത്തു മാത്രം 17 പേരുടെ മരണം സ്ഥിരീകരിച്ചതായും സൗത്ത് കാരലൈനയില്‍ ആറു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചതായും ഗവര്‍ണര്‍ പറഞ്ഞു.
ളഹീൃലിരല1

ആകാശത്തു നിന്നും കാര്‍മേഘങ്ങള്‍ അപ്രത്യക്ഷമായി തുടങ്ങിയെങ്കിലും സംസ്ഥാനത്ത് വെള്ളപ്പൊക്കം സൃഷ്ടിച്ച സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. നദികള്‍ കരകവിഞ്ഞൊഴുകുന്നതു തടയുവാന്‍ താല്‍ക്കാലികമായുണ്ടാക്കിയ ബാരിക്കേഡുകള്‍ക്ക് സമീപം വാഹനം ഓടിക്കുന്നത് അപകടകരമാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പല നഗരങ്ങളിലും വീടുകള്‍ വെള്ളത്തില്‍ മൂടിക്കിടക്കുകയാണെന്നും 2,600 ആളുകളേയും 300 മൃഗങ്ങളേയും രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി.
ളഹീൃലിരല3

14,000 ത്തില്‍പ്പരം അഭയാര്‍ഥികള്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ കഴിയുകയാണ്. 17 ബില്യന്‍ തുടങ്ങി 22 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും അധികം നഷ്ടം വരുത്തിവച്ച ചുഴലിയുടെ ചരിത്രത്തില്‍ പത്താം സ്ഥാനത്താണ് ഫ്‌ലോറന്‍സ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന പ്രവര്‍ത്തകര്‍ ബോട്ടുകളും ആധുനിക ഉപകരണങ്ങളുമായി രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. നോര്‍ത്ത് കാരലൈനയായിലെ വില്‍മിങ്ടന്‍ സിറ്റിയിലേക്കുള്ള റോഡ് പൂര്‍ണ്ണമായും തകര്‍ന്നതിനാല്‍ നഗരം ഒറ്റപ്പെട്ടിരിക്കുകയാണെന്ന് മേയര്‍ ബില്‍ സഫൊ പറഞ്ഞു. സൗത്ത് കാരലൈനയില്‍ വെള്ളപ്പൊക്കം മൂലം 150 ല്‍ പരം റോഡുകള്‍ അടച്ചിട്ടു.

പി.പി. ചെറിയാന്‍

കോര്‍പ്പറേറ്റുകള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഗ്രാമീണ മേഖലകളിലേക്ക് വ്യാപിപ്പിക്കണം: മന്ത്രി എ. കെ. ശശീന്ദ്രന്‍

കോട്ടക്കല്‍ (17092018): സംസ്ഥാനത്തിന്റെ വികസനത്തിന് ആക്കം കൂട്ടണമെങ്കില്‍ ഗ്രാമീണ മേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി കോര്‍പ്പറേറ്റുകള്‍ സാമൂഹിക പ്രതിബദ്ധത ഫണ്ട് (സിഎസ്ആര്‍) ഉപയോഗിച്ചു നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഗ്രാമീണ മേഖലകളിലേക്ക് കൂടുതലായി വ്യാപിപ്പിക്കണം ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. പ്രമുഖ വ്യവസായിയായ എന്‍. എ. മുഹമ്മദ് കുട്ടി (മമ്മൂട്ടി) നേതൃത്വം നല്‍കുന്ന എന്‍എഎംകെ ഫൗണ്ടേഷന്റെ കോട്ടക്കല്‍ ഓഫീസ് ഞായറാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മലപ്പുറം ജില്ലയിലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ എന്‍എഎംകെ ഫൗണ്ടേഷന്‍ രണ്ടാമത്തെ ഓഫീസ് കോട്ടക്കലില്‍ ആരംഭിച്ചു .

