ന്യൂയോര്‍ക്ക് ക്യൂന്‍സില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ സെപ്റ്റംബര്‍ 9-ന്

ന്യൂയോര്‍ക്ക്: ക്യൂന്‍സിലെ ഔവര്‍ ലേഡി ഓഫ് ലൂര്‍ദില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ എത്തുന്നു. ഹെയ്ട്ടി, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ബംഗ്ലാദേശ്, സ്പാനിഷ്, ഇന്ത്യന്‍ കമ്യൂണിറ്റികള്‍ ചേര്‍ന്നാണ് തിരുനാള്‍ നടത്തുന്നത്. സെപ്റ്റംബര്‍ 9-നാണ് പ്രധാന ആഘോഷം.

ഓഗസ്റ്റ് 31-ന് നവദിന ധ്യാനം തുടങ്ങും. സെപ്റ്റംബര്‍ എട്ടുവരെ എല്ലാദിവസവും വൈകിട്ട് 7 മണിക്ക് നൊവേന, ഒമ്പതാംതീയതി തെരുവുകള്‍ തോറും പ്രദക്ഷിണം, തുടര്‍ന്ന് ബിഷപ്പ് പോള്‍ സാഞ്ചെസിന്റെ ദിവ്യബലി, അതിനുശേഷം സ്കൂള്‍ ഗ്രൗണ്ടില്‍ (പാര്‍ക്കിംഗ് ലോട്ട്) വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍, വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഭക്ഷണം ഇത്രയുമാണ് ആഘോഷ ക്രമങ്ങള്‍. കഴിഞ്ഞവര്‍ഷം ആയിരത്തിഇരുന്നൂറില്‍പ്പരം ആളുകള്‍ എത്തിയിരുന്നു. സ്കൂള്‍ ഹാളില്‍ ഭക്ഷണവും കലാപരിപാടികളും ഒരുക്കിയിരുന്നെങ്കിലും ജനത്തിരക്ക് താങ്ങുവാന്‍ സ്ഥലം പരിമിതമായിരുന്നു. ഇത്തവണ വെളിയില്‍ ടെന്റുകളും, സ്റ്റേജുകളും കെട്ടിയാണ് ആഘോഷങ്ങള്‍ ഒരുക്കുന്നത്.

മലയാളികള്‍ ധാരാളം താമസിക്കുന്ന ന്യൂഹൈഡ് പാര്‍ക്ക്, ഫ്‌ളോറല്‍പാര്‍ക്ക്, ഗാര്‍ഡന്‍ സിറ്റി, ബെല്‍റോസ്, ക്യൂന്‍സ് വില്ലേജ് പ്രദേശങ്ങളില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ മറ്റൊരു സാമൂഹ്യസംഭവം കുടിയാണ്. ഗ്രൂപ്പുകളുടേയോ, ആരാധന ക്രമങ്ങളുടേയോ പരിമിതികള്‍ ഇല്ലാതെ എല്ലാവര്‍ക്കും ഒരുമിക്കുന്നതിനുള്ള ഒരു അവസരം. ആഘോഷസമിതിയിലും ഇന്ത്യന്‍ സാന്നിധ്യം നല്ലൊരു സ്വാധീനഘടകമാണ്. ക്യൂന്‍സ് വില്ലേജില്‍ 220 സ്ട്രീറ്റില്‍ ആണ് ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് പള്ളി. ഫാ. പാട്രിക് ലോങ്ങലോംഗ്, ഫാ. റോബര്‍ട്ട് അമ്പലത്തിങ്കല്‍ എന്നിവരാണ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പോള്‍ ഡി പനയ്ക്കല്‍ (718 481 3547) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post