ഡാളസില്‍ കനത്ത മഴയും വെള്ളപ്പൊക്കവും, മൂന്നു മരണം

ഡാളസ്: ഡാളസ് ഫോര്‍ട്ട് വര്‍ത്തില്‍ ഇന്ന് (ശനിയാഴ്ച) രാവിലെ മുതല്‍ ആരംഭിച്ച കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്നു പേര്‍ മരിച്ചതായി ഫോര്‍ട്ട് വര്‍ത്ത് പോലീസ് അറിയിച്ചു.

രണ്ടു വാഹനങ്ങള്‍ വെള്ളപ്പാച്ചിലില്‍ അരുവിയേക്കു ഒഴുകിപ്പോയാണ് മാതാവും കുഞ്ഞും, അറുപതു വയസുകാരനും മുങ്ങിമരിച്ചത്. വീല്‍ബര്‍ഗറിനു സമീപം ലൂപ് 820 സര്‍വീസ് റോഡില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു മാതാവും കുഞ്ഞും സഞ്ചരിച്ച വാഹനം പെട്ടെന്നുള്ള വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയത്. സ്ഥലത്തെത്തിയ പോലീസ് ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രണ്ടുപേരുടേയും ജീവന്‍ രക്ഷിക്കാനായില്ല. വാഹനത്തില്‍ പിന്നീട് രണ്ടുപേരും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.

ഫോര്‍ട്ട് വര്‍ത്ത് ഓക് ഡെയ്‌ലിനും, സൗത്ത് ക്രാവല്‍സിനും സമീപം മറ്റൊരു വാഹനം വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയാണ് അറുപതുകാരന്‍ മരിച്ചത്. മരിച്ച മൂന്നുപേരുടേയും വിശദ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

രാവിലെ മുതല്‍ ആരംഭിച്ച കനത്ത മഴയ്ക്ക് വൈകുന്നേരത്തോടെ അല്പം ശമനമുണ്ടായി. ശനിയാഴ്ച കനത്ത മഴയുണ്ടാകുമെന്നു വെള്ളിയാഴ്ച തന്നെ നാഷണല്‍ വെതര്‍ സര്‍വീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മഴയെ തുടര്‍ന്നു പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധവും തകരാറിലായിട്ടുണ്ട്.

പി.പി. ചെറിയാന്‍

Share This Post