അരിസോണയില്‍ ഗുരു ധര്‍മ്മ പ്രചരണ സഭ ഗുരുദേവ ജയന്തി ആഘോഷിച്ചു

അരിസോണ: 164 മത് ഗുരു ദേവ ജയന്തി പ്രാര്‍ത്ഥനാനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ഇത്തവണ സഭ ഓണാഘോഷം റദ്ദാക്കി. കേരളത്തിലെ പ്രകൃതിയുടെ വികൃതിയാകുന്ന താണ്ഡവത്തില്‍ ജീവന്‍ പൊലിഞ്ഞ ആത്മാക്കള്‍ക്ക് വേണ്ടിയും കഷ്ടത അനുഭവിക്കുന്ന ആളുകളുടെ ദുഃഖത്തില്‍ പങ്കാളികളായും അരിസോണയിലെ ജാതിമത വ്യത്യാസമില്ലാതെ ഒത്ത്ഒരുമിച്ച് മലയാളി സമൂഹം ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുകയും കഷ്ടത അനുഭവിക്കുന്ന യഥാര്‍ത്ഥ ആളുകളില്‍ അത് ശിവഗിരി മഠത്തിലൂടെ നേരിട്ട് എത്തിക്കുന്നതിന് വേണ്ടി ശിവഗിരി മഠം ധര്‍മ്മ സംഘം ട്രസ്റ്റ് എസ്‌സിക്കൂട്ടീവ് അംഗം ശ്രീമത് ഗുരു പ്രസാദ് സ്വാമികള്‍ക്കു ഡോക്ടര്‍ വിനയ് യുടെയും ഡോക്ടര്‍ ജാന്‍സിയുടേയും സഭാപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ശേഖരിച്ച 13500 ഡോളര്‍ കൈമാറുകയും ,തുടര്‍ന്ന് ഗുരു ധര്‍മ്മ പ്രചാരണ സഭ അരിസോണയിലെ കൊച്ചു കുട്ടികളുടെ സമ്പാദ്യമായ എളിയ സംഭാവന ഈ ചടങ്ങില്‍ കേരളത്തിലെ പ്രളയ കെടുതിയില്‍ കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി കൈമാറിയത് ശ്രദ്ധേയമായി.

ചടങ്ങില്‍ ശ്രീ അശോകന്‍ വേങ്ങശ്ശേരി എഴുതിയ “Sree Narayana Guru,The Perfect union of Budha & Sankara “ബുക്കിന്റെ ഒരു കോപ്പി ശ്രീമദ് ഗുരുപ്രസാദ് സ്വാമികളുടെ പുണ്യ കരങ്ങളാല്‍ കൈമാറി .

ഗുരു ദേവ ദര്‍ശനം ലോകമെങ്ങും പ്രചരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം .ദേശഭാഷാ വ്യത്യാസമില്ലാതെ മനുഷ്യ മനസ്സുകളേടെ സ്പന്ദനമറിഞ്ഞ ഗുരു അവരുടെ നന്മക്കായി പകര്‍ന്നു നല്‍കിയ മഹിത സന്ദേശം ,സമൂഹ നന്മക്കു വേണ്ടി ഇത്രയും ത്യാഗോജ്വലമായി കര്‍മ്മ രംഗത്ത് വിരാചിച്ച ബ്രഹ്മ വിത്താണ് ശ്രീനാരായണ ഗുരുദേവന്‍ എന്ന മഹര്‍ഷി.ഗുരുവിന്റെ ദര്‍ശനം നോര്‍ത്ത് അമേരിക്കയിലെ മനുഷ്യ മനസ്സുകളില്‍ എത്തിക്കുന്നതിന് ശിവഗിരി മഠത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഒരു ആദ്ധ്യാത്മിക കേന്ദ്രം ടെക്‌സാസിലെ ഡാളസില്‍ അമേരിക്കയിലുള്ള ഗുരു ഭക്തരുടെ നിസീമമായ സഹകരണത്തോടു കൂടി സമാരംഭിക്കുകയാണ് അതിനു എല്ലാ സുമന്‍സുകളുടേയും നിസീമമായ സഹകരണം ഉണ്ടെങ്കില്‍ മാത്രമേ എളുപ്പത്തില്‍ ആശ്രമ നിര്‍മ്മാണം സാധിക്കുകയുള്ളു അതിനു എല്ലാവരും ആത്മാര്‍ത്ഥമായി സഹകരിക്കണമെന്ന് 164 മത് ഗുരുദേവജയന്തി ഉദ്ഘടാനം ചെയ്തുകൊണ്ട് ഗുരുപ്രസാദ് സ്വാമികള്‍ പറഞ്ഞു .തുടര്‍ന്ന് പ്രാര്‍ത്ഥനയും സ്വാമികളുടെ അനുഗ്രഹ പ്രഭാഷണവും ഉണ്ടായിരുന്നു.

