എക്യൂമെനിക്കല്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 23-ന്

ചിക്കാഗോ: പതിനഞ്ച് ദേവാലയങ്ങളുടെ ഐക്യവേദിയായ ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 23-നു ഞായറാഴ്ച വൈകുന്നേരം 5.30-നു ചിക്കാഗോ മാര്‍ത്തോമാ ദേവാലയത്തില്‍ വച്ചു നടക്കുമെന്ന് പ്രസിഡന്റ് റവ. ജോര്‍ജ് മത്തായി അറിയിച്ചു.

സുപ്രസിദ്ധ ചിന്തകനും, വാഗ്മിയും, മാര്‍ത്തോമാ വൈദീക സെമിനാരി മുന്‍ അധ്യാപകനും, ചിക്കാഗോ മാര്‍ത്തോമാ ദേവാലയ വികാരിയുമായ റവ. ഷിബി വര്‍ഗീസ് ആണ് മുഖ്യപ്രാസംഗീകന്‍. “പ്രവാസ ജീവിതത്തില്‍ വിശ്വാസത്തിന്റെ സാക്ഷാത്കാരം’ എന്നതാണ് ഈവര്‍ഷത്തെ പ്രസംഗ വിഷയം. പണ്ഡിതോജ്വലമായ ശൈലിയില്‍ ഷിബി അച്ചന്‍ അനുവാചക ഹൃദയങ്ങളെ വിശ്വാസതീക്ഷണതയുടെ ഉത്തുംഗശൃംഗങ്ങളില്‍ എത്തിക്കും. അതു പച്ചയായ പുല്‍പ്പുറങ്ങളിലൂടെ നടക്കുന്ന ആശ്വാസത്തിന്റെ ഒരു അനുഭവമായിരിക്കും. അത് ശ്രവിക്കുവാനും, പങ്കിടുവാനും ചിക്കാഗോയിലെ എല്ലാ വിശ്വാസികളും എത്തിച്ചേരണമെന്നു കണ്‍വന്‍ഷന്റെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന റവ.ഫാ. ഡാനിയേല്‍ ജോര്‍ജ് അറിയിച്ചു.

ജനറല്‍ കണ്‍വീനര്‍ ഷിജി അലക്‌സ്, വര്‍ഗീസ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ ഒരു കമ്മിറ്റിയും കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. 5.30 മുതല്‍ മാര്‍ത്തോമാ ദേവാലയ ക്വയര്‍ ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിക്കും.

റവ. ജോണ്‍ മത്തായി (പ്രസിഡന്റ്), റവ.ഫാ. ബിജുമോന്‍ ജേക്കബ് (വൈസ് പ്രസിഡന്റ്), ടീന തോമസ് (സെക്രട്ടറി), അച്ചന്‍കുഞ്ഞ് മാത്യു (ജോയിന്റ് സെക്രട്ടറി), ആന്റോ കവലയ്ക്കല്‍ (ട്രഷറര്‍) എന്നിവര്‍ ഈ സംഘടനയുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നു. ജോര്‍ജ് പണിക്കര്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post