കെ.എം. ഈപ്പന് സഭയുടെയും സമൂഹത്തിന്റെയും അനുമോദനം

ചിക്കാഗോ: ഐപിസി ഗ്ലോബല്‍ മീഡിയാ അസോസിയേഷന്റെ അന്താരാഷ്ട്ര പുരസ്കാരത്തിന് അര്‍ഹനായ കേരളാ എക്‌സ്പ്രസ് ചീഫ് എഡിറ്റര്‍ കെ.എം. ഈപ്പനെ ചിക്കാഗോ മലയാളി സമൂഹം അനുമോദിച്ചു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും സഭാവിശ്വാസികളും വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്ത സമ്മേളനത്തില്‍ വെച്ച് മീഡിയ അസോസിയേഷന്‍ പ്രസിഡണ്ടും ഗുഡ്‌ന്യൂസ് വാരികയുടെ ചീഫ് എഡിറ്ററുമായ സി.വി. മാത്യു സഭയുടെ പ്രശസ്തിപത്രം നല്കിയാണ് ആദരിച്ചത്.

ഓഗസ്റ്റ് 25ന് ശനിയാഴ്ച രാവിലെ നൈല്‍സിലുള്ള കമ്യൂണിറ്റി സെന്ററില്‍ നടന്ന സമ്മേളനത്തില്‍ ചിക്കാഗോ ഗോസ്പല്‍ മീഡിയ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഇവ. കുര്യന്‍ ഫിലിപ്പ് അദ്ധ്യക്ഷനായിരുന്നു. കേരളാ എക്‌സ്പ്രസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ജോസ് കണിയാലി, കേരളാ എക്‌സ്പ്രസ്സിന്റെ കഴിഞ്ഞ കാല്‍നൂറ്റാണ്ടിലെ വിജയഗാഥയില്‍ സ്ഥാപകനും ചീഫ് എഡിറ്ററുമായ കെ.എം. ഈപ്പന്റെ സമര്‍പ്പിതവും ത്യാഗോജ്വലവുമായ സംഭാവനകളെ വിലയിരുത്തി സംസാരിച്ചു. പ്രസിദ്ധീകരണം തുടങ്ങിയ ആഴ്ച മുതല്‍ ഇന്നുവരെ മുടക്കം കൂടാതെ എല്ലാ ആഴ്ചകളിലും കേരളാ എക്‌സ്പ്രസ് അമേരിക്കന്‍ മലയാളികളുടെ കൈകളില്‍ എത്തിക്കുവാനുള്ള ശ്രമത്തില്‍ അദ്ദേഹത്തോടൊപ്പം അഹോരാത്രം പ്രയത്‌നിക്കുന്ന ഗ്രേസമ്മ ഈപ്പന്റെയും ഇതര കുടുംബാംഗങ്ങളുടെയും പ്രവര്‍ത്തനങ്ങളെ ജോസ് കണിയാലി തന്റെ പ്രസംഗത്തില്‍ പ്രകീര്‍ത്തിച്ചു.കെ.എം. ഈപ്പന്റെ കുടുംബ-ജീവിത പശ്ചാത്തലങ്ങളെ സദസ്സിന് പരിചയപ്പെടുത്തി ഹല്ലോലുയ്യ പത്രത്തിന്റെ ചീഫ് എഡിറ്റര്‍ പാസ്റ്റര്‍ സാംകുട്ടി ചാക്കോ പ്രസംഗിച്ചു. കേരള സംസ്കാരത്തിന്റെയും മലയാള ഭാഷയുടെയും തനിമയും ശ്രേഷ്ഠതയും അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സജീവമായി നിലനിര്‍ത്താന്‍ കേരളാ എക്‌സ്പ്രസ്സിനും കെ.എം. ഈപ്പനും കഴിഞ്ഞതായി പ്രശസ്തിപത്രം നല്കിക്കൊണ്ട് സി.വി. മാത്യു അഭിപ്രായപ്പെട്ടു. പാസ്റ്റര്‍ ജോസഫ് കെ. ജോസഫ് അനുഗ്രഹപ്രാര്‍ത്ഥന നടത്തി. അനുമോദനത്തിനും അംഗീകാരത്തിനും മറുപടി പറഞ്ഞുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ കെ.എം. ഈപ്പന്‍ ദൈവിക നടത്തിപ്പിനും സഹായത്തിനും ദൈവത്തിന് നന്ദി അര്‍പ്പിച്ചു. കഴിഞ്ഞ 26-ല്‍പ്പരം വര്‍ഷങ്ങള്‍ പത്രപ്രവര്‍ത്തന രംഗത്ത് തന്നോടൊപ്പം നിന്ന കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും അദ്ദേഹം കൃതജ്ഞതയര്‍പ്പിച്ചു. ദൈവ അനുഗ്രഹവും നിയോഗവുമാണ് ഈ പ്രവര്‍ത്തനത്തിന് തനിക്ക് കരുത്ത് പകരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പാസ്റ്റര്‍ ഷാജി വര്‍ഗീസിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ ഡോ. അലക്‌സ് കോശി ആമുഖപ്രസ്താന നടത്തി. പാസ്റ്റര്‍മാരായ പി.സി. മാമ്മന്‍, കെ.എം. രാജു, സാംകുട്ടി മത്തായി, ടി.വി. സഖറിയ, സോമന്‍ ഗീവര്‍ഗീസ്, സാമുവേല്‍ ചാക്കോ, ഡോണ്‍ കുരുവിള, വില്ലി ഏബ്രഹാം, ബിജു വിത്സന്‍, സജി കെ. ലൂക്കോസ്, ഡോ. കെ.ജി. ജോസ്, എഫ്പി.സി.സി, കണ്‍വീനര്‍ പാസ്റ്റര്‍ ബിജു ഉമ്മന്‍, കിന്‍ഫ്ര ഡയറക്ടര്‍ പോള്‍ പറമ്പി, ഇല്ലിനോയിസ് മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ജോര്‍ജ് പണിക്കര്‍, എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് ഫിലിപ്പ് മാത്യു, ഹാര്‍വെസ്റ്റ് ടിവി ഡയറക്ടര്‍ ഏബ്രഹാം മോനിസ്, ഡോ. പ്രിന്‍സ്റ്റന്‍ വര്‍ഗീസ്, പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി ഷോണ്‍ കുരുവിള എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