ചടങ്ങില്‍ സഭയുടെ പ്രസിഡന്റ് അഡ്വ:ഷാനവാസ് കാട്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു ,ഗുരുധര്‍മ്മ പ്രചരണസഭ കോര്‍ഡിനേറ്റര്‍ അശോകന്‍ വേങ്ങശ്ശേരില്‍,മുന്‍പ്രസിഡന്റ് ഹരി പീതാംബരന്‍,മാത്ര്‍വേദി പ്രസിഡന്റ് ദീപ ധര്‍മ്മരാജന്‍,ശ്രീജിത്ത് ശ്രീനിവാസന്‍ ,ശ്യാം രാജ്,പ്രവീണ്‍ ദാമോദരന്‍ ,ഗിരീഷ് പിള്ള ,ഡോക്ടര്‍ വിനയ് ,യൂത്ത് കോര്‍ഡിനേറ്റര്‍ വിവേക് ദേവദാസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു

സഭയുടെ ട്രഷറര്‍ ജോലാല്‍ കരുണാകരന്‍ കണക്കുകള്‍ അവതരിപ്പിച്ചു .സഭയുടെ സെക്രട്ടറി ശ്രീനി പൊന്നച്ചന്‍ സ്വഗതവും ,വൈസ് പ്രസിഡന്റ് വിജയന്‍ ദിവാകരന്‍ കൃതജ്ഞതയും രേഖപ്പെടുത്തി .

ഗുരുധര്‍മ പ്രചരണസഭ അരിസോണയുടെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് ശ്യാം ,ശ്രീജിത് ,പ്രവീണ്‍ ,ഗിരീഷ് ,ഡോക്ടര്‍ വിനയ് എന്നിവരെ തിരഞ്ഞെടുക്കുകയും ഡോക്ടര്‍ ജാന്‍സിയെകൂടി വൈസ്പ്രസിഡന്റായി ബോര്‍ഡിലേയ്ക്കും ദീപ്തിജോലാലിനെ വോളന്റീയറിങ് കമ്മറ്റി ചെയര്‍മാനായും തിരഞ്ഞെടുത്തു. അമേരിക്കയില്‍ ശിവഗിരിയുടെ ഒരുശാഖ ആരംഭിക്കുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും ഫണ്ടുപിരിവും ആരംഭിച്ചു

ഷാനവാസ് കാട്ടൂര്‍ & ശ്രീനി പൊന്നച്ചന്‍ (ഗുരു ധര്‍മ്മ പ്രചരണ സഭ അരിസോണ) അറിയിച്ചതാണിത്.

ജോസഫ് വി. ഏബ്രഹാം (80) ഫിലഡല്‍ഫിയയില്‍ നിര്യാതനായി

ഫിലഡല്‍ഫിയ: റാന്നി പൂവന്‍മല വരിക്കാനിക്കുഴിയില്‍ കുടുംബാംഗം ജോസഫ് വി. ഏബ്രഹാം (80) ഫിലഡല്‍ഫിയയില്‍ നിര്യാതനായി. ഫിലഡല്‍ഫിയ ബഥേല്‍ മാര്‍ത്തോമാ ദേവാലയത്തിലെ സജീവാംഗമായിരുന്നു. വരിക്കാനിക്കുഴിയില്‍ പരേതരായ ഏബ്രഹാം വി. തോമസിന്റേയും മറിയാമ്മ തോമസിന്റേയും പുത്രനായ പരേതന്റെ സഹധര്‍മ്മിണി അന്നമ്മ ജോസഫ് റാന്നി നെല്ലിക്കമണ്‍ അയന്തിയില്‍ കുടുംബാംഗമാണ്. ജെയ്‌സി, ജിന്‍സി, ജിനോ എന്നിവര്‍ മക്കളാണ്. മാത്യു ഇടിച്ചാണ്ടി ആലപ്പുറത്ത്, മോന്‍, ദിവ്യ എന്നിവര്‍ മരുമക്കളും, ആന്‍മേരി, ഷാനന്‍, ജോനാഥന്‍, ജെസിക്ക, ജോന, ജെ എന്നിവര്‍ കൊച്ചുമക്കളുമാണ്. തോമസ്, ശമുവേല്‍, ഏബ്രഹാം, മത്തായി, ഫിലിപ്പ്, മേരി, മോളി എന്നിവര്‍ സഹോദരീസഹോദരങ്ങളുമാണ്.

