കോര്‍പ്പറേറ്റുകള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഗ്രാമീണ മേഖലകളിലേക്ക് വ്യാപിപ്പിക്കണം: മന്ത്രി എ. കെ. ശശീന്ദ്രന്‍

കോട്ടക്കല്‍ (17092018): സംസ്ഥാനത്തിന്റെ വികസനത്തിന് ആക്കം കൂട്ടണമെങ്കില്‍ ഗ്രാമീണ മേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി കോര്‍പ്പറേറ്റുകള്‍ സാമൂഹിക പ്രതിബദ്ധത ഫണ്ട് (സിഎസ്ആര്‍) ഉപയോഗിച്ചു നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഗ്രാമീണ മേഖലകളിലേക്ക് കൂടുതലായി വ്യാപിപ്പിക്കണം ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു. പ്രമുഖ വ്യവസായിയായ എന്‍. എ. മുഹമ്മദ് കുട്ടി (മമ്മൂട്ടി) നേതൃത്വം നല്‍കുന്ന എന്‍എഎംകെ ഫൗണ്ടേഷന്റെ കോട്ടക്കല്‍ ഓഫീസ് ഞായറാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മലപ്പുറം ജില്ലയിലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ എന്‍എഎംകെ ഫൗണ്ടേഷന്‍ രണ്ടാമത്തെ ഓഫീസ് കോട്ടക്കലില്‍ ആരംഭിച്ചു .

ഫുട്‌ബോള്‍ ക്ലബ്ബുകള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റുകളും മന്ത്രി ചടങ്ങില്‍ വിതരണം ചെയ്തു. അഞ്ചു ഫുട്‌ബോള്‍ ക്ലബ്ബുകള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റുകളും മന്ത്രി ചടങ്ങില്‍ വിതരണം ചെയ്തു. തൊഴിലധിഷ്ഠിത കോഴ്‌സുകള്‍/സംരംഭങ്ങള്‍/അവസരങ്ങള്‍, കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍/പ്രതിരോധ ക്യാമ്പുകള്‍ക്കും സ്ത്രീ ശാക്തീകരണത്തിനും ഒരു പോലെ ഊന്നല്‍ നല്‍കുന്ന എന്‍എഎംകെ ഫൗണ്ടേഷന്റെ പ്രവര്‍ത്തനത്തെ മന്ത്രി പ്രശംസിച്ചു.

മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് എന്‍എഎംകെ ഫൗണ്ടേഷന്‍ രണ്ടാമത്തെ ഓഫീസ് കോട്ടക്കലില്‍ (മുനിസിപ്പല്‍ ഓഫീസിന് എതിര്‍വശം) ആരംഭിച്ചത്.

ലക്ഷ്യം വികസിത മലപ്പുറം

മലപ്പുറത്തിന്റെ സമ്പൂര്‍ണമായ വികസനമാണ് ലക്ഷ്യമെന്ന് അധ്യക്ഷത വഹിച്ച മുഹമ്മദ് കുട്ടി പറഞ്ഞു. എന്‍എഎംകെ ഫൗണ്ടേഷന്‍ ജില്ലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് നൂതന കോഴ്‌സുകള്‍ ആരംഭിക്കും. കാന്‍സര്‍ ബാധിതരുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ജില്ലകളിലൊന്നായ മലപ്പുറത്ത് പാലിയേറ്റീവ് കെയര്‍, ബോധവല്‍ക്കരണ ക്ലാസ്സുകള്‍/ക്യാമ്പുകള്‍, സെമിനാറുകള്‍, ചികിത്സ സഹായങ്ങള്‍ എന്നിവ ലഭ്യമാക്കാനും ഫൗണ്ടേഷന്‍ പ്രത്യേക പരിഗണന നല്‍കും. സൗജന്യ കാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാംപ് ഒക്ടോബര്‍ 18ന് സംഘടിപ്പിക്കും. കൂടാതെ വിദ്യാഭ്യാസം, ആരോഗ്യം, കായികം മേഖലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും വിദ്യാഭാരതി ഗ്രൂപ്പിന്റെ മുഖ്യ രക്ഷാധികാരിയും ഡയറക്ടറുമായ മുഹമ്മദ് കുട്ടി പറഞ്ഞു.

എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി ടി. പി. പീതാംബരന്‍ മാസ്റ്റര്‍, കോട്ടക്കല്‍ നഗരസഭാ ചെയര്‍മാന്‍ കെ. കെ. നാസര്‍, കോട്ടക്കല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി. കബീര്‍, സിപിഐ (എം) ഏരിയ കമ്മിറ്റി മെമ്പര്‍ സി. രാജേഷ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി. പി. സുബൈര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Post