പാസ്റ്റര്‍ തോമസ് കോശി, ഫിന്നി രാജു, ജോയി തുമ്പമണ്‍, മാറാനാഥാ വോയിസ് ചീഫ് എഡിറ്റര്‍ തമ്പി തോമസ് എന്നിവരുടെ ആശംസകള്‍ സദസ്സില്‍ വായിച്ചു. ഡോ. ടൈറ്റസ് ഈപ്പന്‍ കൃതജ്ഞത രേഖപ്പെടുത്തി. ജോയല്‍ മാത്യുവിന്റെ നേതൃത്വത്തില്‍ കെ.എം. ഈപ്പന്റെ കൊച്ചുമക്കളുടെ പ്രത്യേക ഗാനാലാപനം ശ്രദ്ധ പിടിച്ചുപറ്റി. സജി കുര്യന്‍ വടക്കേക്കുറ്റ്, എലിസബേത്ത് ഈപ്പന്‍, ബിന്‍സി എന്നിവരുടെ ഗാനാലാപനവും ഹൃദ്യമായിരുന്നു. ജിജു ഉമ്മന്റെ പ്രാര്‍ത്ഥനയോടും പാസ്റ്റര്‍ സാംകുട്ടി മത്തായിയുടെ ആശീര്‍വാദത്തോടെയും യോഗം അവസാനിച്ചു. ഉച്ചഭക്ഷണവും ക്രമീകരിച്ചിരുന്നു. ചിക്കാഗോ ഗോസ്പല്‍ മീഡിയാ അസോസിയേഷന്‍ സംഘടിപ്പിച്ച പ്രഥമ സംരംഭത്തിന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.

പരിപാടികളുടെ പൂര്‍ണ്ണഭാഗം ഹാര്‍വെസ്റ്റ് ടിവി യുഎസ്എ യുട്യൂബ് സൈറ്റില്‍ ലഭ്യമാണ്.
കുര്യന്‍ ഫിലിപ്പ് അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post