ഫിലഡല്‍ഫിയയിലെ ആത്മീയ-സാമൂഹ്യ-സാംസ്കാരിക മേഖലയിലെ നിറഞ്ഞ സാന്നിധ്യമായിരുന്ന ജോസഫ് വി. ഏബ്രഹാം സുദീര്‍ഘമായ ഔദ്യോഗിക ജീവിതത്തിനുശേഷം 1989-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ഇന്ത്യന്‍ മിലിട്ടറി സര്‍വീസില്‍ പത്തുവര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലും (കെ.എസ്.ആര്‍.ടി.സി) ഉദ്യോഗം വഹിച്ചു. ഫിലഡല്‍ഫിയയിലെ കാര്‍ഡോണ ഇന്‍ഡസ്ട്രിയിലെ മുന്‍ ഉദ്യോഗസ്ഥനാണ്. ബഥേല്‍ മാര്‍ത്തോമാ ഇടവകയിലെ സജീവാംഗമായിരുന്ന ഇദ്ദേഹം വിവിധ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചുകൊണ്ട് ഇടവകയുടെ വളര്‍ച്ചയ്ക്കായി പ്രയത്‌നിച്ചു. അമേരിക്കയിലെ പ്രമുഖ മലയാളി അസോസിയേഷനായ മലയാളി അസോയിയേഷന്‍ ഓഫ് ഫിലാഡല്‍ഫിയയുടെ മുന്നണി പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം നീണ്ട 25 വര്‍ഷത്തെ സേവനത്തില്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍, വൈസ് പ്രസിഡന്റ്, ലൈബ്രേറിയന്‍, മാപ്പ് ഐ.സി.സി ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. സംസ്കാരിക വളര്‍ച്ചയ്ക്കും, മലയാളി സമൂഹത്തിന്റെ ഐക്യത്തിനുമായി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച പൊതുപ്രവര്‍ത്തകനായിരുന്നു ജോസഫ് വി. ഏബ്രഹാം.

ബഥേല്‍ മാര്‍ത്തോമാ ഇടവക വികാരി റവ. സജു ചാക്കോ, ഫിലഡല്‍ഫിയ സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി റവ.ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശേരി, മാപ്പ് പ്രസിഡന്റ് അനു സ്കറിയ, സെക്രട്ടറി തോമസ് ചാണ്ടി, ട്രഷറര്‍ ഷാലു, മലങ്കര ആര്‍ച്ച് ഡയോസിസിസ് കൗണ്‍സില്‍ അംഗവും ഫിലാഡല്‍ഫിയയിലെ സാമൂഹ്യ സാംസ്കാരിക സംഘടനാ നേതാവുമായ ജീമോന്‍ ജോര്‍ജ്, സാബു ജേക്കബ് (സെക്രട്ടറി, സെന്റ് പീറ്റേഴ്‌സ് കത്തീഡ്രല്‍), കമാന്‍ഡര്‍ ജോബി ജോര്‍ജ് (സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ) തുടങ്ങിയ പ്രമുഖര്‍ പരേതന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

ചരിത്രത്തിലാദ്യമായി ആഫ്രിക്കന്‍- അമേരിക്കന്‍ ഫ്‌ളോറിഡ ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥി

ഒര്‍ലാന്റൊ: ഫ്‌ളോറിഡാ സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഗവര്‍ണര്‍ സ്ഥാനത്തേക്ക് പ്രധാന പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ ആന്‍ഡ്രൂ ജില്ലന്‍ മത്സര രംഗത്ത്.ആഗസ്റ്റ് 28 ചൊവ്വാഴ്ച നടന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം നേടിയ തലഹാസി മേയര്‍, ആഡ്രൂ ജില്ലന്‍, നവംബറിലെ പൊതു തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി വിജയിച്ച റോണ്‍ ഡിസാന്റിനിനെയാണ് നേരിടുക.

നിലവിലുള്ള ഫ്‌ളോറിഡാ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ റിക്ക് സ്‌ക്കോട്ട് സ്ഥാനമൊഴിയുമ്പോള്‍ പുതിയ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെടുന്നതിന് ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ആഡ്രുവും, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി റോണും തമ്മിലാണ് കടുത്ത മത്സരത്തിനുള്ള വേദി ഒരുങ്ങുന്നത്.

ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ആന്‍ഡ്രു, ബെര്‍ണി സാന്റേഴ്‌സിന്റെ പിന്തുമയോടെ ശക്തയായ എതിരാളിയും മുന്‍ കോണ്‍ഗ്രസി അംഗവും, മുന്‍ ഗവര്‍ണറുടെ മകളുമായ ഗ്വന്‍ ഗ്രഹാമിനെയാണ് പരാജയപ്പെടുത്തിയതെങ്കില്‍, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി റോണ്‍, പ്രസിഡന്റ് ട്രംമ്പിന്റെ പിന്തുണയോടെ അഗ്രികള്‍ച്ചറല്‍ കമ്മീഷണറായ ആഡം പുറ്റ്‌നമിനെയാണ് പരാജയപ്പെടുത്തിയത്.

2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംമ്പ് വെറും ഒരു പോയന്റിനാണ് ഫ്‌ളോറിയായില്‍ വിജയിച്ചത്.സംസ്ഥാന തലസ്ഥാനമായ തലഹാസിയിലെ മേയര്‍ പദവി അലങ്കരിക്കുന്ന 39 വയസ്സുള്ള ചെറുപ്പക്കാരനായ ആന്‍ഡ്രൂ ഫ്‌ളോറിഡായുടെ അടുത്ത ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടു എന്നാണ് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ആശ്വാസം.