ഫുട്‌ബോള്‍ ക്ലബ്ബുകള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റുകളും മന്ത്രി ചടങ്ങില്‍ വിതരണം ചെയ്തു. അഞ്ചു ഫുട്‌ബോള്‍ ക്ലബ്ബുകള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റുകളും മന്ത്രി ചടങ്ങില്‍ വിതരണം ചെയ്തു. തൊഴിലധിഷ്ഠിത കോഴ്‌സുകള്‍/സംരംഭങ്ങള്‍/അവസരങ്ങള്‍, കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍/പ്രതിരോധ ക്യാമ്പുകള്‍ക്കും സ്ത്രീ ശാക്തീകരണത്തിനും ഒരു പോലെ ഊന്നല്‍ നല്‍കുന്ന എന്‍എഎംകെ ഫൗണ്ടേഷന്റെ പ്രവര്‍ത്തനത്തെ മന്ത്രി പ്രശംസിച്ചു.

മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് എന്‍എഎംകെ ഫൗണ്ടേഷന്‍ രണ്ടാമത്തെ ഓഫീസ് കോട്ടക്കലില്‍ (മുനിസിപ്പല്‍ ഓഫീസിന് എതിര്‍വശം) ആരംഭിച്ചത്.

ലക്ഷ്യം വികസിത മലപ്പുറം

മലപ്പുറത്തിന്റെ സമ്പൂര്‍ണമായ വികസനമാണ് ലക്ഷ്യമെന്ന് അധ്യക്ഷത വഹിച്ച മുഹമ്മദ് കുട്ടി പറഞ്ഞു. എന്‍എഎംകെ ഫൗണ്ടേഷന്‍ ജില്ലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് നൂതന കോഴ്‌സുകള്‍ ആരംഭിക്കും. കാന്‍സര്‍ ബാധിതരുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ജില്ലകളിലൊന്നായ മലപ്പുറത്ത് പാലിയേറ്റീവ് കെയര്‍, ബോധവല്‍ക്കരണ ക്ലാസ്സുകള്‍/ക്യാമ്പുകള്‍, സെമിനാറുകള്‍, ചികിത്സ സഹായങ്ങള്‍ എന്നിവ ലഭ്യമാക്കാനും ഫൗണ്ടേഷന്‍ പ്രത്യേക പരിഗണന നല്‍കും. സൗജന്യ കാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാംപ് ഒക്ടോബര്‍ 18ന് സംഘടിപ്പിക്കും. കൂടാതെ വിദ്യാഭ്യാസം, ആരോഗ്യം, കായികം മേഖലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും വിദ്യാഭാരതി ഗ്രൂപ്പിന്റെ മുഖ്യ രക്ഷാധികാരിയും ഡയറക്ടറുമായ മുഹമ്മദ് കുട്ടി പറഞ്ഞു.

എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി ടി. പി. പീതാംബരന്‍ മാസ്റ്റര്‍, കോട്ടക്കല്‍ നഗരസഭാ ചെയര്‍മാന്‍ കെ. കെ. നാസര്‍, കോട്ടക്കല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി. കബീര്‍, സിപിഐ (എം) ഏരിയ കമ്മിറ്റി മെമ്പര്‍ സി. രാജേഷ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി. പി. സുബൈര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഡാളസ്സിൽ മർത്ത മറിയം വനിതാ സമാജം വാർഷിക സമ്മേളനം -സെപ്റ്റ 28,29

ഡാളസ്: മലങ്കര ഓർത്തഡോക്സ് സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസന മാർത്ത മറിയം സമാജ വാർഷിക സമ്മേളനം 2018 സെപ്റ്റംബർ 28, 29 തീയതികളിൽ ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് സെൻറ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടത്തപ്പെടുന്നു.

