ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി എന്‍ എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്കയും

ന്യൂയോര്‍ക്ക്: കേരളത്തിന്റെ പ്രളയ കെടുതിയില്‍ ആശ്വാസ പ്രവര്‍ത്തനങ്ങളുമായി എന്‍ എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രതിനിധികളും. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ ദുരിത മേഖലയിലും ദുരിതാശ്വാസ ക്യാമ്പുകളിലും നേരിട്ടെത്തി മരുന്ന്, തുണി, നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്തു. സതീഷ് കുമാര്‍, ശശി നായര്‍, രാജശ്രീ നായര്‍, എന്നിവരാണ് ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സഹായം നേരിട്ടെത്തിച്ചത്. സംഘടനയുടെ ചാരിറ്റി സംഘത്തി്ലെ ശ്യം പരമേശ്വരന്‍, ദാസ് രാജഗോപാലന്‍, സുജിത്ത് കെന്നോത്ത്, നീല്‍ മഹേഷ്, സുനില്‍പിള്ള, ശ്രീപ്രിയ നാരായണന്‍, ജയന്‍ മുളങ്കാട്, പ്രസാദ് പിള്ള എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
സര്‍ക്കാറിന്റേയും സന്നദ്ധ സംഘടനകളുടേയും പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായി നവ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിലും നിരവധി എന്‍ എസ് എസ് വോളണ്ടറീയര്‍മാര്‍ പങ്കാളികളായി. ആലപ്പഴ ചേപ്പാട് ദുരിതാശ്വാസ ക്യാമ്പില്‍ അടിയന്തരമായി ആവശ്യമായ മരുന്ന് സമയബന്ധിതമായി എത്തിക്കാന്‍ കഴിഞ്ഞത് എടുത്തു പറയേണ്ട കാര്യമാണെന്ന് എന്‍ എസ് എസ് ചാരിറ്റി ചെയര്‍ സതീഷ് നായര്‍ പറഞ്ഞു. ഡോ .സുബിന്‍ സോളമന്‍, ഡോ. അമൃത, ഡോ. മജ്ഞു ബാലഗോപാല്‍, ശ്രീ പ്രിയ മേനോന്‍ എന്നിവരുടെ സഹായത്തോടെയാണ് ഇത് സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.

പ്രളയ കെടുതിയില്‍ പെട്ടവരുടെ പുനരധിവാസത്തിനായി പ്രത്യേക കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് പ്രസിഡന്റ് സുനില്‍ നായര്‍ (ന്യുയോര്‍ക്ക്), വൈസ് പ്രസിഡന്റ് സിനു നായര്‍(ഫിലാഡല്‍ഫിയ),സെക്രട്ടറി സുരേഷ് നായര്‍ (മിന്നെസോട്ട), ട്രഷറര്‍ ഹരിലാല്‍ നായര്‍(ന്യൂയോര്‍ക്ക്)എന്നിവര്‍ അറിയിച്ചു.

എന്‍ എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്ക തുടക്കം മുതല്‍ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കുന്നുണ്ട്. അത് തുടരും. പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ടവരെ ഏതൊക്കെ രീതിയില്‍ സഹായിക്കാന്‍ കഴിയുമോ അതൊക്കെ ചെയ്യും. ബന്ധപ്പെട്ടവരുമായി ആലോചിച്ച് പദ്ധതി നടപ്പിലാക്കും. പ്രസിഡന്റ് സുനില്‍ നായര്‍ പറഞ്ഞു.

Share This Post