പി.പി.ചെറിയാന്‍

ഡാളസ് കൗണ്ടിയിലെ ആദ്യ ചിക്കന്‍ഗുനിയ വൈറസ് ഇന്ത്യയില്‍ നിന്നും തിരിച്ചെത്തിയ കുട്ടിയില്‍

ഡാളസ്: 2018 ലെ ഡാളസ്സ് കൗണ്ടിയില്‍ ആദ്യ ചിക്കന്‍ഗുനിയ വൈറസ് ഇന്ത്യയില്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ പതിനൊന്ന് വയസ്സുകാരനില്‍ കണ്ടെത്തിയതായി കൗണ്ടി ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വ്വീസസ് ഡിപ്പാര്‍ട്ട്‌മെന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ആഗസ്റ്റ് 28 നായിരുന്നു അധികൃതര്‍ വിവരം പുറത്തുവിട്ടത്.കുട്ടിയുടെ വിശദാംശങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഡാളസ് ഇര്‍വിംഗ് സിറ്റിയിലെ വീട്ടിലെ അംഗമാണ് അധികൃതര്‍ പറഞ്ഞു.ചിക്കന്‍ഗുനിയ പകരുന്നത് കൊതുക് കടി മൂലമാണെന്നും, ഈ കൊതുകുകള്‍ തന്നെയാണ് സിക്ക, ഡങ്കി വൈറസുകളും മനുഷ്യരിലേക്ക് കടത്തി വിടുന്നതെന്നും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.ചിക്കുന്‍ ഗുനിയ പലപ്പോഴും മരണ കാരണമാണെന്നും, പനി, ജോയിന്റ് പെയ്ന്‍, തലവേദന, പേശീബന്ധനം, ശരീരത്തില്‍ തടിപ്പ് എന്നിവ ഇതിന്റെ ലക്ഷണമാണ്.

കൊതുകടി ഏല്‍ക്കാതെ സൂക്ഷിക്കുക എന്നതാണ് ഫലപ്രദമായ പ്രതിരോധന മാര്‍ഗമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.യാര്‍ഡിലും പരിസര പ്രദേശങ്ങളിലും മലിന ജലം കെട്ടിക്കിടക്കാന്‍ അനുവദിക്കരുതെന്നും സന്ധ്യ സമയത്ത് പുറത്തിറങ്ങുന്നവര്‍ ശരീരം മുഴുവന്‍ മറക്കുന്ന വസ്ത്രം ധരിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പി.പി.ചെറിയാന്‍

നിരാഹാര സമരത്തിനു മുന്നില്‍ ഇമിഗ്രേഷന്‍ അധികൃതര്‍ മുട്ടുമടക്കി; ബംഗ്ലാദേശ് വനിതയെ നാടുകടത്തുന്നതു മാറ്റിവച്ചു

ന്യുഹേവന്‍ (കണക്റ്റിക്കട്ട്): 18 വര്‍ഷം ഭര്‍ത്താവുമായി അമേരിക്കയില്‍ കഴിഞ്ഞിരുന്ന ബംഗ്ലാദേശ് വനിതയെ നാടുകടത്തുന്നതിനുള്ള ഇമിഗ്രേഷന്‍ അധികൃതരുടെ തീരുമാനം ബന്ധുക്കളും ഭര്‍ത്താവും നടത്തിയ നിരാഹാര സമരത്തെ തുടര്‍ന്നു മാറ്റിവച്ചു.1999 ല്‍ സന്ദര്‍ശകയായി അമേരിക്കയില്‍ എത്തിയ സല്‍മ സിക്കന്തര്‍ എന്ന യുവതിക്കാണ് ഓഗസ്റ്റ് 23 നു രാജ്യം വിടണമെന്നാവശ്യപ്പെട്ടു നോട്ടീസ് നല്‍കിയിരുന്നത്.

ഈ സംഭവം വലിയ പ്രതിഷേധ സമരങ്ങള്‍ക്കും വഴി തെളിയിച്ചു. ഭര്‍ത്താവ് അനവര്‍ മഹ്മൂദ് ഒന്‍പതു സഹപ്രവര്‍ത്തകരുമായി ഹാര്‍ട്ട് ഫോര്‍ഡിലുള്ള ഇമിഗ്രേഷന്‍ കോടതിക്കു മുന്‍പില്‍ നിരാഹാര സമരം ആരംഭിച്ചതോടെ ഓഗസ്റ്റ് 22 നു ഇമിഗ്രേഷന്‍ അധികൃതര്‍ ഉത്തരവ് സ്റ്റേ ചെയ്തു. ബോര്‍ഡ് ഓഫ് ഇമിഗ്രേഷന്‍ ഇവരുടെ അപ്പീല്‍ പരിഗണിച്ചു കേസ് റീ ഓപ്പണ്‍ ചെയ്യുന്നതുവരെയാണു നിരോധന ഉത്തരവ് ലഭിച്ചിരിക്കുന്നത്.

