നവ മാധ്യമങ്ങളിൽ തരംഗമായി ‘നൊമ്പരമെഴുതിയ മഴയേ’ ഗാനം

വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് പ്രചോദനവുമായി കെ എസ് ചിത്രയും ഹരിഹരനും ചേർന്നാലപിച്ച ഗാനത്തിന്റെ ദൃശ്യാവിഷ്കാരം ഏറ്റെടുത്ത് സോഷ്യൽ മീഡിയ. കേരളാ ആർട് ലവേഴ്സിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം കലാകാരന്മാർ ചേർന്ന് പുറത്തിറക്കിയ വീഡിയോ ദിവസങ്ങൾക്കുള്ളിൽ വൈറലായി മാറിയിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേയ്സ്ബുക്ക് പേജിലൂടെ വീഡിയോ പോസ്റ്റു ചെയ്യുകയും പിന്നണി പ്രവർത്തകരെ പ്രകീർത്തിക്കുകയും ചെയ്തിട്ടുണ്ട്.

പ്രളയത്തിലാണ്ട് പതറിപ്പോകാതെ ഉയിർത്തെഴുന്നേൽക്കുന്ന നാടിന്റെ പുനർരചനയ്ക്കായി പ്രിയപ്പെട്ട കലാകാരന്മാർ ഒത്തുചേർന്ന ഈ ഗാനം ഊർജ്ജം പകരട്ടേയെന്നും മുഖ്യമന്ത്രി ആശംസിക്കുന്നു. നവ കേരളം പടുത്തുയർത്താനായി നമുക്ക് ഒന്നായി അണിചേരാമെന്ന സന്ദേശത്തോടെയാണ് അദ്ദേഹം ഗാനം അവതരിപ്പിക്കുന്നത്.

നമ്മളെല്ലാം കൂടി ഇറങ്ങുകയല്ലേ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് കലാകാരന്മാരെന്ന നിലയിൽ ക്രിയാത്മകമായി എന്തു ചെയ്യാൻ കഴിയും എന്ന ചിന്തയിൽ നിന്നാണ് ഈ ഗാനം പിറവി കൊള്ളുന്നതെന്ന് അണിയറക്കാർ പറയുന്നു.

മുഖ്യമന്ത്രിയ്ക്ക് പിന്നാലെ വീഡിയോയ്ക്ക് ആശംസകളർപ്പിച്ചും ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി, സംവിധായകൻ വി കെ പ്രകാശ്, യുവ നടൻ ഗോവിന്ദ് പത്മ സൂര്യ തുടങ്ങിയവർ എത്തിയിരുന്നു. സംഗീത സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ഒട്ടേറെ കലാകാരന്മാർ വീഡിയോയിൽ അണിനിരക്കുന്നുണ്ട്.

പത്രപ്രവർത്തകനായ ജോയി തമലത്തിന്റെ വരികൾക്ക് യുവ സംഗീത സംവിധായകൻ റോണി റാഫേലാമാണ് ഈണം നല്കിയത്. ആശയം അഭിരാം കൃഷ്ണൻ.സംവിധാനം സുബാഷ് അഞ്ചൽ.എഡിറ്റിംഗ് വിഷ്ണു കല്യാണി.നിർമ്മാണം ലാലു ജോസഫും നിർമ്മാണ നിർവഹണം പ്രവീൺ കുമാറുമാണ്.

എല്ലാ ഡിജിറ്റൽ പ്ളാറ്റ്ഫോമുകളിലും ഈ ഗാനം ലഭ്യമാണ്.

https://m.facebook.com/story.php?story_fbid=276362146334339&id=539381006153734

https://www.facebook.com/PinarayiVijayan/

Share This Post