ജോസഫ് വി. ഏബ്രഹാം (80) ഫിലഡല്‍ഫിയയില്‍ നിര്യാതനായി

ഫിലഡല്‍ഫിയ: റാന്നി പൂവന്‍മല വരിക്കാനിക്കുഴിയില്‍ കുടുംബാംഗം ജോസഫ് വി. ഏബ്രഹാം (80) ഫിലഡല്‍ഫിയയില്‍ നിര്യാതനായി. ഫിലഡല്‍ഫിയ ബഥേല്‍ മാര്‍ത്തോമാ ദേവാലയത്തിലെ സജീവാംഗമായിരുന്നു. വരിക്കാനിക്കുഴിയില്‍ പരേതരായ ഏബ്രഹാം വി. തോമസിന്റേയും മറിയാമ്മ തോമസിന്റേയും പുത്രനായ പരേതന്റെ സഹധര്‍മ്മിണി അന്നമ്മ ജോസഫ് റാന്നി നെല്ലിക്കമണ്‍ അയന്തിയില്‍ കുടുംബാംഗമാണ്. ജെയ്‌സി, ജിന്‍സി, ജിനോ എന്നിവര്‍ മക്കളാണ്. മാത്യു ഇടിച്ചാണ്ടി ആലപ്പുറത്ത്, മോന്‍, ദിവ്യ എന്നിവര്‍ മരുമക്കളും, ആന്‍മേരി, ഷാനന്‍, ജോനാഥന്‍, ജെസിക്ക, ജോന, ജെ എന്നിവര്‍ കൊച്ചുമക്കളുമാണ്. തോമസ്, ശമുവേല്‍, ഏബ്രഹാം, മത്തായി, ഫിലിപ്പ്, മേരി, മോളി എന്നിവര്‍ സഹോദരീസഹോദരങ്ങളുമാണ്.

ഫിലഡല്‍ഫിയയിലെ ആത്മീയ-സാമൂഹ്യ-സാംസ്കാരിക മേഖലയിലെ നിറഞ്ഞ സാന്നിധ്യമായിരുന്ന ജോസഫ് വി. ഏബ്രഹാം സുദീര്‍ഘമായ ഔദ്യോഗിക ജീവിതത്തിനുശേഷം 1989-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ഇന്ത്യന്‍ മിലിട്ടറി സര്‍വീസില്‍ പത്തുവര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലും (കെ.എസ്.ആര്‍.ടി.സി) ഉദ്യോഗം വഹിച്ചു. ഫിലഡല്‍ഫിയയിലെ കാര്‍ഡോണ ഇന്‍ഡസ്ട്രിയിലെ മുന്‍ ഉദ്യോഗസ്ഥനാണ്. ബഥേല്‍ മാര്‍ത്തോമാ ഇടവകയിലെ സജീവാംഗമായിരുന്ന ഇദ്ദേഹം വിവിധ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചുകൊണ്ട് ഇടവകയുടെ വളര്‍ച്ചയ്ക്കായി പ്രയത്‌നിച്ചു. അമേരിക്കയിലെ പ്രമുഖ മലയാളി അസോസിയേഷനായ മലയാളി അസോയിയേഷന്‍ ഓഫ് ഫിലാഡല്‍ഫിയയുടെ മുന്നണി പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം നീണ്ട 25 വര്‍ഷത്തെ സേവനത്തില്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍, വൈസ് പ്രസിഡന്റ്, ലൈബ്രേറിയന്‍, മാപ്പ് ഐ.സി.സി ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. സംസ്കാരിക വളര്‍ച്ചയ്ക്കും, മലയാളി സമൂഹത്തിന്റെ ഐക്യത്തിനുമായി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച പൊതുപ്രവര്‍ത്തകനായിരുന്നു ജോസഫ് വി. ഏബ്രഹാം.

ബഥേല്‍ മാര്‍ത്തോമാ ഇടവക വികാരി റവ. സജു ചാക്കോ, ഫിലഡല്‍ഫിയ സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി റവ.ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശേരി, മാപ്പ് പ്രസിഡന്റ് അനു സ്കറിയ, സെക്രട്ടറി തോമസ് ചാണ്ടി, ട്രഷറര്‍ ഷാലു, മലങ്കര ആര്‍ച്ച് ഡയോസിസിസ് കൗണ്‍സില്‍ അംഗവും ഫിലാഡല്‍ഫിയയിലെ സാമൂഹ്യ സാംസ്കാരിക സംഘടനാ നേതാവുമായ ജീമോന്‍ ജോര്‍ജ്, സാബു ജേക്കബ് (സെക്രട്ടറി, സെന്റ് പീറ്റേഴ്‌സ് കത്തീഡ്രല്‍), കമാന്‍ഡര്‍ ജോബി ജോര്‍ജ് (സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ) തുടങ്ങിയ പ്രമുഖര്‍ പരേതന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

Share This Post