കണക്റ്റിക്കട്ട് ഗവര്‍ണര്‍ ഡാന്‍, കോണ്‍ഗ്രസ് അംഗം റോസാ ഡിലോറ തുടങ്ങിയ നിരവധി പേര്‍ നടപടിയില്‍ പ്രതിഷേധിച്ചു നടത്തിയ പ്രകടനങ്ങളില്‍ പങ്കെടുത്തിരുന്നു. തല്‍ക്കാലം ഇവരുടെ നാടുകടത്തല്‍ തടഞ്ഞിട്ടുണ്ടെങ്കിലും ഭാവിയില്‍ എന്തു തീരുമാനമാണ് സ്വീകരിക്കുക എന്നു പ്രതീക്ഷയോടെ കാത്തിരിക്കയാണ് ഭര്‍ത്താവും മകനും.

പി. പി. ചെറിയാന്‍

അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന വേദിയാക്കി സോഷ്യല്‍മീഡിയയെ മാറ്റരുത്: മന്ത്രി രവിശങ്കര്‍

സാന്‍ഫ്രാന്‍സിസ്‌ക്കൊ: അക്രമത്തിനും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിനും പ്രേരിപ്പിക്കുന്ന വേദിയാക്കി സോഷ്യല്‍ മീഡിയായെ ഉപയോഗിക്കരുതെന്ന് ഇന്ത്യന്‍ ഇലക്ട്രോണിക്ക്‌സ്, ഐ ടി ചുമതല വഹിക്കുന്ന മന്ത്രി രവിശങ്കര്‍ പ്രസാദ് മുന്നറിയിപ്പ് നല്‍കി.

അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തി ചേര്‍ന്ന് ആഗസ്റ്റ് 29 ന് സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തെ എന്നും ഇന്ത്യ പിന്തുണച്ചിട്ടുണ്ടെങ്കിലും, വ്യാജ വാര്‍ത്തകളും, അക്രമവും, വിദ്വേഷവും പ്രചരിപ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ത്യയിലും ലോകത്തെമ്പാടും ഉപയോഗിക്കുന്ന വാട്ട്‌സ് ആപ്പ് മീഡിയാ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ക്രിസ് ഡാനിയേലുമായി മന്ത്രി സാന്‍ഫ്രാന്‍സിസ്‌ക്കോ ഐകോണിക് ഫെയര്‍ മോണ്ട് ഹോട്ടലില്‍ വെച്ചു കൂടിക്കാഴ്ച നടത്തി.വാട്ട്‌സ് ആപ്പിനെ കുറിച്ച് ഇന്ത്യന്‍ പൗരന്മാര്‍ക്കുണ്ടാകുന്ന പരാതി കേള്‍ക്കുന്നതിന് ഗ്രവെന്‍സ് ഓഫീസറെ ഇന്ത്യയില്‍ നിയമിക്കണമെന്ന മന്ത്രിയുടെ ആവശ്യം വാട്ട്‌സ് ആപ്പ് സിഇഒ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കി.

ആഗസ്റ്റ് 26 മുതല്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ മന്ത്രി നിരവധി ഇന്ത്യന്‍ അമേരിക്കന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. അമേരിക്കയില്‍ ഇന്ത്യന്‍ ഐ ടി കമ്പനികള്‍ നടത്തുന്ന സേവനങ്ങളെ മന്ത്രി പ്രശംസിച്ചു. മൊബൈല്‍ ഫോണ്‍ നിര്‍മാണ രംഗത്ത് ഇന്ത്യ കൈവരിച്ചത് അസൂയാര്‍ഹമായ നേട്ടമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പി.പി. ചെറിയാന്‍

കോട്ടയം ക്ലബ് ഹൂസ്റ്റണിന്റെ ഓണാഘോഷ പരിപാടികള്‍ പൂര്‍ണമായും റദ്ദാക്കി

ഹൂസ്റ്റണ്‍: കോട്ടയം ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികള്‍ പൂര്‍ണ്ണമായും റദ്ദാക്കി. സെപ്റ്റംബര്‍ 16 ന് വമ്പിച്ച രീതിയില്‍ നടത്തുവാന്‍ തീരുമാനിച്ചിരുന്ന ഓണപ്പരിപാടി കേരളം മഹാ പ്രളയത്തിലും പേമാരിയിലും ദുരന്തം നേരിടുന്ന സാഹചര്യത്തില്‍ ആഘോഷ പരിപാടികള്‍ എല്ലാം തന്നെ പൂര്‍ണ്ണമായും ഒഴിവാക്കി.

