കേരളത്തിലെ പ്രളയ ദുരിദത്തിനു ഫിലാഡല്‍ഫിയ കോട്ടയം അസോസിയേഷന്റെ സാന്ത്വനസ്പര്‍ശം

ഫിലാഡല്‍ഫിയ: കേരളത്തിലുണ്ടായ മഹാപ്രളയ ദുരന്തത്തില്‍ വലയുന്ന ജനതയ്‌ക്കൊപ്പം നിലകൊണ്ടു അവരുടെ കഷ്ട നഷ്ടങ്ങളില്‍ തങ്ങളെക്കൊണ്ടാകും വിധത്തില്‍ സഹായിക്കുക എന്ന ഉദ്യമവുമായി ഫിലാഡല്‍ഫിയയിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ കോട്ടയം അസോസിയേഷന്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ഓണം പരിപാടി കേരളത്തിലെ പ്രളയബാധിതര്‍ക്കുള്ള സാന്ത്വനസ്പര്‍ശമായി മാറി. കോട്ടയം അസോസിയേഷന്‍ പ്രസിഡണ്ട് ജോബി ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഓഗസ്റ്റ് 26നു കൂടിയ യോഗം പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ലഭിക്കുന്ന മുഴുവന്‍ തുകയും പ്രളയത്തില്‍ വീടുകള്‍ക്ക് കനത്ത നാശനഷ്ടം വന്നവരുടെ ഭവന പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കാലതാമസമെന്യെ നല്‍കുന്നതിനും തീരുമാനിച്ചു.

സണ്ണി കിഴക്കേമുറിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ പ്രസിഡണ്ട് ജോബി ജോര്‍ജ് സംഭവിച്ച ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് എല്ലാവരെയും ഓര്‍മ്മിപ്പിക്കുകയും തങ്ങളാല്‍ കഴിയും വിധം സഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തുടര്‍ന്ന് ചാരിറ്റി കോര്‍ഡിനേറ്റര്‍ ജീമോന്‍ ജോര്‍ജ്, വൈസ് പ്രസിഡന്റ് ജെയിംസ് അന്ത്രയോസ്, ജനറല്‍ സെക്രട്ടറി സാജന്‍ വര്‍ഗീസ്, ട്രെഷറര്‍ ജോണ്‍ പി. വര്‍ക്കി, ജോയിന്റ് ട്രെഷറര്‍ കുര്യന്‍ രാജന്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ബെന്നി കൊട്ടാരത്തില്‍, െ്രെടസ്‌റ്റേറ്റ് കേരളാ ഫോറം പ്രസിഡണ്ട് ജോഷി കുര്യാക്കോസ് എന്നിവരും സന്നിഹിതരായ എല്ലാവരോടും നിര്‍ലോപം സംഭാവനകള്‍ നല്‍കി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. സാബു പാമ്പാടിയും അദ്ദേഹത്തിന്റെ പുത്രി ജോസ്ലിനും ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിച്ചു. പ്രോഗ്രാമില്‍ പങ്കെടുക്കുകയും ദുരിദാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കുകയും ചെയ്ത എല്ലാ സുമനസുകള്‍ക്കു സെക്രട്ടറി ജോസഫ് മാണി നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് അസോസിയേഷന്‍ അംഗങ്ങള്‍ വീടുകളില്‍ നിന്ന് തയ്യാറാക്കി കൊണ്ട് വന്ന ഓണസദ്യയോടെ പരിപാടികള്‍ സമാപിച്ചു.

പരിപാടിയില്‍ സന്നിഹിതരായിരുന്നവരില്‍ നിന്നും ലഭിച്ച തുകയും അസോസിയേഷനില്‍ നിന്നും ബാക്കി തുകയും ചേര്‍ത്ത് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അയ്യായിരം ഡോളര്‍ സമാഹരിച്ചു കേരളത്തില്‍ കോട്ടയം അസോസിയേഷന്‍ നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഇട്ടിക്കുഞ്ഞു എബ്രഹാമിനു കൈമാറുവാന്‍ കഴിഞ്ഞതായി ചാരിറ്റി കോര്‍ഡിനേറ്റര്‍ അറിയിച്ചു.

Share This Post