ഹിന്ദു ദേശീയത ഇന്ത്യയില്‍ രാഷ്ട്രീയ ശക്തിയായി ഉയരുന്നു

വാഷിംഗ്ടണ്‍ : ഇന്ത്യയില്‍ ഹിന്ദു ദേശീയത സമീപ കാലങ്ങളില്‍ രാഷ്ട്രീയ ശക്തിയായി ഉയര്‍ന്നുവരുന്നതായി യുഎസ് കണ്‍ഗ്രഷനല്‍ റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. ഇന്ത്യയുടെ മതേതരത്വ സ്വഭാവത്തിന് നേരെ ഉയരുന്ന വലിയൊരു ഭീഷിണിയാണിതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.

യുഎസ് കോണ്‍ഗ്രസിലെ ഇരുപാര്‍ട്ടികളുടേയും സ്വതന്ത്ര ഗവേഷണ വിഭാഗമായ കണ്‍ഗ്രഷണല്‍ റിസേര്‍ച്ച് സര്‍വ്വീസ് (സിആര്‍എസ്) 2018 ഓഗസ്റ്റില്‍ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്കു സെപ്റ്റംബര്‍ 13 വ്യാഴാഴ്ച വിതരണം ചെയ്തതിലാണ് യുഎസ് കോണ്‍ഗ്രസിന്റെ ആശങ്ക പ്രകടമാക്കിയിരിക്കുന്നത്.

ചില സംസ്ഥാനങ്ങളില്‍ നിലവിലുള്ള മതപരിവര്‍ത്തനത്തിന് എതിരായ നിയമങ്ങളും ഗോ സംരക്ഷണ നിയമങ്ങളും വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. ഭൂരിപക്ഷ വിഭാഗങ്ങളുടെ അക്രമ പ്രവര്‍ത്തനങ്ങളും ഇന്ത്യയില്‍ വര്‍ധിച്ചുവരുന്നു. മതേതര ഇന്ത്യയില്‍ ചില സര്‍ക്കാര്‍ ഇതര സംഘടനകള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ പോലും നിഷേധിക്കുന്നതായും ഭരണ ഘടനാവാഗ്ദാനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

സെപ്റ്റംബര്‍ ആറിന് ഡല്‍ഹിയില്‍ നടന്ന ഇന്‍ഡോ– യുഎസ് 2+2 ചര്‍ച്ചകള്‍ക്കു മുമ്പ് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കു വേണ്ടി സൗത്ത് ഏഷ്യന്‍ സ്‌പെഷ്യലിസ്റ്റ് അലന്‍ കോണ്‍സ്റ്റഡത്ത് ആണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയത്.

വന്‍ ജനസംഖ്യയുള്ള ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ബിജെപി ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിനു നേരെ ഉയര്‍ത്തിയിരിക്കുന്ന ഭീഷിണി യുഎസ്–ഇന്ത്യ ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഈ വിഷയം ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Share This Post