എസ്രാ മീറ്റ് 2018 ചിക്കാഗോയില്‍ ഉത്ഘാടനം ചെയ്തു

എസ്രാ മീറ്റ് 2018 ചിക്കാഗോയില്‍ ഉത്ഘാടനം ചെയ്തു

ചിക്കാഗോ: ചിക്കാഗോ രൂപതയിലെ ക്‌നാനായ റീജിയന്റെ ആഭിമുഖ്യത്തില്‍ ആത്മീയ പഠനശിബിരം (എസ്രാ മീറ്റ്) ആരംഭിച്ചു. റീജിയണിലെ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്ത ഈ ത്രിദിന നേതൃത്വ പഠന ക്യാമ്പ് സെപ്റ്റംബര്‍ 21,22 ,23 തീയതികളില്‍ ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ വച്ച് നടത്തപ്പെട്ടു.

റീജിയണിലെ വിവിധ ഇടവകകളില്‍ നിന്നും ആത്മീയ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നവരും വചനപ്രഘോഷണം രംഗത്ത് പ്രവര്‍ത്തിക്കുന്നവരും പ്രാര്‍ത്ഥന ഗ്രൂപ്പുകളുടെ നേതൃത്വ നിരയിലുള്ളവരുമാണ് ഈ ട്രെയിനിങ് പ്രോഗ്രാമില്‍ സംബന്ധിച്ചത്. ചിക്കാഗോ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ക്രിസ്റ്റീന്‍ ഡയറക്ടര്‍ സന്തോഷ് റ്റി, ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ റവ. ഫാദര്‍ തോമസ് മുളവനാല്‍, ഫാ. ബിന്‍സ് ചേത്തലില്‍, ജെന്‍സണ്‍ കൊല്ലാപറമ്പില്‍, ബിബി തെക്കനാട്ട്, റ്റോബി മണിമലേത്ത്, സ്റ്റീഫന്‍ പുതുപ്പള്ളി മ്യാലില്‍ തുടങ്ങിയവരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്കിയത്. റീജിയണിലെ വിവിധ മിനിസ്ട്രികളില്‍ നേതൃത്വം നല്‍കുന്നവരുടെ ആത്മീയ കൃപകള്‍ ഇടവകകളുടെ അജപാലന പ്രവര്‍ത്തനങ്ങള്‍ക്കും സഹായകമാകും വിധം പ്രയോജനപ്പെടുത്തുവാനും ആഗോള സുവിശേഷ വത്കരണത്തില്‍ പങ്കാളികളാകുവാനുള്ള പരിശീലനമാണിവിടെ നടന്നത്. കുട്ടികള്‍, യുവജനങ്ങള്‍, മാതാപിതാക്കള്‍ തുടങ്ങി മുതിര്‍ന്നവര്‍വരെയുള്ളവര്‍ക്കു വേണ്ടിയുള്ള പ്രത്യേക ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുവാന്‍ സഹായകമാവും വിധമുള്ള ക്ലാസുകളും വിഭാവന ചെയ്തിരുന്നു. ബൈബിള്‍ പഠനം, പ്രാര്‍ത്ഥനാ പരിശീലനം, വചന വ്യാഖ്യാന പരിശീലനം, ശില്‍പശാലകള്‍, സെമിനാറുകള്‍ എന്നിവ പഠനശിബിരത്തിന്റെ പ്രത്യേകതകളാണ്.

ക്‌നാനായ റീജിയന്റെ ആഭിമുഖ്യത്തില്‍ ഫോറോനാ തലത്തില്‍ നടന്നുവരുന്ന സെനക്കില്‍ മീറ്റുകള്‍ക്ക് പുറമേയാണ് റീജിയണല്‍ തലത്തിലുള്ള എസ്രാ മീറ്റ് നടത്തിയത്. സെപ്റ്റംബര്‍ 23 ഞായറാഴ്ച വൈകിട്ട് സമാപിച്ച ഈ ത്രിദിന സഗംമത്തില്‍ നിരവധിപേര്‍ പങ്കെടുത്തു. സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post