ന്യൂയോര്‍ക്ക് സിറ്റി സ്കൂള്‍ സോണുകളില്‍ സ്പീഡ് കാമറകള്‍ സ്ഥാപിക്കുന്നു

ന്യൂയോര്‍ക്ക്: സ്കൂള്‍ സോണുകളില്‍ അമിത വേഗത്തില്‍ ഓടിക്കുന്ന വാഹനങ്ങളെ പിടി കൂടുന്നതിന് ന്യൂയോര്‍ക്ക് സിറ്റിയില്‍ 140 സ്പീഡ് ക്യാമറകള്‍ സ്ഥാപിക്കുന്നു.

പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ചതോടെയാണ് ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ലാസിയെ പുതിയ നിയമ നടപടികളില്‍ ഒപ്പ് വെച്ചത്.

സെപ്റ്റംബര്‍ 4 ചൊവ്വാഴ്ച ഒപ്പിട്ട് പുതിയ നിയമമനുസരിച്ച് 140 സോണുകളില്‍ അടിയന്തിരമായി ക്യാമറകള്‍ സ്ഥാപിക്കും. രണ്ടാം ഘട്ടമായി 150 സ്കൂള്‍ പരിസരങ്ങളിലും ഇത്തരം ക്യാമറകള്‍ സ്ഥാപിക്കും. 290 ക്യാമറകളാണ് ആകെ സ്ഥാപിക്കുക.

സിറ്റിയില്‍ ലഭ്യമായ കണക്കുകള്‍ വെച്ച് 130000 വാഹനങ്ങള്‍ കഴിഞ്ഞ രണ്ട് ആഴ്ചക്കകം നിശ്ചയിച്ച വേഗത പരിധി വിട്ടതായി കാണിക്കുന്നു. അമിത വേഗതയില്‍ പോകുന്നവര്‍ക്ക് ഇതുവരെ ടിക്കറ്റുകള്‍ നല്‍കിയിട്ടില്ലെങ്കിലും ടിക്കറ്റും ഫൈനും ഈടാക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും.

അപകടങ്ങള്‍ ഒഴിവാക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായി വിദ്യാലയങ്ങളില്‍ വരുന്നതിനും, വാഹനം ഓടിക്കുന്നവര്‍ വേഗത കുറക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

പി.പി. ചെറിയാന്‍

Share This Post