“ദാഹിക്കുന്നവന് ഞാൻ ജീവനീരുറവിൽ നിന്ന് സൗജന്യമായി കൊടുക്കും. ജയിക്കുന്നവന് ഇത് അവകാശമായി ലഭിക്കും. ഞാൻ അവനു ദൈവവും അവൻ എനിക്ക് മകനുമായിരിക്കും’. (വെളിപ്പാട് 21: 6, 7 ) എന്ന വിഷയത്തെ കേന്ദ്രീകരിച്ചുള്ള പഠന ക്ലാസുകളും ധ്യാനങ്ങളൂം പ്രബന്ധങ്ങളും വിവിധ സമയങ്ങളിൽ അവതരിക്കപ്പെടും. സൗത്ത് വെസ്റ്റ് ഭദ്രാസന സഹായ മെത്രപൊലീത്ത അഭി. ഡോ. സക്കറിയസ് മാർ അപ്രേം, ഫാ. ഡോ.തിമോത്തി തോമസ് (ടെനി അച്ചൻ ), റവ. ഫാ. ജോർജ് പൗലോസ് (താന്പാ, ഫ്ളോറിഡ) എന്നിവർ ക്ലാസുകൾ നയിക്കും. ഡാളസ് മേഖലയിലെ എല്ലാ ഇടവകകളുടെയും മർത്ത മറിയം സമാജ അംഗങ്ങൾ സംയുക്തമായി നടത്തുന്ന ഗായക സംഘം ഗാനങ്ങൾ ആലപിക്കും. ക്രൈസ്തവ പാരന്പര്യത്തിൽ അടിസ്ഥാനമായുള്ള കലാപരിപാടികളും അവതരിക്കപ്പെടും.

28 വെള്ളിയാഴ്ച രാവിലെ വർണശബളമായ ഘോഷയാത്രയോടു കൂടി ആരംഭിക്കുന്ന സമ്മേളനത്തിന് ഡാളസ് മേഖലയിലെ എല്ലാ ഇടവകകളും സംയുക്തമായി ആതിഥ്യം വഹിക്കുന്നതാണ്. സമ്മേളനത്തിന്‍റെ വിജയത്തിനായി പത്തോളം കമ്മറ്റികൾ ഡാളസിലെ വൈദികരുടെയും സമാജം അംഗങ്ങളുടെയും നേതൃത്വത്തിൽ നടന്നു വരുന്നു. ഭദ്രാസനത്തിലെ എല്ലാ ഇടവകകളിൽ നിന്നും 350 പ്രതിനിധികൾ സംബന്ധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: റവ. ഫാദർ. രാജു ഡാനിയേൽ 2144766584, മെറി മാത്യു 9727502765, സൂസൻ തന്പാൻ 4695835931, ശാന്തമ്മ മാത്യു.

പി പി ചെറിയാൻ

നമ്പി നാരായണൻ നീതി നേടി ; ലാലുജോസഫിന് പാർട്ടി നീതി നൽകുമോ എന്ന ചോദ്യം ബാക്കിയാകുന്നു

തിരുവനന്തപുരം: ചാരക്കേസിൽ പ്രശസ്ത ശാസ്ത്രജ്ഞൻ നമ്പി നാരായണന് നീതി ലഭിച്ചപ്പോള്‍ ലാലു ജോസഫിന് നീതി ലഭിക്കുമോ എന്ന ആശങ്കയിലാണ് പലരും. ചാരക്കേസിൽ പ്രതിയായിരുന്ന മറിയം റഷീദയ്ക്ക് ജാമ്യം നിന്നതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട അഡ്വ.ലാലുജോസഫിനെ സി പി എം തിരികെ എടുക്കുമോ എന്ന വിഷയം ചര്‍ച്ചയാകുകയാണ്.

സി.പി.എമ്മിന്റെ നേതാവും ,പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും രാജ്യസഭാംഗവുമായിരുന്ന പരേതനായ ഒ.ജെ.ജോസഫിന്റെ മകൻ ലാലു ജോസഫിനെ നിസാര കാരണങ്ങളുടെ പേരിലാണ് 1998 ൽ പാർട്ടി പുറത്താക്കിയത്.

