കൊളംബസില്‍ തിരുന്നാള്‍ ഭക്തിനിര്‍ഭരമായി

ഒഹായോ: കൊളംബസ് സിറോ മലബാര്‍ മിഷന്‍െ മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുന്നാള്‍ സെപ്റ്റംബര്‍ 9നു ഭക്തിനിര്‍ഭരമായി കൊണ്ടാടി. മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ദേവസ്യ കാനാട്ട് തിരുന്നാള്‍ തിരു കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ഈ വര്‍ഷത്തെ തിരുന്നാള്‍ ഏറ്റെടുത്തു നടത്തിയത് 40 പ്രസുദേന്തിമാരായിരുന്നു.

അനേകായിരം സ്ത്രീകളില്‍ നിന്നും കന്യകാമറിയത്തെ ഈശോയുടെ അമ്മയായി തിരഞ്ഞെടുത്തതിന്റെ കാരണങ്ങള്‍ റെവ. ഫാദര്‍ ദേവസ്യ കാനാട്ട് വിവരിച്ചു. ഉത്ഭവ പാപമില്യാതെ ജനിച്ചു, യാതൊരു പാപവുമില്ല്യതെ ദൈവാനുസരണത്തില്‍ ജീവിച്ചു, പാപമില്യാതെ സ്വര്‍ഗത്തിലേക്ക് എടുക്കപെട്ട പരിശുദ്ധ കന്യക മറിയത്തെ ഇന്നത്തെ സമൂഹം മാതൃകയായി സ്വീകരിക്കേണ്ടതിന്റെ അത്യാവശ്യം അദ്ദേഹം ഇടവക സമൂഹത്തെ ഓര്‍മിപ്പിച്ചു.

തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ കൊളംബസ് കത്തോലിക്കാ രൂപതാ മെത്രാന്‍ മാര്‍ ഫ്രഡറിക് ഫ്രാന്‍സിസ് ക്യാമ്പെല്‍ വിശിഷ്ട അഥിതി ആയിരുന്നു. അദ്ദേഹം വേദോപദേശ ക്ലാസ്സുകളിലെ ഉന്നത വിജയികള്‍ക്കും, നൂറു ശതമാനം ഹാജരായവര്‍ക്കും, പിക്‌നിക്കിലെ വിജയികളായ “നീരാളി” ടീമിനും, കൊളംബസ് നാസറാണി ക്രിക്കറ്റ് കപ്പ് വിജയികളായ “കൊളംബസ് തണ്ടേഴ്‌സ്” ടീമിനും സമ്മാനങ്ങള്‍ വിതരണം ചെയ്തു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും മികവുറ്റ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. അതില്‍ എടുത്തുപറയേണ്ടതാണ് ബൈബിള്‍ നാടകങ്ങള്‍ ആയ കുട്ടികളുടെ “സിന്‍ ബോക്‌സ്”, മുതിര്‍ന്നവരുടെ “കിംഗ് സോളമന്‍’ എന്നിവ.

ഈ വര്‍ഷത്തെ കൊളംബസ് നസ്രാണി അവാര്‍ഡ് കരസ്ഥമാക്കിയ ബിനോയ് റപ്പായിയെ വേദിയില്‍ ആദരിച്ചു. പാരിഷ് കൌണ്‍സില്‍ കമ്മിറ്റി തീരുമാനിച്ചത് പോലെ വളരെ ചെലവ് ചുരിക്കിയാണ് ഇത്തവണത്തെ തിരുന്നാള്‍ നടത്തിയത്. അതിലൂടെ കുറച്ചു തുക കേരളത്തിലെ പ്രളയക്കെടുതി മൂലം ദുഃഖം അനുഭവിക്കുന്നരെ സഹായിക്കാനായി വിനയോഗിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്.

കൊളംബസില്‍ നിന്നും പി.ആര്‍.ഓ. റോസ്മി അരുണ്‍ അറിയിച്ചതാണ് ഈ വാര്‍ത്ത.

Share This Post