ഇതിനായി കൂടിയ സ്‌പെഷ്യല്‍ മീറ്റിംഗില്‍ ക്ലബ്ബ് പ്രസിഡന്റ് ജോസ് ജോണ്‍ തെങ്ങുപ്ലാക്കല്‍ അദ്ധ്യക്ഷത വഹിച്ചുകൊണ്ടിരിക്കുന്ന കോട്ടയത്തിന്റെ പടിഞ്ഞാറ് ഭാഗത്തുനിന്നും സഹോദരീ സഹോദരങ്ങള്‍ക്ക് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന പദ്ധതിയില്‍ സഹകരിച്ച എല്ലാവരും പ്രസിഡന്റ് നന്ദി രേഖപ്പെടുത്തി. മീറ്റിംഗ് കേരള ജനതയോടുള്ള ഐക്യ ദാര്‍ഡ്യം പ്രഖ്യാപിക്കുകയും കേരള ജനതക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

മാത്യു പന്നപ്പാറ, മധു ചേരിയ്ക്കല്‍, ആന്‍ഡ്രൂസ് ജേക്കബ്ബ്, ഷിബു കെ മാണി, മോന്‍സി കുര്യാക്കോസ് തുടങ്ങിയവര്‍ പ്രശംസിച്ചു. സെക്രട്ടറി സുകു ഫിലിപ്പ് സ്വാഗതവും ട്രഷറര്‍ ബാബു ചാക്കോ നന്ദിയും രേഖപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജോസ് ജോണ്‍ നെങ്ങുംപ്ലാക്കല്‍ 832 419 4471, സുകു ഫിലിപ്പ് 832 657 9297, ബാബു ചാക്കോ 713 557 8271.

പി.പി. ചെറിയാന്‍

ഗോ ഫണ്ട് മീയിലൂടെ പിരിവ് നടത്തുന്നവര്‍ക്ക് മുന്നറിയിപ്പു നല്‍കി ന്യൂജേഴ്‌സി കോടതിയുടെ വിധി

മൗണ്ട്‌ഹോളി(ന്യൂജേഴ്‌സി): ഗൊഫണ്ട്മീയിലൂടെ പിരിച്ചെടുത്ത തുക ദുരുപയോഗം ചെയ്യുന്നു എന്ന് ആരോപിച്ചു സമര്‍പ്പിക്കപ്പെട്ട ലൊസ്യൂട്ടില്‍ ന്യൂജേഴ്‌സി ജഡ്ജിയുടെ സുപ്രധാന വിധി.

ഭവനരഹിതനായ തന്റെ പേരില്‍ ഗോഫണ്ട് മീയിലൂടെ പിരിച്ചെടുത്ത 400,000 ഡോളര്‍ തനിക്ക് ലഭിച്ചില്ലെന്നും, പിരിച്ചെടുത്തവര്‍ ഈ തുക ദുരുപയോഗം ചെയ്യുകയാണെന്നും ചൂണ്ടികാട്ടി. ജോണി ബബിട്ട് സമര്‍പ്പിച്ച പരാതിയിലാണ് ആഗസ്റ്റ് 30 വ്യാഴാഴ്ച ന്യൂജേഴ്‌സി ജഡ്ജിയുടെ സുപ്രാധാന ഉത്തരവ്.

പിരിച്ചെടുത്ത തുകയുടെ കണക്കും, ബാക്കിയുള്ള തുകയും ആഗസ്റ്റ് 30 വ്യാഴാഴ്ച ന്യൂജേഴ്‌സി ജഡ്ജിയുടെ സുപ്രധാന ഉത്തരവ്.

പിരിച്ചെടുത്ത തുകയുടെ കണക്കും, ബാക്കിയുള്ള തുകയും ആഗസ്റ്റ് 31 വെള്ളിയാഴ്ച മുമ്പു പരാതിക്കാരന്റെ അറ്റോര്‍ണിയുടെ എസ്ത്രൂ അക്കൗണ്ടില്‍ തിരിച്ചടക്കണമെന്നും, ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ ഈ ഫണ്ടില്‍ നിന്നും ഒരു പെനി പോലും ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പത്തുദിവസത്തിനകം ഇതിനെ കുറിച്ചു വിശദറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും അതിനായി ഒരു ഫോറന്‍സിക് എകൗണ്ടിനെ ചുമതലപ്പെടുത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