എസ്.എഫ്.ഐ നേതാവ്, ഡി.വൈ.എഫ്.ഐ വഞ്ചിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി, ദേശാഭിമാനി ലേഖകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ലാലു ദേശാഭിമാനിയിൽ നിന്ന് രാജിവച്ച് ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ ലാ ഓഫീസറും പബ്ളിക് റിലേഷൻസ് ഓഫീസറുമായി പ്രവർത്തിക്കുമ്പോഴാണ് ചാരക്കേസുമായി ബന്ധപ്പെട്ട് ലാലു പാര്‍ട്ടിയില്‍ നിന്ന്‍ പുറത്താക്കപ്പെടുന്നത്.

ചാരക്കേസിൽ വിചാരണ തടവുകാരിയായി വിയ്യൂർ ജയിലിൽ കഴി‌ഞ്ഞ മറിയം റഷീദയെ രാജ്യത്തെ രണ്ടു പ്രമുഖ വാരികകളുടെ ലേഖകർ ജയിൽ അധികൃതരുടെ അനുമതിയോടെ ഇന്റർവ്യു ചെയ്തിരുന്നു.ജയിലിൽ നേരിട്ട പീഡനങ്ങളെക്കുറിച്ച് അവർ അന്ന് വിശദീകരിച്ചിരുന്നു. അവർ നൽകിയ മൊഴി പ്രസിദ്ധീകരിച്ചുവന്നപ്പോൾ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥർ അപകീർത്തിക്കേസ് നൽകി.

ആ കേസിൽ പത്രപ്രവർത്തകർക്ക് വേണ്ടി ജാമ്യം നിന്നത് ലാലു ജോസഫും സാമൂഹ്യപ്രവർത്തകനായ മൈത്രേയനുമായിരുന്നു. ഈ കേസിന്റെ വിചാരണ നടക്കുമ്പോൾ ഐ.എസ്.ആർ.ഒ ചാരക്കേസ് സുപ്രീം കോടതി തള്ളുകയും മറിയം റഷീദയടക്കമുള്ളവരെ കുറ്റവിമുക്തരാക്കുകയും ചെയ്തു. അപകീർത്തി കേസ് വീണ്ടുമെടുത്തപ്പോൾ മറിയം റഷീദയ്ക്ക് ജാമ്യം നിൽക്കാൻ ആളുവേണ്ടി വന്നു.

ഇടതു സഹയാത്രികൻ കൂടിയായ അഡ്വ.ചെറുന്നിയൂർ ശശിധരൻ നായരായിരുന്നു പത്രപ്രവർത്തകരുടെ അഭിഭാഷകൻ. അദ്ദേഹം ലാലുവിനോട് ചോദിക്കുകയും ലാലുവും മൈത്രേയനും ജാമ്യം നിൽക്കുകയുമായിരുന്നു. യഥാർത്ഥത്തിൽ മനുഷ്യത്വപരമായ ഒരു സഹായം മാത്രമാണ് ഇരുവരും ചെയ്തത്. മറിയം റഷീദയ്ക്ക് ജാമ്യം ലഭിക്കുകയും ചെയ്തു.

എന്നാൽ പാർട്ടിയിൽ അതൊരു പ്രശ്‌നമായി മാറി. പാർട്ടി ഉയർത്തിക്കൊണ്ടു വന്ന ഒരു കേസിൽ പ്രതിയായവർക്കുവേണ്ടി ജാമ്യം നിന്നത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നും നടപടി എടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നുമായിരുന്നു’ പാർട്ടി വിശദീകരണം ചോദിച്ചത്. ലാലു നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നു കാണിച്ച് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു.

നിലവിൽ നമ്പി നാരായണന് സുപ്രീം കോടതി നീതി നൽകിയിരിക്കുകയാണ്. അങ്ങനെയെങ്കിൽ ലാലുവിനെ പാർട്ടി തിരിച്ചെടുക്കുമോ എന്നാണ് പലരും ചോദിക്കുന്നത്. എന്നാൽ പാർട്ടി ഇപ്പോഴും മൗനം പാലിക്കുകയാണ്.

