കൊളംബസ് സിങ്‌സ് ഫോര്‍ കേരള

ഒഹായോ: നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ നമ്മുടെ ജന്മനാടായ കേരളത്തിലെ ജനങ്ങള്‍ ശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം കുറച്ചുദിവസങ്ങളായി ദുരിതങ്ങള്‍ അനുഭവിച്ചുവരുന്നു. മൂന്നുറിലധികം പേര്‍ക്ക് ജീവനും ഒരുപാടു പേര്‍ക്ക് വീടും മറ്റു ജീവിതസാഹചര്യങ്ങളും നഷ്ടപ്പെട്ടു. നമുക്ക് ചിന്തിക്കാവുന്നതിലും അധികം നാശനഷ്ടങ്ങള്‍ കേരളത്തില്‍ ഇതിനോടകം സംഭവിച്ചുകഴിഞ്ഞു.

ഈ ദുഖകരമായ അവസരത്തില്‍ കേരളത്തിലെ പ്രളയബാധിതര്‍ക്ക് സാന്ത്വനമേകുവാന്‍ സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ കൊളംബസിന്റെ നേതൃത്വത്തില്‍ കൊളംബസ് പെന്തക്കോസ്തല്‍ അസംബ്ലി (സി.പി.എ), ഒ.എം.സി.സി, സെന്റ് എഫ്രേംസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് എന്നിവര്‍ സംയുക്തമായി “കൊളംബസ് സിങ്‌സ് ഫോര്‍ കേരള’ എന്ന പേരില്‍ ഒരു ചാരിറ്റി മ്യൂസിക്കല്‍ ഇവന്റ് ഒരുക്കുന്നു.

സെപ്റ്റംബര്‍ 22-നു ശനിയാഴ്ച രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ 3 മണി വരെ സെന്റ് ജോസഫ് മോണ്ടിസോറി സ്കൂളിന്റെ റയണ്‍ ഹാളില്‍ വച്ചാണ് ഇവന്റ് നടത്തപ്പെടുക. സംഗീതപരിപാടിക്ക് പുറമെ രുചിയേറിയ നാടന്‍ ഭക്ഷണമേള, തംബോല, ഓക്ഷന്‍ എന്നിവയും ഇവന്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും പ്രളയം മൂലം ഭവനം നഷ്ടപ്പെട്ട നിര്‍ധനരായ വ്യക്തികള്‍ക്ക് നല്‍കുന്നതാണ്.

പ്രകൃതി സൗന്ദര്യംകൊണ്ട് അനുഗ്രഹീതമായ ദൈവത്തിന്റെ സ്വന്തം നാട് എന്നു വിശേഷിപ്പിക്കുന്ന നമ്മുടെ കേരളത്തിന് ഈ ദുരന്തത്തില്‍ നിന്നും കരകയറുവാന്‍ നമ്മുടെയെല്ലാം സഹായം ആവശ്യമാണ്. എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ഇവന്റിന്റെ വിജയത്തിനായി പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Event Date: Saturday Sept.22
Time: 11 am to 3 pm
Palce: 893 Hamlet St. Colombus, OH 43201.

ജോയിച്ചന്‍ പുതുക്കുളം

Share This Post