2017 നവംബറില്‍ ഫിലഡല്‍ഫിയ ഇന്റര്‍സ്‌റ്റേറ്റ് 95യിലൂടെ വാഹനം ഓടിച്ചുപോയ, കാറ്റി മെക്ലയറിന്റെ വാഹനം വിജനമായ പ്രദേശത്തുവെച്ചു ഗ്യാസ് തീര്‍ന്നു പോയതിനാല്‍ നിര്‍ത്തിയിട്ടിരിക്കയായിരുന്നു. സഹായത്തിനു ചുറ്റുപാടും നോക്കിയെങ്കിലും ആരേയും കണ്ടെത്താനായില്ല. അതിനിടെയാണ് ഒരു ദൈവദൂതന്‍ എന്നപോലെ ഭവനരഹിതനായ ജോണ്‍ ബബിറ്റ അവിടെ എത്തിയത്. യുവതിയുടെ അവസ്ഥ മനസ്സിലാക്കിയ ജോണ്‍ കാറ്റിയോടു ഡോര്‍ ലോക്ക് ചെയ്ത് അതിനകത്തുതന്നെ ഇരിക്കണമെന്നും ഞാന്‍ ഇപ്പോള്‍ വരാമെന്നും പറഞ്ഞു. പെട്ടെന്ന് നടന്ന് അടുത്തുള്ള ഒരു ഗ്യാസ് സ്‌റ്റേഷനില്‍ നിന്നും തന്റെ കൈവശം ആകെ ഉണ്ടായിരുന്ന സമ്പാദ്യമായ 20 ഡോളറിന് ഗ്യാസ് വാങ്ങി തിരിച്ചെത്തുകയും, അങ്ങനെ വലിയൊരു വിപത്തില്‍ നിന്നും രക്ഷപ്പെടുത്തുകയും ചെയ്ത ജോണിന്റെ അവസ്ഥയില്‍ അനുകമ്പ തോന്നിയാണ് ഇയാള്‍ക്കു ഒരു വീടു വാങ്ങി നല്‍കണമെന്ന ലക്ഷ്യത്തോടെ ഫണ്ട് പിരിവു ആരംഭിച്ചത്. ഈ സംഭവം അമേരിക്കയില്‍ വളരെയദികം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

20 ഡോളര്‍ നല്‍കിയതിന് 20,000 ഡോളര്‍ പിരിച്ചെടുക്കണമെന്ന ലക്ഷ്യവുമായി ആരംഭിച്ച പിരിവ് 14,000 പേര്‍ സംഭവാന നല്‍കിയതോടെ 400,000 ഡോളറായി വര്‍ദ്ധിക്കുകയായിരുന്നു.

കാറ്റിയും, ബോയ് ഫ്രണ്ട് മാര്‍ക്കും ചേര്‍ന്നാണ് ഫണ്ട് ആരംഭിച്ചത്. ഇതില്‍ നിന്നും നല്ലൊരു ശതമാനം ഉപയോഗിച്ചു പിരിവു നടത്തിയവര്‍ അവരുടെ വസ്തുവിനു സമീപം താമസസൗകര്യം ഏര്‍പ്പെടുത്തികൊടുത്തിരുന്നു. കുറച്ചു സംഖ്യ ജോണിനേയും ഏല്‍പിച്ചു. എന്നാല്‍ രണ്ടാഴ്ചയ്ക്കകം 25,000 ഡോളര്‍ മരുന്നിനും മറ്റുമായി ജോണ്‍ ചിലവഴിച്ചു.

ഇതില്‍ പ്രകോപിതരായ കാറ്റി ഇയ്യാളെ താമസസ്ഥലത്തു നിന്നും ഇറക്കിവിട്ടിരുന്നു. കൂടുതല്‍ പണം ഇയ്യാളെ ഏല്‍പിച്ചാല്‍ ദുരുപയോഗം ചെയ്യുമെന്ന് കാറ്റി പറയുമ്പോള്‍, തന്റെ പേരില്‍ പിരിച്ചെടുത്ത സംഖ്യ ദുരുപയോഗം ചെയ്യുകയാണെന്നു ജോണും പരാതിപ്പെടുന്നു.

ഈ സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍. എന്തിനും ഏതിനും എടുത്തുചാടി ഫണ്ട് പിരിവ് നടത്തുന്നവര്‍ക്ക് ഒരു മുന്നറിയിപ്പു കൂടിയാണഅ ന്യൂജേഴ്‌സി കോടതിയുടെ സുപ്രധാന വിധി. സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിച്ചെടുക്കുന്ന സംഖ്യയുടെ ഉത്തരവാദിത്വം പിരിക്കുന്നവരില്‍ നിക്ഷിപ്തമാണ്. ഇതാരുടെ കൈകളില്‍, എങ്ങനെ ചിലവഴിച്ചു എന്ന ചോദ്യം ആരെങ്കിലും ഉന്നയിച്ചാല്‍ പിരിച്ചെടുത്തവര്‍ അതിന് ഉത്തരം പറയേണ്ടി വരും. കൃത്രിമമായ ലക്ഷ്യത്തോടെ, കൃത്യമായ കണക്കുകള്‍ സൂക്ഷിച്ചില്ലെങ്കില്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്ന് പാഠം കൂടെ ഇതിലൂടെ നല്‍കുന്നു.