ഫോര്‍ട്ട് വര്‍ത്ത് പോലീസ് ഓഫീസര്‍ വെടിയേറ്റു മരിച്ചു

ഫോര്‍ട്ട് വര്‍ത്ത് (ഡാളസ്): ആയുധധാരികളായ കവര്‍ച്ചക്കാരുമായുണ്ടായ ഏറ്റുമുട്ടലിനിടയില്‍ പോലീസ് ഓഫീസര്‍ ഗാരറ്റ് ഹള്‍ വെടിയേറ്റു മരിച്ചു. സെപ്റ്റംബര്‍ 14-നു വെള്ളിയാഴ്ച രാവിലെ ബിസിഡന്‍ സ്ട്രീറ്റിലുള്ള ലോസ് വാക്വസെ ബാറിനു പുറത്തുവച്ചായിരുന്നു സംഭവം.

ബാറിനകത്തു കവര്‍ച്ച നടത്തിയശേഷം പുറത്തേക്ക് ഓടിയ മൂന്നു പേര്‍ എസ് യുവിയില്‍ കയറുന്നതിനിടെ, തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ ഡസിയര്‍ സ്റ്റെപ്‌റ്റോ (23) എന്ന അക്രമിയാണ് ഓഫീസര്‍ക്കു നേരേ നിറയൊഴിച്ചത്. ഇതിനിടയില്‍ സംഭവ സ്ഥലത്തുണ്ടായിരുന്ന മറ്റൊരു പോലീസ് ഓഫീസര്‍ അക്രമിയെ വെടിവച്ചു കൊന്നു. ഗാരറ്റിനു 17 വര്‍ഷത്തെ സര്‍വീസുണ്ടായിരുന്നു. ഡ്യൂട്ടിക്കിടയില്‍ മരിക്കുന്ന 58-മത്തെ ഫോര്‍ട്ട് വര്‍ത്ത് പോലീസ് ഓഫീസറാണ് ഗാരറ്റ്.

പ്രതിയുടെ കൂടെയുണ്ടായിരുന്ന ശാമുവേല്‍ മെഫില്‍ഡ് (23), തിമോത്തി ഹഫ് (33) എന്നിവരെ പിടികൂടി ജയിലിലടച്ചു. ഇവര്‍ക്കെതിരേ വധശ്രമത്തിനു കേസെടുത്തതായി പോലീസ് അറിയിച്ചു. നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതികളാണ് മൂന്നുപേരും.

പി.പി. ചെറിയാന്‍

ഹിന്ദു ദേശീയത ഇന്ത്യയില്‍ രാഷ്ട്രീയ ശക്തിയായി ഉയരുന്നു

വാഷിംഗ്ടണ്‍ : ഇന്ത്യയില്‍ ഹിന്ദു ദേശീയത സമീപ കാലങ്ങളില്‍ രാഷ്ട്രീയ ശക്തിയായി ഉയര്‍ന്നുവരുന്നതായി യുഎസ് കണ്‍ഗ്രഷനല്‍ റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഇന്ത്യയുടെ മതേതരത്വ സ്വഭാവത്തിന് നേരെ ഉയരുന്ന വലിയൊരു ഭീഷിണിയാണിതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.

യുഎസ് കോണ്‍ഗ്രസിലെ ഇരുപാര്‍ട്ടികളുടേയും സ്വതന്ത്ര ഗവേഷണ വിഭാഗമായ കണ്‍ഗ്രഷണല്‍ റിസേര്‍ച്ച് സര്‍വ്വീസ് (സിആര്‍എസ്) 2018 ഓഗസ്റ്റില്‍ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്കു സെപ്റ്റംബര്‍ 13 വ്യാഴാഴ്ച വിതരണം ചെയ്തതിലാണ് യുഎസ് കോണ്‍ഗ്രസിന്റെ ആശങ്ക പ്രകടമാക്കിയിരിക്കുന്നത്.

