കോറല്‍സ്പ്രിംഗ് ദേവാലയത്തില്‍ ആരോഗ്യമാതാവിന്റെ തിരുനാള്‍

സൗത്ത് ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡയിലെ കോറല്‍സ്പ്രിംഗിലുള്ള ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കാത്തലിക് ഫൊറോന ദേവാലയത്തില്‍ ആരോഗ്യമാതാവിന്റെ തിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആഘോഷങ്ങളേക്കാളേറെ പ്രാര്‍ത്ഥനയ്ക്കും ദൈവാരാധനയ്ക്കും ദൈവവചന പ്രഘോഷണത്തിനും മുന്‍തൂക്കം കൊടുക്കുന്ന ഇരുപത്തിനാല് കുടുംബങ്ങളാണ് ഈ തിരുനാള്‍ ഏറ്റെടുത്തു നടത്തുന്ന പ്രസുദേന്തിമാര്‍.

ഓഗസ്റ്റ് 31 വെള്ളിയാഴ്ച മുതല്‍ ഒമ്പത് ദിവസത്തേക്ക് മാതാവിന്റെ നൊവേനയും പ്രത്യേക പ്രാര്‍ത്ഥനകളുമുണ്ടായിരിക്കുന്നതാണെന്നു ഫൊറോന ഇടവക വികാരി റവ.ഫാ. തോമസ് കടുകപ്പള്ളില്‍ അറിയിച്ചു. ദൈവ വചന പ്രഘോഷണത്തിന്റെ ഭാഗമായി തിരുനാള്‍ ഒരുക്കങ്ങളുടെ തുടക്കത്തില്‍ സെപ്റ്റംബര്‍ ഒന്നാം തീയതി ശനിയാഴ്ച രാവിലെ മുതല്‍ വൈകുന്നേരം 5 മണി വരെ റവ.ഫാ. ഡൊമിനിക് കൂട്ടിയാനി സി.എം.എഫ് നയിക്കുന്ന ഏകദിന ധ്യാനവും ദൈവാരാധനയുമുണ്ടായിരിക്കുമെന്നു കൈക്കാരന്മാരായ ബിനോയി, സ്കറിയ, മനോജ്, സക്കറിയ എന്നിവര്‍ അറിയിച്ചു.

സെപ്റ്റംബര്‍ ഏഴാം തീയതി വെള്ളിയാഴ്ച രജതജൂബിലിയും സുവര്‍ണ്ണജൂബിലിയും ആഘോഷിക്കുന്ന ദമ്പതികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനാദിനമായി കൊണ്ടാടുന്നതാണെന്നു ഇടവക സെക്രട്ടറി ലാലി ബെന്നി പാറത്തലയ്ക്കല്‍ അറിയിച്ചു. സെപ്റ്റംബര്‍ ഏഴിന് വെള്ളിയാഴ്ച വൈകിട്ട് 6.45-നു റവ.ഫാ. സിബി കൊച്ചീറ്റത്തോട്ട് തിരുനാള്‍ കൊടിയേറ്റം നടത്തുന്നതായിരിക്കും. സെപ്റ്റംബര്‍ എട്ടാംതീയതി വൈകുന്നേരം 5.15-നു റവ.ഫാ. സിബിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന റാസ കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്.

സെപ്റ്റംബര്‍ ഒമ്പതാം തീയതി ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് തിരുനാള്‍ കുര്‍ബാന രൂപതാ ചാന്‍സിലര്‍ റവ.ഫാ. ജോണിക്കുട്ടി പുലിശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്നതാണ്. തിരുനാള്‍ സന്ദേശം മോണ്‍ ജോര്‍ജ് പുതുശേരില്‍ നല്‍കുന്നതായിരിക്കും. തിരുനാള്‍ കുര്‍ബാനയ്ക്കുശേഷം സ്‌നേഹവിരുന്ന് ഉണ്ടായിരിക്കുന്നതാണെന്നു പ്രസുദേന്തിമാര്‍ അറിയിച്ചു.

സെപ്റ്റംബര്‍ പത്താംതീയതി തിങ്കഴാഴ്ച വൈകിട്ട് 7 മണിക്കുള്ള വി. കുര്‍ബാനയ്ക്കുശേഷമുള്ള കൊടിയിറക്ക് ചടങ്ങോടുകൂടി ഈവര്‍ഷത്തെ തിരുനാള്‍ സമാപിക്കുമെന്നു ഫൊറോന ഇടവക വികാരി തോമസ് കടുകപ്പള്ളില്‍ അച്ചന്‍ അറിയിച്ചു.

ജസി പാറത്തുണ്ടില്‍ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post