പി.പി. ചെറിയാന്‍

ആത്മസംഗീതം 2018 സെപ്റ്റംബര്‍ 8 ന്

ഡാലസ്: മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ഇടവകയുടെ ധനശേഖരണാര്‍ഥവും യുവജന സഖ്യത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗവുമായും നടത്തപ്പെടുന്ന ആത്മസംഗീതം 2018 ക്രിസ്തീയ സംഗീത പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. സെപ്റ്റംബര്‍ 8 നു വൈകുന്നേരം 6 ന് മാര്‍ത്തോമ്മാ ഇവന്റ് സെന്ററില്‍ വച്ചാണ് (Mar Thoma Event Center 11550 Luna Rd, Dallas, TX-75234) പരിപാടി നടത്തുന്നത്.

ഗായകരായ കെ. ജി. മാര്‍ക്കോസ്, ബിനോയി ചാക്കോ, പുതുപ്രതിഭകളായ ജോബ് കുര്യന്‍, അന്ന ബേബി മറ്റു സംഗീതജ്ഞര്‍ ഉള്‍പ്പെടെ പത്തോളം പേരടങ്ങുന്ന ലൈവ് ഓര്‍ക്കസ്ട്ര ഒരുക്കുന്ന ആത്മസംഗീതം ഒരു വേറിട്ട ഒരു സംഗീതാനുഭവം ആയിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

വികാരി റവ. ഡോ. ഏബ്രഹാം മാത്യു, അസിസ്റ്റന്റ്, വികാര്‍ റവ. ബ്ലസിന്‍ കെ. മോന്‍ കണ്‍വീനേഴ്‌സ് ആയ ജോബി ജോണ്‍, ജോ ഇട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന വിവിധ കമ്മറ്റികളോടൊപ്പം യുവജന സഖ്യം അംഗങ്ങളും ഇടവക അംഗങ്ങളും പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു. വിവരങ്ങള്‍ക്ക് : റവ. ഡോ. ഏബ്രഹാം മാത്യു : 214 886 4532, റവ. ബ്ലസിന്‍ കെ. മോന്‍ : 972 951 0320, ജോബി ജോണ്‍ : 214 235 3888,ജോ ഇട്ടി : 214 604 1058.

ജീമോന്‍ റാന്നി

ഹിന്ദു സ്വയം സേവക് സംഘ് രക്ഷാബന്ധന്‍ ഫെസ്റ്റിവല്‍ ആഘോഷിച്ചു

സെറിറ്റോസ് (കാലിഫോര്‍ണിയ): ഹിന്ദു സ്വയം സേവക് സംഘ് ശാഖയുടെ (അഭിമന്യു ശാഖ) ആഭിമുഖ്യത്തില്‍ സെറിറ്റോസ് സ്‌റ്റേഷനിലെ അഗ്‌നിശമന സേനാംഗങ്ങളോടൊത്ത് രക്ഷാ ബന്ധന്‍ ഫെസ്റ്റിവല്‍ സമുചിതമായി ആഘോഷിച്ചു.

അഭിമന്യു ശാഖ കാര്യ വാഹക് ഡോ. അമിത് ദേശായ ബന്ധന്‍ ഇവന്റിനെ കുറിച്ച് വിശദമായി സംസാരിച്ചു. ഈശ്വരാനുഗ്രഹമായി മനുഷ്യന് ലഭിച്ചിരിക്കുന്ന ആരോഗ്യത്തെ സൂചിപ്പിക്കുന്നതാണ് രാഖിയെന്നും, ജീവിത വിജയം നേടുന്നതിന് ഇത് ധരിക്കേണ്ടത് അനിവാര്യമാണെന്നും ഡോക്ടര്‍ ദേശായ് ചൂണ്ടിക്കാട്ടി.സമൂഹത്തിന്റെ നന്മക്ക് വേണ്ടി സേവനവും, ത്യാഗവും നടത്തുമ്പോള്‍ മാത്രമാണ് മനുഷ്യ ജീവിതത്തിന് ആത്മീയ നിര്‍വ#തി നേടാനാകൂ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സെറിറ്റോസ് ഇന്ത്യന്‍ അമേരിക്കന്‍ പ്രൊടേം മേയര്‍ നരേഷ് സൊളാങ്കി, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചുരുക്കം ചില ബിജെപി സ്‌നേഹിതരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.ഉത്സവ സമയങ്ങളില്‍ തയ്യാറാക്കുന്ന പ്രത്യേക ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങള്‍ ഉള്‍പ്പെടുത്തി വളണ്ടിയര്‍മാര്‍ തയ്യാറാക്കിയ ഉച്ച ഭക്ഷണത്തോടെയാണ് ചടങ്ങുകള്‍ സമാപിച്ചത്.

ആദ്യമായി രക്ഷാ ബന്ധന്‍ ചടങ്ങില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞത് മറക്കാനാവാത്ത ജീവിതാനുഭവമായിരുന്നുവെന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

പി.പി. ചെറിയാന്‍