ചില സംസ്ഥാനങ്ങളില്‍ നിലവിലുള്ള മതപരിവര്‍ത്തനത്തിന് എതിരായ നിയമങ്ങളും ഗോ സംരക്ഷണ നിയമങ്ങളും വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. ഭൂരിപക്ഷ വിഭാഗങ്ങളുടെ അക്രമ പ്രവര്‍ത്തനങ്ങളും ഇന്ത്യയില്‍ വര്‍ധിച്ചുവരുന്നു. മതേതര ഇന്ത്യയില്‍ ചില സര്‍ക്കാര്‍ ഇതര സംഘടനകള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ പോലും നിഷേധിക്കുന്നതായും ഭരണ ഘടനാവാഗ്ദാനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

സെപ്റ്റംബര്‍ ആറിന് ഡല്‍ഹിയില്‍ നടന്ന ഇന്‍ഡോ– യുഎസ് 2+2 ചര്‍ച്ചകള്‍ക്കു മുമ്പ് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കു വേണ്ടി സൗത്ത് ഏഷ്യന്‍ സ്‌പെഷ്യലിസ്റ്റ് അലന്‍ കോണ്‍സ്റ്റഡത്ത് ആണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയത്.

വന്‍ ജനസംഖ്യയുള്ള ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ബിജെപി ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിനു നേരെ ഉയര്‍ത്തിയിരിക്കുന്ന ഭീഷിണി യുഎസ്–ഇന്ത്യ ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഈ വിഷയം ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഫ്‌ളോറന്‍സ് ചുഴലിയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

നോര്‍ത്ത് കരോളൈന: വെള്ളിയാഴ്ച രാവിലെ മുതല്‍ വീശിയടിച്ച ഫ്‌ലോറന്‍സ് കൊടുങ്കാറ്റില്‍ നോര്‍ത്ത് കരോളൈനയില്‍ മാതാവും കുഞ്ഞും ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. റ്റാര്‍ ഹീല്‍ സ്റ്റേറ്റില്‍ നിന്നും സൗത്ത് കരോളൈനിയെ ലക്ഷ്യമാക്കി ഫ്‌ലോറന്‍സ് നീങ്ങികൊണ്ടിരിക്കയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വില്‍മിംഗ്ടണില്‍ ഉണ്ടായ അതിശക്തമായ കാറ്റില്‍ മരം വീണാണ് മാതാവും കുഞ്ഞും മരിച്ചത്. കുഞ്ഞിന്റെ പിതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയല്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.വെള്ളിയാഴ്ച വൈകിയതോടെ 788916 വീടുകളില്‍ വൈദ്യുത ബന്ധം തകരാറിലായി. പലവീടുകളിലും വെള്ളം കയറിയതിനാല്‍ താമസയോഗ്യമല്ലാതായിട്ടുണ്ട്.

വില്‍മിംഗ്ടണ്‍ എയര്‍ പോര്‍ട്ടില്‍ 105 മൈല്‍ വേഗതയില്‍ കാറ്റടിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നോര്‍ത്ത് കരോളൈനയിലെ ന്യൂക്ലിയര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചു. 40 ഇഞ്ചു വരെ മഴ ലഭിച്ചതായി അധികൃതര്‍ പറയുന്നു.കടല്‍ തീരങ്ങളിലുള്ളവര്‍ അഭയകേന്ദ്രങ്ങളില്‍ എത്തണമെന്നും, വാഹനത്തില്‍ സഞ്ചരിക്കുന്നതു ഒഴിവാക്കണമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

സൗത്ത് കരോളൈനയില്‍ എത്തുമ്പോള്‍ ഫ്‌ലോറന്‍സിന്റെ ശക്തി കുറഞ്ഞു ഒഹായൊവെസ്റ്റ് വെര്‍ജീനിയ സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കുമെന്നും ജാഗ്രതാ നിര്‍ദേശം നല്‍കി. പലവിമാനത്താവളങ്ങളുടേയും പ്രവര്‍ത്തനം താറുമാറായിട്ടുണ്ട്.

