ലോസ്ആഞ്ചലസില്‍ കേരളത്തിനായി ഐക്യദാര്‍ഢ്യസമ്മേളനം

ലോസ്ആഞ്ചലസ്: കേരളത്തിലെ പ്രളയ ദുരന്തത്തില്‍ ദുരിതം അനുഭവിക്കുന്നവരുടെ ദുഖത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് പ്രമുഖ സംഘടനയായ വാലി മലയാളി ആര്‍ട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബ് നടത്തിയ ഐക്യദാര്‍ഢ്യപ്രഖ്യാപനവും, മത സമ്മേളനവും സമാനതകളില്ലാത്ത മാതൃകയായി. നേരത്തെ നിശ്ചയിച്ച ഓണാഘോഷം മാറ്റിവെച്ചു നടത്തിയ സമ്മേളനം മികച്ച ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.

ക്ലബ് പ്രസിഡന്റ് ബെന്നി ഇടക്കര തന്റെ സ്വാഗത പ്രസംഗത്തില്‍ ദുരന്തമുഖത്ത് മാതൃകാപരമായ സേവനങ്ങള്‍ ചെയ്തവരെ അനുമോദിച്ചു. തുടര്‍ന്നു നടന്ന മതസൗഹാര്‍ദ്ദ സമ്മേളനത്തില്‍ റവ. ഫാ. കുര്യാക്കോസ് ചേരാട്ടില്‍ കോര്‍എപ്പിസ്‌കോപ്പ, രാജപ്പന്‍ മഞ്ഞനാംകുഴി, ഫിറോസ് മുസ്തഫ എന്നിവര്‍ വിവിധ മതങ്ങള്‍ ഒന്നായി ചേര്‍ന്നു നടത്തിയ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകുവാന്‍ ആഹ്വാനം ചെയ്തു. പ്രകൃതിയെ നശിപ്പിക്കാതെയുള്ള നിര്‍മ്മാണ പ്രവര്‍ത്തികളുടെ ആവശ്യകതയേയും ചൂണ്ടിക്കാണിക്കപ്പെട്ടു. അതിനുശേഷം കേരളത്തിലെ ദുരന്തമുഖത്തുനിന്നും എത്തിയ ബെറ്റ്‌സി കൈതത്തറ, ശിവകുമാര്‍ കുറുവക്കല്‍ എന്നിവര്‍ തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ചു.

ലോസ്ആഞ്ചലസിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഹിന്ദു മലയാളി അസോസിയേഷനുവേണ്ടി വിനോദ് ബാഹുലേയന്‍, കെ.സി.സി.എന്‍.എ വനിതാ വിഭാഗം നാഷണല്‍ പ്രസിഡന്റ് സ്മിത വെട്ടുപാറപ്പുറത്ത്, എസ്.ഡി.എം സെക്രട്ടറി ജയ് ജോണ്‍സണ്‍, കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ജോയ് മുഴുത്തേറ്റ്, ക്‌നാനായ അസോസിയേഷന്‍ പ്രസിഡന്റ് ഷിജു അപ്പൊഴില്‍, മാര്‍ത്തോമാ ചര്‍ച്ച് പ്രതിനിധി വി.സി മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ക്ലബ് ജോയിന്റ് സെക്രട്ടറി ജയാ ജോര്‍ജ് കേരളത്തോടുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപനം നടത്തി. ട്രഷറര്‍ സിന്ധു വര്‍ഗീസ് നന്ദി പ്രകാശിപ്പിച്ചു. അനൂപ് സുബ്രഹ്മണ്യന്‍, ലോജോ ലോന, റെജി ജോണ്‍ എന്നിവരും മറ്റു ഭാരവാഹികളും നേതൃത്വം നല്‍കി. ബിജു മാത്യു, കൃഷ്ണ മനോജ്, ട്രീസാ എബി, സ്മിത മനോജ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമാഹരിച്ച പതിനായിരം ഡോളറും തുടര്‍ന്നു ലഭിക്കുന്ന തുകയും അര്‍ഹരെ സഹായിക്കുന്നതിനായി വിനിയോഗിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

മനു തുരുത്തിക്കാടന്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post