പി.പി. ചെറിയാന്‍

ഉഴവൂര്‍ പിക്‌നിക്ക് അവിസ്മരണീയമായി

ചിക്കാഗോ: സൗഹൃദ സ്മരണകള്‍ തൊട്ടുണര്‍ത്തി ഉഴവൂര്‍ പിക്‌നിക്ക് അവിസ്മരണീയമായി. ഷിക്കാഗോ: ഉഴവൂരും സമീപപ്രദേശങ്ങളില്‍ നിന്നുമായി ഷിക്കാഗോയില്‍ വസിക്കുന്ന പ്രവാസി മലയാളികളുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 8 ശനിയാഴ്ച രാവിലെ നടന്ന പിക്‌നിക് സംഗമത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. ഡെസ്‌പ്ലെയിന്‍സ് വില്ലേജിലുള്ള ലയണ്‍സ് വുഡ് പാര്‍ക്കില്‍ വച്ച് നടത്തിയ പിക്‌നിക്കില്‍ മുഖ്യാതിഥിയായി എത്തിയ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ജോസ് തോമസ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

കോളേജ് അലുമിനി അസോസിയേഷന്‍ പ്രസിഡന്‍റ് ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് തദവസരത്തില്‍ ആശംസ പ്രസംഗം നടത്തി.കുട്ടികളുടെ മിഠായി പെറുക്കലോടുകൂടി തുടക്കമിട്ട പിക്‌നിക്കില്‍ യുവജനങ്ങള്‍ക്കായി നിരവധി കായിക മത്സരങ്ങള്‍ ഒരുക്കിയിരുന്നു. തല്‍സമയം പാചകം ചെയ്‌തെടുത്ത ആഹാര ക്രമീകരണങ്ങളും, നര്‍മ്മരസം കലര്‍ന്ന കളിചിരികളുമായി ഏവരും ഒത്തുചേരല്‍ ആസ്വാദകരമാക്കി. ജന്മനാടിന്റെ ഗൃഹാതുര സ്മരണകള്‍ തൊട്ടുണര്‍ത്തി ഏവരിലും സൗഹൃദത്തിന്റെ ആവേശം ജനിപ്പിച്ച ഈ സംഗമത്തിന് ഷിക്കാഗോയുടെ വിവിധ സബേര്‍ബുകളില്‍ നിന്നുമായി നൂറുകണക്കിനു ഉഴവൂര്‍ക്കാര്‍ ഒന്നിച്ചുകൂടിയത് ഏറെ തിളക്കമായി.

കാലാകാലങ്ങളായി ഉഴവൂര്‍ പിക്‌നിക് സംഗമത്തിലെ സജീവ പ്രവര്‍ത്തകരും നിറസാന്നിധ്യവും ആയിരുന്ന കാരാപ്പള്ളില്‍ കുര്യന്‍ സാറിന്റെയും കരമാലി മത്തായിടെയും വേര്‍പാടിന്റെ ദുഃഖവും സ്മരണയും പങ്കുവെച്ച് കൊണ്ട് സംഗമത്തിന്റെ മുഖ്യസംഘാടകന്‍ ബെന്നി കാഞ്ഞിരപാറ സംസാരിക്കുകയും ഏവര്‍ക്കും നന്ദി പറയുകയും ചെയ്യുതു. സൈമണ്‍ ചക്കാലപടവില്‍, സ്റ്റീഫന്‍ ചൊള്ളമ്പേല്‍, സാബു നടുവീട്ടില്‍, ബെന്നി പടിഞ്ഞാറേല്‍, സാബു ഇലവുങ്കല്‍, മനോജ് അമ്മായികുന്നേല്‍, അബി കീപാറയില്‍, അജീഷ് കാരപ്പള്ളി. എന്നിവരുടെ നേതൃത്വത്തില്‍ പരിപാടികളുടെ വിജയത്തിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി. കൂടുതല്‍ ചിത്രങ്ങള്‍ക്ക്: https://photos.app.goo.gl/soaim8dS8GqsLzuy8

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം